ഗൗരവമായെടുക്കണം, കൊച്ചിയിലെ കുടിവെള്ള ക്ഷാമം

കൊച്ചിയിൽ ആവശ്യത്തിനു വെള്ളം ലഭ്യമാവുന്നില്ലെങ്കിൽ നമ്മൾ പറയുന്ന ധാരാളിത്തം ആരും വിശ്വാസത്തിലെടുക്കണമെന്നില്ല
Representative image
Representative imageFreepik

ബംഗളൂരു നഗരത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള പ്രമുഖ ഐടി കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളെക്കുറിച്ച് ഏതാനും ദിവസം മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ധാരാളം വെള്ളവും കേരളത്തിലുണ്ട് എന്നതാണ് സംസ്ഥാനത്തിന്‍റെ മേന്മയായി പറയുന്നത്. ചെറുതും വലുതുമായ 44 നദികളുള്ള കേരളത്തിൽ വെള്ളം ഒരു പ്രശ്നമേയാവില്ലെന്നാണ് സംസ്ഥാന സർക്കാർ ഐടി കമ്പനികളോടു പറയുന്നത്. ബംഗളൂരുവിലെ ഇപ്പോഴത്തെ അവസ്ഥ വച്ച് വളരെ ശ്രദ്ധേയമായ വാഗ്ദാനമാണിത്. എന്നാൽ, സർക്കാർ വാഗ്ദാനം വിശ്വസിച്ച് കേരളത്തിലെ സാഹചര്യങ്ങൾ പരിശോധിക്കുന്ന ഐടി കമ്പനികൾക്ക് ഇതു ബോധ്യപ്പെടുക കൂടി വേണം. അതിന് ആദ്യം കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണം. കൊച്ചിയിൽ ആവശ്യത്തിനു വെള്ളം ലഭ്യമാവുന്നില്ലെങ്കിൽ നമ്മൾ പറയുന്ന ധാരാളിത്തം ആരും വിശ്വാസത്തിലെടുക്കണമെന്നില്ല.

കൊച്ചി നഗരത്തിന്‍റെ നിരവധി പ്രദേശങ്ങളിലാണു രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്. എന്തിന് ഇൻഫോ പാർക്കിൽ വരെ വെള്ളക്ഷാമ ഭീഷണിയുണ്ട്. വേനൽ കടുത്തതോടെ കുടിവെള്ള ലഭ്യത കുറഞ്ഞിരിക്കുന്നു. ഇൻഫോപാർക്കിലെയും കിൻഫ്രയിലെയും ഒക്കെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി ആവിഷ്കരിച്ച ജല പദ്ധതിയാണെങ്കിൽ സ്തംഭനാവസ്ഥയിലുമാണ്. ആലുവ തോട്ടുംമുഖത്തുനിന്നു പമ്പ് ചെയ്ത് പൈപ്പിട്ട് വെള്ളം എത്തിക്കുന്ന പദ്ധതി പ്രാദേശിക ‍എതിർപ്പു മൂലം മുടങ്ങിക്കിടക്കുകയാണ്. ജില്ലയുടെ പല ഭാഗത്തും ജലക്ഷാമം പതിവായ സാഹചര്യത്തിൽ പെരിയാറിൽ നിന്ന് ഈ പദ്ധതിക്കു വെള്ളമെടുത്താൽ ജനവാസ മേഖലകളിലെ ക്ഷാമം ഒന്നുകൂടി രൂക്ഷമാകുമെന്നതാണ് ജനങ്ങളുടെ ആശങ്ക. ഇൻഫോപാർക്കിലെ ജലക്ഷാമത്തിനു പരിഹാരം കാണാതിരുന്നാൽ ഇവിടെയുള്ള കമ്പനികൾ വിട്ടുപോകുന്നതു കാണേണ്ടിവന്നേക്കും. ബംഗളൂരുവിൽ നിന്ന് കമ്പനികളെ ഇങ്ങോട്ടു ക്ഷണിക്കുമ്പോഴാണ് ഈ യാഥാർഥ്യം മുന്നിൽ നിൽക്കുന്നത്.

67,000ൽ അധികം ആളുകൾ ഇൻഫോ പാർക്കിൽ ഇപ്പോൾ തന്നെ ജോലിചെയ്യുന്നുണ്ട്. ഇവിടെ ഇപ്പോൾ ലഭ്യമാവുന്ന വെള്ളം അത്യാവശ്യത്തിനു തികയുന്നില്ല. അടുത്ത ഏതാനും വർഷങ്ങൾക്കകം ഇൻഫോ പാർക്കിലെ ജീവനക്കാർ ഒരു ലക്ഷത്തിലേറെയാകും. അവരുടെ ആവശ്യം കൂടി കണക്കിലെടുക്കുമ്പോൾ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുക. ജലക്ഷാമം മൂലം കമ്പനികൾ ഇൻഫോ പാർക്കിൽ നിന്നു പോവുകയാണെങ്കിൽ സംസ്ഥാനത്തിന് അതു തിരിച്ചടിയാവും. ഇതൊഴിവാക്കാൻ എന്താണു പരിഹാരമെന്ന് അടിയന്തരമായി ആലോചിക്കേണ്ടിയിരിക്കുന്നു. ഭരണ- പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാക്കണം. ജനങ്ങളുടെ ആശങ്കകളും കണക്കിലെടുക്കണം.

ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും പുറത്തുനിന്ന് ആളുകൾ ധാരാളമായി വന്നുപോകുന്നതുമായ കൊച്ചിയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സമരം തുടങ്ങുമെന്ന് ഹൈബി ഈഡൻ എംപിയും എംഎൽഎമാരായ ടി.ജെ. വിനോദും ഉമ തോമസും വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച 190 എംഎൽഡി പ്ലാന്‍റിന്‍റെ പ്രവർത്തനം എൽഡിഎഫ് സർക്കാർ തുടർന്നുകൊണ്ടുപോയില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 232 കോടി രൂപയ്ക്ക് പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിക്ക് ഇപ്പോഴത്തെ നിലയിൽ 580 കോടി രൂപ ചെലവാകുമെന്നും അവർ പറയുന്നുണ്ട്. ഏതു സർക്കാരിന്‍റെ കാലത്ത് ആരംഭിച്ചതായാലും കുടിവെള്ള പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയില്ലെങ്കിൽ ജനസംഖ്യ കൂടിക്കൊണ്ടേയിരിക്കുന്ന വലിയ നഗരങ്ങളിൽ വെള്ളം കുടിക്കാനില്ലാതെ ആളുകൾ വലയുന്ന അവസ്ഥയുണ്ടാകും.

കൊച്ചി നഗരത്തിൽ പച്ചാളം, വടുതല, കലൂർ ഉൾപ്പെടെ പല പ്രദേശങ്ങളിലും വൈപ്പിൻ ഭാഗത്ത് എളങ്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലെ ചില പ്രദേശങ്ങളിലും ഉദയംപേരൂർ പഞ്ചായത്തിന്‍റെ ഭാഗങ്ങളിലും കളമശ്ശേരി ഭാഗത്തും നോർത്ത് പറവൂർ നഗരസഭാ പ്രദേശങ്ങളിലും കൊട്ടുവള്ളി, വരാപ്പുഴ, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാട്ടുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും കൊച്ചി ഭാഗത്ത് പശ്ചിമ കൊച്ചി, ചെല്ലാനം, കണ്ണമാലി എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണെന്നാണു റിപ്പോർട്ടുകൾ. കുടിവെള്ളം കിട്ടുന്നില്ലെന്നു പരാതി ഉയർന്നാൽ അതു പരിശോധിക്കാൻ പോലും ജല അഥോറിറ്റി തയാറാവുന്നില്ലെന്ന ആരോപണം ഗൗരവമുള്ളതാണ്. ആലുവയിലെ 15 വർഷം പഴക്കമുള്ള മോട്ടോർ മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടു നാളേറെയായിട്ടും നടപടിയുണ്ടായിട്ടില്ല. മരട് പ്ലാന്‍റിലെ ഒരു പമ്പ് കേടായി കിടക്കുന്നു. കുടിവെള്ള വിതരണത്തിനു പദ്ധതികൾ തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ടും ലഭിക്കുന്നില്ലെന്നാണു പരാതി ഉയരുന്നത്. നഗരത്തിലെ കുടിവെള്ള വിതരണത്തിലുണ്ടാവുന്ന അപര്യാപ്തകൾ അടിയന്തരമായി ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com