
രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിനു വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സിലിണ്ടറിന് 200 രൂപയുടെ കുറവാണുണ്ടാകുന്നത്. അതായത് ഇപ്പോൾ 1, 100 രൂപയ്ക്കു മുകളിലുള്ള പാചക വാതക സിലിണ്ടറിന് 1, 000 രൂപയിൽ താഴെയാവുന്നു. റോക്കറ്റ് പോലെ കുതിച്ചുകയറിയ വില അൽപ്പമെങ്കിലും ഇടിയുന്നു എന്നത് അത്രയും ആശ്വാസമാണ്. അതിനാൽ തന്നെ രാഷ്‌ട്രീയത്തിന് അപ്പുറമുള്ള പ്രസക്തി സാധാരണക്കാർക്ക് ഈ വിലക്കുറവിൽ ഉണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നേരത്തേ തന്നെ പ്രഖ്യാപിച്ച 200 രൂപയുടെ സബ്സിഡിയുണ്ട്. അതുകൂടിയാവുമ്പോൾ ഈ വിഭാഗക്കാർക്ക് 400 രൂപയുടെ കുറവാണ് ഒരു സിലിണ്ടറിന്മേൽ ഉണ്ടാവുന്നത്. ഉജ്വല യോജന പദ്ധതി പ്രകാരം പുതുതായി 75 ലക്ഷം ഗ്യാസ് കണക്‌ഷനുകൾ സൗജന്യമായി നൽകാനും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടിയാവുമ്പോൾ സൗജന്യമായി ഗ്യാസ് കണക്‌ഷൻ ലഭിച്ച പാവപ്പെട്ട കുടുംബങ്ങൾ പത്തു കോടിയിലേറെയാവും. 2016ൽ ആരംഭിച്ച ഉജ്വല യോജന പദ്ധതിയിൽ 2023 ജൂലൈ ഒന്നുവരെയുള്ള കണക്കിൽ 9.59 കോടി ഗുണഭോക്താക്കളുണ്ടെന്നാണ് പാർലമെന്‍റിന്‍റെ ഇക്കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ സർക്കാർ അറിയിച്ചിരുന്നത്.
കഴിഞ്ഞ വർഷം തുടർച്ചയായുണ്ടായ വില വർധനകൾക്കു ശേഷമാണ് ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില സിലിണ്ടറിന് ആയിരം രൂപ കടന്നത്. നേരിട്ട് ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്കു കൈമാറിയിരുന്ന സബ്സിഡി 2020-21 കാലഘട്ടം മുതൽ ഉജ്വല യോജന പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് ലഭിക്കാതായതുമാണ്. സബ്സിഡി നിന്നതിനു പിന്നാലെ വിലക്കയറ്റവും രൂക്ഷമായതോടെ എൽപിജി വിലക്കയറ്റം രാജ്യത്തെ മുഖ്യവിഷയമായി പ്രതിപക്ഷം ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. പാവപ്പെട്ടവർക്ക് പാചകവാതകം വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഉജ്വല യോജനയ്ക്കു തന്നെ എന്തു പ്രസക്തിയെന്ന ചോദ്യവും ഉയർന്നിരുന്നു. രാഷ്‌ട്രീയമായി ബിജെപിക്കെതിരേ പ്രതിപക്ഷത്തിനു കിട്ടിയ ആയുധമായി പാചക വാതക വില വർധന മാറിയിരിക്കുമ്പോഴാണ് ഇപ്പോഴത്തെ വിലയിടിവ്. അതും രാഷ്‌ട്രീയ ചർച്ചകൾക്കു വഴിവയ്ക്കുന്നതു സ്വാഭാവികമാണ്. കഴിഞ്ഞ ഒമ്പതു വർഷവും വില വർധിപ്പിച്ച സർക്കാർ ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണു വില കുറയ്ക്കുന്നത് എന്നത്രേ പ്രതിപക്ഷ ആരോപണം. അതേസമയം, ജനങ്ങൾക്കു പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ- ഓണം സമ്മാനമാണ് ഈ വിലക്കുറവ് എന്നാണു സർക്കാർ അവകാശപ്പെടുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്ക് ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. അതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ലോക്സഭാ തെരഞ്ഞെടുപ്പായി. വോട്ടിനു വേണ്ടി ജനങ്ങളെ സമീപിക്കാനുള്ള സമയം വന്നപ്പോൾ വില കുറയ്ക്കുന്ന തന്ത്രം വോട്ടർമാർക്കിടയിൽ വിലപ്പോവില്ലെന്ന് കോൺഗ്രസ് നേതാക്കൾ സർക്കാരിനെ ഓർമിപ്പിക്കുന്നുണ്ട്. ഇത്രകാലവും കൊള്ള വില വാങ്ങിയവരാണ് ഇപ്പോൾ സൂത്രപ്പണിയുമായി വന്നിരിക്കുന്നതെന്നാണ് അവരുടെ വാദം. എന്നാൽ, പാചക വാതക വില കുറച്ചതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഏറെ വൈകാതെ പെട്രോൾ, ഡീസൽ വിലയും കുറയ്ക്കുമെന്ന അഭ്യൂഹവും അതിനിടെ പ്രചരിക്കുന്നുണ്ട്. അതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തന്നെയാണ്. കടുത്ത വിലക്കയറ്റത്തിന്‍റെ പിടിയിലാണു സമീപകാലത്തു രാജ്യമുള്ളത്. ജൂലൈയിലെ നാണയപ്പെരുപ്പം ഏഴു ശതമാനത്തിനു മുകളിലാണ്. 15 മാസത്തിനിടയിൽ ഇത്രയും വിലക്കയറ്റം ആദ്യം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇന്ധന വില കുറയ്ക്കുന്നതടക്കം നടപടികൾ സ്വീകരിക്കേണ്ടത് രാഷ്‌ട്രീയമായി ബിജെപിക്ക് അത്യാവശ്യമാണ് എന്ന അഭിപ്രായം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ എൽപിജി വില കുറയുന്നതും. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 100 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡ് ഓയിലിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വില കുറഞ്ഞുവരികയാണു ചെയ്തത്. ബാരലിന് ശരാശരി 80 ഡോളർ എന്ന നിലയിലേക്കു വില കുറഞ്ഞു. നാം ഇപ്പോൾ വാങ്ങുന്ന ക്രൂഡിന്‍റെ നല്ലൊരു ഭാഗം റഷ്യയിൽ നിന്നാണ്. അതിനാവട്ടെ 80 ഡോളർ പോലും വിലയാവുന്നില്ല. ഈ സാഹചര്യത്തിൽ നേരത്തേ തന്നെ വില കുറയ്ക്കാമായിരുന്നതാണ് എന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
അതെന്തായാലും എൽപിജി വില കുറഞ്ഞു എന്നതും പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കാമെന്നതും വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആശ്വാസകരമായ റിപ്പോർട്ടുകളാണ്. രാജ്യത്ത് ഗ്രാമീണ മേഖലകളിലെ 50 ശതമാനത്തോളം വീടുകളിലും നഗരങ്ങളിലെ 89 ശതമാനത്തോളം വീടുകളിലും അടുക്കളയിൽ എൽപിജിയാണ് ഉപയോഗിക്കുന്നതെന്ന് അടുത്തിടെ നാഷണൽ സാംപിൾ സർവെ ഓഫിസ് (എൻഎസ്എസ്ഒ) റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. പാചക വാതക വില കൂടുന്നതും കുറയുന്നതും എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ കണക്കിൽ നിന്നു വ്യക്തം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലും ഇന്ധന വില പ്രധാന വിഷയം തന്നെയാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പാവപ്പെട്ടവർക്കുള്ള എൽപിജി വില അധിക സബ്സിഡി അനുവദിച്ച് ഗെഹ്‌ലോട്ട് സർക്കാർ ഫലത്തിൽ 500 രൂപയാക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ 500 രൂപയ്ക്ക് എൽപിജി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഇതൊന്നും കാണാതിരിക്കാൻ കേന്ദ്ര സർക്കാരിനും കഴിയില്ല എന്നു വരുന്നു. അമിത വിലയിൽ നിന്നുള്ള മോചനം എങ്ങനെയായാലും ജനങ്ങൾക്ക് ആശ്വാസം തന്നെ.