മഹാരാജാസിനെ അസ്വസ്ഥമാക്കരുത് | മുഖപ്രസംഗം

എത്രയും വേഗം ഇത്തരം പ്രവണതകളിൽ നിന്ന് ഈ കലാലയത്തെ മുക്തമാക്കേണ്ടതുണ്ട്.
മഹാരാജാസിനെ അസ്വസ്ഥമാക്കരുത് | മുഖപ്രസംഗം

രാജ്യത്തെ ഏറ്റവും പഴക്കമേറിയ കലാലയങ്ങളിലൊന്നാണ് എറ‍ണാകുളം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മഹാരാജാസ് കോളെജ്. അക്കാഡമിക് രംഗത്ത് നിരവധി പൊൻതൂവലുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ കലാലയം. രാജ്യത്തിന് അഭിമാനമായ ധാരാളം വിശിഷ്ട വ്യക്തികളെ വാർത്തെടുത്ത പ്രശസ്തമായ ഈ കോളെജ് വിദ്യാർഥി രാഷ്‌ട്രീയത്തിന്‍റെ അപലപനീയമായ ചില പ്രവണതകൾ ആവർത്തിച്ച് മോശം വാർത്തകളിൽ നിറയുന്നു എന്നതു നിരാശാജനകമാണ്. കഴിഞ്ഞ ദിവസങ്ങളിലെ വിദ്യാർഥി സംഘർഷങ്ങളെത്തുടർന്ന് കോളെജ് ഇപ്പോൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. അക്രമ രാഷ്‌ട്രീയവുമായി ഒരുപറ്റം വിദ്യാർഥികൾ കളത്തിലിറങ്ങുന്നത് മറ്റു വിദ്യാർഥികളുടെയെല്ലാം പഠനം മുടക്കുന്ന സ്ഥിതിയുണ്ടാവുകയാണ്. കോളെജിലെ സമാധാന അന്തരീക്ഷം തകർക്കപ്പെടുന്നത് വിദ്യാർഥി രാഷ്‌ട്രീയത്തിലുള്ളവർക്കടക്കം സുരക്ഷാഭീഷണിയും ഉയർത്തുന്നു. എത്രയും വേഗം ഇത്തരം പ്രവണതകളിൽ നിന്ന് ഈ കലാലയത്തെ മുക്തമാക്കേണ്ടതുണ്ട്.

രാഷ്‌ട്രീയം പറഞ്ഞു തമ്മിലടിക്കാനും വെട്ടാനും കുത്താനും പോരുവിളിക്കാനുമാവരുത് വിദ്യാർഥികൾ കോളെജുകളിൽ പോകുന്നത്. ആരും അവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യരുതാത്തതാണ്. പുറത്തുനിന്നുള്ള അക്രമികളുടെ സഹായത്തോടെ വിദ്യാർഥികളെ ആക്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണ്ട് കർശന നടപടികളെടുത്തില്ലെങ്കിൽ ഏതു കലാലയമായാലും അവിടുത്തെ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കും. ജീവനു വില കൽപ്പിക്കാത്ത ഒന്നും ഒരു മനുഷ്യ സമൂഹത്തിനും അംഗീകരിക്കാനാവില്ല. സംഘം ചേർന്ന് വെട്ടിയും കുത്തിയും ആളുകളെ കൊല്ലാനും ആശുപത്രികളിലാക്കാനും വിദ്യാർഥി സംഘടനാ നേതാക്കൾക്ക് ആരാണു ലൈസൻസ് കൊടുത്തിരിക്കുന്നത്. ആരാണ് അവരെ പിന്തുണയ്ക്കുന്നത്. അങ്ങനെയുള്ളവർക്കെതിരേയും നടപടിയുണ്ടാവണം. എങ്കിലേ അക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ.

കോളെജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ കുത്തിപ്പരുക്കേൽപ്പിച്ച കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അക്രമികൾ മാരകായുധങ്ങളുമായി ക്യാംപസിലെത്തി യൂണിറ്റ് സെക്രട്ടറിയെ വധിക്കാനാണു ശ്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിക്കുന്നുണ്ട്. പരിശീലനം ലഭിച്ച ക്രിമിനലുകൾ സംഘത്തിലുണ്ടായിരുന്നുവെന്നാണു പറയുന്നത്. സാരമായി പരുക്കേറ്റ നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. നാടകോത്സവത്തിന്‍റെ ചുമതലക്കാരനായിരുന്ന നാസർ അർധരാത്രിയോടെ നാടക പരിശീലനത്തിനു ശേഷം ഇറങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായതും കുത്തേറ്റതും. ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ക്യാംപസ് കലാപഭൂമിയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അധ്യാപകനെതിരായ ആക്രമണമെന്ന് ആരോപിച്ച എസ്എഫ്ഐ വിദ്യാർഥികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇരുവിഭാഗത്തിലെയും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെയും സംഘർഷമുണ്ടായി. ക്യാംപസിലെ ഏറ്റുമുട്ടലിൽ പരുക്കേറ്റ വിദ്യാർഥികളെ കൊണ്ടുപോകുന്ന ആംബുലൻസിൽ കയറി എസ്എഫ്ഐക്കാർ മർദിച്ചെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. ‌

ഇതേ ക്യാംപസിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് 2018ൽ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിന്‍റെ ജീവനെടുത്ത കൊടുംക്രൂരകൃത്യത്തിനു കാരണമായത്. ആദർശങ്ങളുടെ പേരിൽ സഹപാഠികളെ ശത്രുക്കളായി കാണുന്ന അക്രമിസംഘങ്ങളുടെ നിയന്ത്ര‍ണത്തിലായാൽ കലാലയ രാഷ്‌ട്രീയം എന്തുമാത്രം അപകടകരമാവാം എന്ന് അഭിമന്യുവിന്‍റെ കൊലപാതകം വ്യക്തമാക്കുന്നുണ്ട്. അതിനുശേഷവും കലാലയാന്തരീക്ഷം സംഘർഷഭരിതമാവുന്നത് ആവർത്തിക്കുന്നതാണു കാണുന്നത്. ക്രിമിനലുകളുടെ താവളമായി മഹാരാജാസ് കോളെജിനെ എന്നല്ല സംസ്ഥാനത്തെ ഒരു കലാലയത്തെയും മാറ്റാൻ അനുവദിക്കരുത്. വളരെ കുറച്ചു പേർ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾ മിടുക്കരായ അനേകം വിദ്യാർഥികളുടെ പഠനം തടസപ്പെടുത്തുന്നതും അനുവദിച്ചുകൂടാ. സമാധാനപരമായ ക്യാംപസിനു ഭീഷണി ഉയർത്തുന്നവർ ആരായാലും അവർക്കെതിരേ മുഖംനോക്കാതെയുള്ള നടപടിയാണ് ആവശ്യം. കോളെജ് അധികൃതരും പൊലീസും സർക്കാരും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com