അന്ത്യം കുറിക്കണം, മാവോയിസ്റ്റ് ഭീഷണിക്ക് |മുഖപ്രസംഗം

മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ടിവരുന്ന പണവും അധ്വാനവും നമുക്ക് ഒഴിവാക്കാനാവാത്ത ബാധ്യതയായി മാറിയിരിക്കുന്നു എന്നതാണു യാഥാർഥ്യം.
അന്ത്യം കുറിക്കണം, മാവോയിസ്റ്റ് ഭീഷണിക്ക് |മുഖപ്രസംഗം

വയനാട്, കണ്ണൂർ ജില്ലകളിലെ വനപ്രദേശങ്ങളിൽ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള വാർത്തകൾ സമീപകാലത്തു വർധിച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപാണ് വയനാട് പെരിയയ്ക്കു സമീപം ഏറ്റുമുട്ടലിനും വെടിവയ്പ്പിനും ശേഷം രണ്ടു മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് പിടികൂടിയത്. എകെ 47 തോക്ക് അടക്കം ആയുധങ്ങൾ ഇവരിൽനിന്നു കണ്ടെടുത്തിരുന്നു. അഞ്ചു പേർ സംഘത്തിലുണ്ടായിരുന്നുവെന്നും മൂന്നു പേർ കാടിനുള്ളിലേക്ക് ഓടിരക്ഷപെട്ടു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. അതിനു മുൻപ് കണ്ണൂർ ആറളം വന മേഖലയിലും മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരേ അവർ വെടിയുതിർക്കുകയായിരുന്നു. അഞ്ചംഗ സായുധ സംഘമാണ് വനം വകുപ്പ് വാച്ചർമാർക്കു നേരേ ആക്രമണത്തിനു തുനിഞ്ഞത്. വയനാട്ടിലെ കമ്പമലയിൽ വനം വകുപ്പ് ഓഫിസിനു നേരേ ആക്രമണമുണ്ടായത് ഏതാണ്ട് ഒന്നര മാസം മുൻപാണ്. ആറംഗ സായുധ സംഘമായിരുന്നു ആ ആക്രമണത്തിൽ ഉണ്ടായിരുന്നതെന്നാണു നിഗമനം.

ഇതിനെല്ലാം തുടർച്ചയായാണ് ഇന്നലെ കണ്ണൂർ അയ്യൻകുന്ന് ഉരുപ്പുംകുറ്റി വനമേഖലയിൽ വീണ്ടും മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയത്. വനത്തിൽ പട്രോളിങ് നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിനു നേരേ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തണ്ടർബോൾട്ട് തിരിച്ചു വെടിവച്ചപ്പോൾ രണ്ടു മാവോയിസ്റ്റുകൾക്കു വെടിയേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. വെടിവയ്പ്പു നടന്ന സ്ഥലത്തുനിന്ന് മാവോയിസ്റ്റുകളുടെ തോക്കുകൾ കണ്ടെടുത്തതായും പറയുന്നു. കൂടുതൽ പൊലീസ് സ്ഥലത്തെത്തുകയും വനമേഖലയിൽ തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തിരിക്കുകയാണ്.

വയനാട്ടിലെ ഏറ്റുമുട്ടലിൽ നിന്നു രക്ഷപെട്ട ചിലർ കണ്ണൂരിലെ വനമേഖലയിലേക്കു കടന്നിട്ടുണ്ടാകാമെന്ന അഭ്യൂഹങ്ങൾക്കു ശക്തി പകരുന്ന വിധത്തിലാണ് ഇന്നലത്തെ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. വയനാടിനോടും കർണാടകയോടും ചേർന്നു കിടക്കുന്നതാണ് ഏറ്റുമുട്ടലുണ്ടായ ഈ പ്രദേശം. മാവോയിസ്റ്റ് സാന്നിധ്യം നേരത്തേ നിലനിന്നിരുന്ന പ്രദേശവുമാണിത്. വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളെ നേരിടാനുള്ള ശ്രമം കേരളം തുടങ്ങിയിട്ടു വർഷങ്ങളായി. വയനാട്ടിൽ തന്നെ പല തവണ പൊലീസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ടിവരുന്ന പണവും അധ്വാനവും നമുക്ക് ഒഴിവാക്കാനാവാത്ത ബാധ്യതയായി മാറിയിരിക്കുന്നു എന്നതാണു യാഥാർഥ്യം.

കണ്ണൂർ, വയനാട് വനമേഖലകളിൽ മാവോയിസ്റ്റുകൾ പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നു നേരത്തേ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതായി സൂചനകളുണ്ട്. കേരളവും തമിഴ്നാടും കർണാടകയും കേന്ദ്ര ഏജൻസികളും ചേർന്നുള്ള മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞു കേട്ടിരുന്നു. എന്തായാലും തീവ്രവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നതുകൊണ്ടു തന്നെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെയും ന്യായീകരിക്കാൻ കഴിയില്ല. ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണി ഉയർത്തുന്നതാണ് ഏതു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും. എത്രയും വേഗം കേരളം നക്സൽ വിമുക്തമാകണം എന്നു തന്നെയാണു ജനങ്ങൾ ആഗ്രഹിക്കുക. അതിനുള്ള പ്രവർത്തനങ്ങൾ ജനപിന്തുണയോടെ ഊർജിതമാക്കാൻ പൊലീസിനും സർക്കാരിനും കഴിയണം. ഛത്തിസ്ഗഡിലും ആന്ധ്രയിലും തെലങ്കാനയിലുമൊക്കെയുണ്ടായതുപോലുള്ള നക്സൽ ഭീഷണിയിലേക്കു കേരളവും നീങ്ങുന്നതു തടയുക തന്നെ വേണം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തു മൊത്തത്തിലുള്ള മാവോയിസ്റ്റ് തീവ്രവാദം നിയന്ത്രിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീന മേഖലകൾ വളരെ ചുരുങ്ങിക്കഴിഞ്ഞതായും നക്സലുകളെ നേരിടാൻ നിയോഗിക്കപ്പെട്ട സേനകളുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. കൊടും വനങ്ങളുടെ അകത്തു വരെ താവളങ്ങൾ തുറന്നുകൊണ്ട് സേനകൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നക്സലുകളെ അവരുടെ കേന്ദ്രത്തിൽ വച്ചു തന്നെ ഇല്ലാതാക്കുന്നതിനു സഹായിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. ഒരു പതിറ്റാണ്ടിനിടെ മാവോയിസ്റ്റ് ആക്രമണങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടയിലും കേരളത്തിൽ ഭീഷണി വർധിക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com