
'മണൽത്തരിയോളം ചെറുതാണു ഞാൻ'
സഹ്യസാനു എന്നാണല്ലോ പ്രയോഗം. സാനു എന്ന രണ്ടക്ഷരത്തിന് കൊടുമുടി എന്നാണർഥം. ഉന്നതമായ ആ സ്ഥാനത്തിരുന്നു സ്വന്തം നാമത്തെ അന്വർഥമാക്കിയ മഹാവ്യക്തിത്വമായിരുന്നു പ്രൊഫ. എം.കെ. സാനു. മലയാളത്തിന്‍റെ സാഹിത്യ- സാംസ്കാരിക- അധ്യാപന- രാഷ്‌ട്രീയ- നിരൂപണ- പ്രഭാഷണ- ജീവചരിത്ര മേഖലകളിൽ ഏതെടുത്താലും അവിടെയെല്ലാം സാനു മാഷ് നിറഞ്ഞുനിന്നിരുന്നു.
ബഹുമുഖ പ്രതിഭ എന്നൊക്കെ ഒരു ബഹുമാനത്തിനായി പലരെയും നാം വിശേഷിപ്പിക്കാറുണ്ട്. പക്ഷേ എം.കെ. സാനു അക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു. ആ വിശേഷണം മാഷിന് കൊടുത്താൽ അതുപോലും നാണിക്കും. കുമാരനാശാനും വള്ളത്തോളും ചങ്ങമ്പുഴയും കുട്ടികൃഷ്ണ മാരാരും വൈക്കം മുഹമ്മദ് ബഷീറും ജോസഫ് മുണ്ടശേരിയുമൊക്കെ നിറഞ്ഞാടിയ സാഹിത്യഭൂമിയിൽ അവരെയൊക്കെ പഠിച്ചും വിശകലനം ചെയ്തും എം.കെ. സാനു പിന്നീടു തന്‍റേതായ വഴിയാണു തുറന്നത്.
നവോത്ഥാന കേരളത്തിന്‍റെ നാവായിരുന്നു പ്രൊഫ. എം.കെ. സാനു. അധ്യാപകനും നിരൂപകനും പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരുമൊക്കെയായി കേരളത്തിന്‍റെ സംസ്‌കാരിക- സാഹിത്യ- അധ്യാപന ഭൂമികയിൽ നിറഞ്ഞുനിന്ന അദ്ദേഹം 98ാം വയസിലും സജീവമായിരുന്നു. നന്മകൾ ചെയ്തും നല്ലതു ചെയ്യാൻ നാട്ടുകാരെ പ്രേരിപ്പിച്ചും എളിമയുടെ പ്രതീകമായി സംസ്‌കാരിക രംഗത്തു പ്രവർത്തിച്ചു.
''ഒരു മണൽത്തരിയോളം ചെറുതാണു ഞാൻ'' എന്ന് പ്രസംഗങ്ങളിൽ ആവർത്തിച്ചു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ആരാകാനാണ് ആഗ്രഹം എന്നെഴുതി നൽകാൻ ആവശ്യപ്പെട്ട അധ്യാപകന് എട്ടാം ക്ലാസുകാരൻ കടലാസിൽ എഴുതി നൽകിയത് കുമാരാനാശാന്‍റെ നളിനി എന്ന കാവ്യത്തിലെ വരികളായിരുന്നു. അത് ഇപ്രകാരമായിരുന്നു: ''അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ''.
ആലപ്പുഴ സനാതന ധർമ ഹൈസ്‌കൂളിൽ അധ്യാപകനായി തൊഴിൽ ജീവിതമാരംഭിച്ചു. പ്രസംഗത്തിലേക്കും എഴുത്തിലേക്കുമൊക്കെയുള്ള കടന്നുവരവ് യാദൃച്ഛികമായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അധ്യാപകനായിരുന്ന കാലമാണെന്നും, 20ാം വയസില്‍ അധ്യാപകനായി ചേർന്ന്, പിന്നെ 40 വര്‍ഷത്തോളം പഠിപ്പിക്കാന്‍ കഴിഞ്ഞതില്‍പ്പരം ഭാഗ്യവും സന്തോഷവും വേറെയൊന്നുമില്ലെന്നും 93ാം പിറന്നാൾ ദിനത്തിൽ അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴ തുമ്പോളി എസ്എൻഡിപി ശാഖയിൽ തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയ ചർച്ചയിലായിരുന്നു ആദ്യ പ്രസംഗം. സാഹിത്യസംഘം രണ്ടായി പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗത്തിന്‍റെ എഴുത്തുരൂപമായിരുന്നു ആദ്യ ലേഖനം. സിപിഎം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ പ്രസിഡന്‍റായിരിക്കെ രാഷ്‌ട്രീയത്തിലെത്തി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി. കോൺഗ്രസിന്‍റെ പ്രമുഖ നേതാവായ എ.എൽ. ജേക്കബിനെതിരേ അട്ടിമറി വിജയം നേടി. ഇ.എം.എസ് നിർബന്ധിച്ചതിനാലാണ് സ്ഥാനാർഥിയായത്. പിന്നീടു കക്ഷിരാഷ്‌ട്രീയത്തിൽ നിന്നെല്ലാം അകന്നു.
അധ്യാപകനായും നിരൂപകനായും പ്രഭാഷകനായും ജീവകാരുണ്യ പ്രവർത്തകനായും സാംസ്‌കാരിക പ്രവർത്തകനായുമെല്ലാം പല മുഖങ്ങളിൽ അദ്ദേഹം എത്തി. എറണാകുളം നഗരമായിരുന്നു മുഖ്യ കർമ മണ്ഡലം. എ.കെ. ആന്‍റണി, മമ്മൂട്ടി, വയലാർ രവി, അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ തുടങ്ങി ഒട്ടേറെ പ്രമുഖ ശിഷ്യഗണങ്ങൾ. വൈക്കം മുഹമ്മദ് ബഷീർ, പി.കെ. ബാലകൃഷ്ണൻ, സി.ജെ. തോമസ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫ. തുറവൂർ വിശ്വംഭരൻ, ഡോ. എം. ലീലാവതി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, എം. കൃഷ്ണൻ നായർ, ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ അടക്കമുള്ളവരുമായി ആഴത്തിലുള്ള സൗഹൃദം.
1958ലാണ് ആദ്യ പുസ്തകം - അഞ്ചു ശാസ്ത്ര നായകന്മാര്‍ - പ്രസിദ്ധീകരിച്ചത്. കാറ്റും വെളിച്ചവും (1960) ആയിരുന്നു ആദ്യ വിമർശന കൃതി. പിന്നീടു വിമർശനത്തിൽ നിന്നും നിരൂപണത്തിൽ നിന്നും ജീവിചരിത്ര രചനകളിലേക്കു കടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ- ഏകാന്തവീഥിയിലെ അവധൂതൻ, സഹോദരൻ കെ. അയ്യപ്പൻ, പി.കെ. ബാലകൃഷ്ണനെപ്പറ്റി ഉറങ്ങാത്ത മനീഷി തുടങ്ങി ഒട്ടേറെ കൃതികൾ പിറന്നു. ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി 'അസ്തമിക്കാത്ത വെളിച്ചം', 'യുക്തിവാദി എം.സി. ജോസഫ്' തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്.
കുമാരനാശാന്‍റെ കവിതകളെപ്പറ്റി ആഴത്തിൽ പഠനം നടത്തി. 'കുമാരനാശാന്‍റെ നളിനി- വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി' അടക്കം നിരവധി കൃതികൾ സാനു മാഷിന്‍റേതായുണ്ട്. 'കർമ്മഗതി'യാണ് ആത്മകഥ.
98ാം വയസിലും ശാരീരിക അവശതകൾ മാറ്റിവച്ച് സഹോദരൻ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവർത്തകയുമായിരുന്ന തപസ്വിനി അമ്മയെപ്പറ്റി 'തപസ്വിനി അമ്മ- അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി' എന്ന പുസ്തകം രചിച്ചു. കൊവിഡ് കാലത്തു ലോക്ഡൗണില്‍ പുറത്തു പോകാൻ കഴിയാതെ വിഷാദാവസ്ഥയിലേക്കു പോയപ്പോൾ വീട്ടിലിരുന്ന് കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്ര പഠനം എഴുതിത്തീർത്തു.
ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ഏറ്റവും ബൃഹത്തായ ജീവചരിത്രം എഴുതിയത് സാനു മാഷാണ്. അതിനായി അദ്ദേഹം നടത്തിയ പഠനങ്ങൾക്കും അതിനു പിന്നിലെ ശ്രമങ്ങൾക്കും വളരെ വലിയ അധ്വാനം തന്നെയുണ്ടായിരുന്നു. ഈശ്വരതുല്യമായിരുന്നു ആ ജീവിതം. ഋഷിതുല്യമായിരുന്നു ആ ചിന്തകൾ. സകല നന്മകളുടെയും ഉറവിടമായി ഭൂമിയിൽ ജീവിച്ച് ജീവന്മുക്തനായ സാനു മാഷിന് ഒരു പുനർജന്മം ഉണ്ടാകാൻ സാധ്യതയില്ലെന്നു വേണം സനാതന ധർമത്തിന്‍റെ അടിസ്ഥാനത്തിൽ നാം കരുതേണ്ടത്. ആ ആത്മാവിനു നിത്യശാന്തി നേരുന്നു.