ലജ്ജിക്കണം, ആൾക്കൂട്ട കൊലപാതകത്തിൽ

ഒരു സംഘം യുവാക്കളാണ് സമത്വവും സഹജീവി സ്നേഹവുമൊക്കെ മറന്ന് നിസഹായനായ ഒരു മനുഷ്യനെ കണ്ണിൽ ചോരയില്ലാതെ മർദിച്ചു കൊന്നത്
Editorial on mob lynching

മൂലത്തറ കൊലയാളികൾ 

Updated on: 

ആൾക്കൂട്ട കൊലപാതകം എന്ന കൊടുംക്രൂരകൃത്യം കേരളത്തിൽ വീണ്ടും ആവർത്തിച്ചിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പാവം മനുഷ്യനെ തല്ലിക്കൊന്നവർക്കു മനസ്സാക്ഷിയെന്നതു കേട്ടറിവു പോലുമുണ്ടെന്നു തോന്നുന്നില്ല. സംസ്കാര സമ്പന്നരെന്നു സ്വയം അഭിമാനിക്കുന്ന കേരളീയർക്ക് നാണിച്ചു തലതാഴ്ത്തേണ്ടിവരുന്ന ഇത്തരം പൈശാചിക കൃത്യങ്ങൾ ആവർത്തിക്കുന്നു എന്നതാണു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം. നിയമത്തെയും നിയമപാലകരെയും ഒന്നും ഇത്തരം അക്രമികൾക്കു യാതൊരു ഭയവുമില്ല. നിയമം കൈയിലെടുത്ത് അമ്മാനമാടാൻ അവർക്കൊരു ഹരമാണ്. ഇത്തരക്കാരെ കർശനമായി നേരിട്ടില്ലെങ്കിൽ നാം എങ്ങനെയാണു പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുക.

പാലക്കാട് മീനാക്ഷിപുരം മൂലത്തറയിൽ മാനസികാസ്ഥാസ്ഥ്യമുള്ള അജ്ഞാതനായ യുവാവിനെ ഏതാനും പേർ ചേർന്നു മർദിച്ചു കൊലപ്പെടുത്തിയത് നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംസാരശേഷിയില്ലെന്നു സംശയിക്കുന്ന തമിഴ്നാട് സ്വദേശിയാണ് ഇയാളെന്നാണു കരുതുന്നത്. സംഭവമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് ഈ പ്രദേശത്തെത്തിയ ഇയാൾ സമീപത്തെ വീടുകളിലും കടകളിലും ഭക്ഷണം യാചിക്കാറുണ്ടത്രേ. സമീപത്തെ വീടുകളുടെ മുറ്റത്തു കിടന്നുറങ്ങിയതാണു മർദനത്തിനു കാരണമെന്നു പറയുന്നു. നടന്നു പോകുമ്പോൾ പിന്തുടർന്നു കല്ലെറിയുകയും മൂലത്തറ ഡാമിനു സമീപത്ത് പിടിച്ചുനിർത്തി മർദിക്കുകയുമായിരുന്നു അക്രമികൾ ചെയ്തത് എന്നാണു പറയുന്നത്. മരത്തടിയും കല്ലും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. മുഖത്തും തലയിലും പലതവണ ആഞ്ഞടിച്ചു. നിലത്തുവീണിട്ടും ആക്രമണം തുടർന്നു. മൂലത്തറ ഡാമിനു സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ആൾക്കൂട്ട കൊലപാതകമാണെന്നു വ്യക്തമായത്. ഏഴു പേർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. നിയമം കൈയിലെടുത്തവർ ആരൊക്കെയാണോ അവർക്കെല്ലാം കടുത്ത ശിക്ഷ തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അത്യാവശ്യമായിരിക്കുന്നു.

The beggar who was killed in Moolathara

മൂലത്തറയിൽ കൊല്ലപ്പെട്ട ഭിക്ഷക്കാരൻ

ഒരു സംഘം യുവാക്കളാണ് സമത്വവും സഹജീവി സ്നേഹവുമൊക്കെ മറന്ന് നിസഹായനായ ഒരു മനുഷ്യനെ കണ്ണിൽ ചോരയില്ലാതെ മർദിച്ചു കൊന്നത് എന്നതാണ് നാം എങ്ങോട്ടാണു പോകുന്നത് എന്ന ആശങ്ക വർധിപ്പിക്കുന്നത്. കരുണയും നീതിയും വറ്റിയ ഒരു സമൂഹം നിരാലംബരോട് മനുഷ്യത്വമില്ലാതെ പെരുമാറാൻ തുടങ്ങിയാൽ ആൾക്കൂട്ട പീഡനങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. തല്ലിച്ചതയ്ക്കുന്നവരെപ്പോലെ തല്ലുകൊള്ളുന്നവനും മനുഷ്യനാണെന്നു ചിന്തിക്കാൻ കഴിയാത്തവർ എങ്ങനെ മനുഷ്യത്വമുള്ളവരാകും.

അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് 2018 ഫെബ്രുവരി 22നാണ്. പലചരക്കു കടയിൽ നിന്നു മോഷണം നടത്തിയെന്നാരോപിച്ച് ജനക്കൂട്ടം പിടികൂടിയ മധുവിനെ ഇരു കൈകളും പിന്നിലേക്കു കൂട്ടിക്കെട്ടി നഗ്നനാക്കി റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണയും അതിക്രൂരമായ മർദനവും.

Madhu, who was killed in Attappadi

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട  മധു

ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നു. കേസിൽ 12 പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ഏഴു വർഷത്തെ തടവുശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവായി ഉയർത്തുകയുണ്ടായി. കേസിലെ ഒന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മധുവിനോടുള്ള കൊടുംക്രൂരതക്കെതിരേ സമൂഹത്തിൽ വലിയ പ്രതിഷേധം ഉയർന്നുവന്നെങ്കിലും അതൊന്നും ആൾക്കൂട്ട മർദനങ്ങൾക്ക് അവസാനം കുറിച്ചില്ല. ഛത്തിസ്ഗഡിൽ നിന്നുള്ള അതിഥി തൊഴിലാളിയായിരുന്ന രാം നാരായണിനെ മോഷ്ടാവാണെന്ന് ആരോപിച്ച് പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ഒരുസംഘം ആളുകൾ മർദിച്ചു കൊലപ്പെടുത്തിയത് 2025 ഡിസംബർ 17നാണ്. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബം പുലർത്താൻ ജോലി തേടി കേരളത്തിലെത്തിയ രാം നാരായൺ വ്യാപാര സ്ഥാപനത്തിലും വീടുകൾക്കു സമീപവും സംശ‍യാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നതു കണ്ടു എന്നൊക്കെയാണ് അക്രമികൾ ആരോപിച്ചത്.

 Ram Narayan, a native of Chhattisgarh, was beaten to death in Attapallat, Walayar, Palakkad.

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് മർദ്ദിച്ചു കൊന്ന ഛത്തിസ്ഗഡ് സ്വദേശി രാം നാരായൺ ബഗേൽ

ആളുകളുടെ അതിക്രൂര മർദനമേറ്റ അയാൾ രക്തം ഛർദ്ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ നേരം പ്രതികൾ ഇയാളെ വടിയും മറ്റ് ആ‍യുധങ്ങളും ഉപയോഗിച്ചു മർദിച്ചുവത്രേ. വയറിൽ കാലുകൊണ്ട് ശക്തമായി ചവിട്ടി. തീർത്തും അവശനായ ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാം നാരായൺ മരിച്ചു. ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകളുണ്ടായിരുന്നു.

മധുവിന്‍റെ കേസിൽ എന്നതുപോലെ രാം നാരായണിനെ മർദിക്കുന്ന വിഡിയോയും മർദിച്ചവർ പ്രചരിപ്പിക്കുകയുണ്ടായി. ഒരാൾ കള്ളനാണ്, അല്ലെങ്കിൽ തങ്ങൾക്കു പിടിക്കാത്തതു ചെയ്യുന്നയാളാണ് എന്നു തോന്നിയാൽ പിടികൂടി തല്ലിക്കൊല്ലുന്നതാവരുതു നമ്മുടെ രീതി. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിച്ചുകൊടുത്താൽ പിന്നെ നാടിന് ഒരു സുരക്ഷിതത്വവുമില്ലെന്ന് എല്ലാവരും അറിയണം. ആളുകൾക്കു സംശയം തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ വരുമ്പോൾ അയാളെ പൊലീസിൽ ഏൽപ്പിക്കുകയാണു വേണ്ടത്. മർദിക്കാൻ സ്വയം ഇറങ്ങുകയല്ല.

logo
Metro Vaartha
www.metrovaartha.com