
ഓരോ വർഷകാലത്തും മലയാളികളുടെ നെഞ്ചിൽ തീകോരിയിടുന്നതാണ് മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച ആശങ്ക. അണക്കെട്ടിൽ വെള്ളം നിറയുമ്പോൾ മലയാളികളുടെ നെഞ്ചിടിപ്പും ഏറും. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണ മുല്ലപ്പെരിയാറിന്‍റെ സുരക്ഷ കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യതകൾ വർധിപ്പിച്ചിട്ടുള്ള കാലത്ത് പ്രത്യേകിച്ചും ഡാമിന്‍റെ പരിസരങ്ങളിൽ താമസിക്കുന്നവർക്കു സംശയങ്ങളുണ്ടാവുന്നതു സ്വാഭാവികമാണ്. അങ്ങനെയൊരു സംശയത്തിനു കാരണം ഡാമിന്‍റെ കാലപ്പഴക്കം തന്നെയാണ്. 129 വർഷം പഴക്കമുള്ളതാണ് ഈ ഡാം. ലോകത്തു തന്നെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഉൾപ്പെട്ടത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച അണക്കെട്ടുകളിൽ ലോകത്തു നിലവിലുള്ള ഏക അണക്കെട്ടും ഇതാണത്രേ. 1895ലാണു മുല്ലപ്പെരിയാർ അണക്കെട്ട് രാജ്യത്തിനു സമർപ്പിക്കുന്നത്. ഡാം ഒരപകടവും ഉണ്ടാക്കില്ല എന്നു വാദിച്ചാലും ഇതിന്‍റെ കാലപ്പഴക്കം അവഗണിക്കാനാവുന്നതല്ല. ഒന്നും എക്കാലവും നിലനിൽക്കില്ല എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ട്.
അങ്ങനെ നോക്കുമ്പോൾ പുതിയ ഡാം എന്തായാലും ഉണ്ടാവേണ്ടതാണ്. തമിഴ്നാട് സമ്മതിക്കുന്നില്ല എന്ന ന്യായത്തിൽ നമ്മുടെ നീക്കങ്ങൾ തണുത്തുപോവാൻ പാടില്ല. തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും എന്ന നിലപാട് ആവർത്തിച്ച് ഉന്നയിക്കണം. പുതിയ അണക്കെട്ടിനുള്ള ശ്രമങ്ങൾ ഊർജിതമായി തന്നെ നടക്കുകയും വേണം. എത്രകാലം പഴയ അണക്കെട്ടുമായി മുന്നോട്ടുപോകണമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിക്കേണ്ടതാണ്. മുല്ലപ്പെരിയാറിനു ബലക്ഷയമുണ്ടായാൽ അത് ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപകടത്തിലാവാൻ കാരണമാവും. 35 ലക്ഷം ആളുകളെ ബാധിക്കുമെന്നാണു ചില റിപ്പോർട്ടുകളുള്ളത്. അങ്ങനെയൊരു അപകട സാഹചര്യം നൂറു ശതമാനവും ഒഴിവാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരും നമ്മുടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വിഷയം ഗൗരവമായി തന്നെ എടുക്കണം. മഴ മാറുന്നതോടെ മറക്കേണ്ടതല്ല മുല്ലപ്പെരിയാർ. തമിഴ്നാടിനെ കാര്യങ്ങൾ ബോധിപ്പിക്കാൻ കഴിയാതെ പോകുന്നു എന്നത് എത്രയാളുകളെയാണു നിരാശപ്പെടുത്തുന്നത്.
അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ചു സമഗ്രമായ അവലോകനം നടത്തണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്‍റെ അംഗങ്ങൾ മുൻപ് ഉന്നയിച്ചതാണ്. 2012നു ശേഷം അങ്ങനെയൊരു വിദഗ്ധ പരിശോധന മുല്ലപ്പെരിയാറിൽ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുതിയ ഡാം നിർമിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേരള, തമിഴ്നാട് സർക്കാരുകളുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടണമെന്ന് ഏതാനും ദിവസം മുൻപ് ഫ്രാൻസിസ് ജോർജ് എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാന മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും ഫ്രാൻസിസ് ജോർജ് പറയുന്നുണ്ട്. അദ്ദേഹം മാത്രമല്ല കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരും മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതാണ്.
ഡാമിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത് എന്തായാലും സ്വാഗതാർഹമാണ്. 1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടിഷ് സർക്കാരും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിനു പുതിയ സാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വാതന്ത്ര്യാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും. കരാറിനു സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്നു തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാമോ എന്നാണ് പരമോന്നത കോടതി ആദ്യം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ നിലപാടുകൾ ശക്തമായും വ്യക്തമായും കോടതി മുമ്പാകെ ഉന്നയിക്കപ്പെടണം. പുതിയ ഡാമിന്‍റെ കാര്യത്തിൽ തമിഴ്നാട് അനാവശ്യമായ വാശിയാണു കാണിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്താൻ കേരളത്തിനു കഴിയേണ്ടതുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ മാത്രം ഫലവത്താവുന്നില്ല എന്നതാണു നിരാശാജനകമായിട്ടുള്ളത്.