
വില കുറയാൻ വഴിയൊരുങ്ങുന്നു
ചരക്കു സേവന നികുതി(ജിഎസ്ടി)യിലെ സമഗ്ര മാറ്റത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയിരിക്കുകയാണ്. ഈ മാസം 22 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നു. അതു പ്രകാരം പ്രധാനമായി രണ്ടു സ്ലാബുകളാണ് ഇനി ഈ പരോക്ഷ നികുതി സമ്പ്രദായത്തിൽ ഉണ്ടാവുക. അഞ്ചു ശതമാനം,18 ശതമാനം എന്നിങ്ങനെ. ഇതിനു പുറമേ ആഡംബര വസ്തുക്കൾക്ക് 40 ശതമാനം ജിഎസ്ടിയുമുണ്ടാകും. 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കിയിരിക്കുകയാണ്. ഉയർന്ന സ്ലാബിലുണ്ടായിരുന്ന നിരവധി വസ്തുക്കളുടെ നികുതി കുത്തനെ കുറയുന്നു. അതിന്‍റെ ഗുണം ഉപയോക്താക്കൾക്കു കിട്ടണം. നികുതി കുറയുന്നതിനനുസരിച്ച് വിൽപ്പന വിലയും കുറയ്ക്കാൻ നിർമാതാക്കൾ തയാറാവുമ്പോഴാണ് അതു സംഭവിക്കുക. അങ്ങനെ വന്നാൽ ജിഎസ്ടി കൗൺസിലിന്‍റെ ഈ തീരുമാനം സാധാരണ ജനങ്ങൾക്കുള്ള ഓണസമ്മാനവും ദീപാവലി സമ്മാനവുമൊക്കെയായി മാറും.
പാലിനും പനീറിനും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. നിരവധി ഉത്പന്നങ്ങളുടെ നികുതി അഞ്ചു ശതമാനത്തിലേക്കു താഴ്ത്തിയിരിക്കുന്നു. പന്ത്രണ്ടും പതിനെട്ടും ശതമാനം നികുതിയുണ്ടായിരുന്നവയാണ് ഇവ. ചില ജീവൻരക്ഷാ മരുന്നുകളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിനുള്ള ജിഎസ്ടി 18 ശതമാനമുണ്ടായിരുന്നതു പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ ഇൻഷ്വറൻസ് എടുക്കാനാവുന്നത് നിരവധി കുടുംബങ്ങൾ ആശ്വാസമായി കാണും. കാർഷികോപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പഠനോപകരണങ്ങൾ, സിമന്‍റ്, ടിവി, എസി, റഫ്രിജറേറ്റർ, ഹെയർ ഓയിൽ, ഷാംപൂ തുടങ്ങി വില കുറയുന്ന വസ്തുക്കൾ ഏറെയാണ്. സിമന്‍റ് വില കുറയുന്നത് നിർമാണ മേഖലയിൽ ഉണർവുണ്ടാക്കാൻ സഹായിക്കും.
നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാവും. ഉപഭോഗത്തിലുണ്ടാവുന്ന വർധന വ്യവസായ മേഖലയ്ക്കു പ്രോത്സാഹനമായും മാറും. സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് ജിഎസ്ടിയിലെ പരിഷ്കരണം കാര്യമായി സഹായിക്കും എന്നു പ്രതീക്ഷിക്കാവുന്നതാണ്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് ജിഎസ്ടി കൗൺസിലിന്‍റെ തീരുമാനം ഗുണകരമാവുമെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നികുതി കുറയുന്നതിനെ സ്വാഗതം ചെയ്ത് ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ്സ് അസോസിയേഷൻ പോലുള്ള സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. മുറി വാടക അടക്കം ഹോട്ടൽ ചെലവു കുറയുന്നത് ടൂറിസം മേഖലയ്ക്കും ഗുണകരമാണ്. വളം, കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ വില കുറയുന്നത് പ്രതിസന്ധിയിലുള്ള കർഷകരെ സഹായിക്കുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. പാൽ ഉത്പന്നങ്ങളുടെ വില കുറയുന്നത് ഉപഭോഗം വർധിപ്പിക്കുമെന്നും അവർ കരുതുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നാണ് ജിഎസ്ടി പരിഷ്കരണമെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, ഈ പരിഷ്കാരത്തിന്‍റെ ഗുണം ഉപയോക്താക്കൾക്കു കിട്ടണമെങ്കിൽ നികുതി കുറവിന്‍റെ ആനുകൂല്യം വ്യവസായികൾ സാധാരണ ജനങ്ങൾക്കു കൃത്യമായി കൈമാറണം. അത് ഉറപ്പാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. 2047ഓടെ വികസിത രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ഈ പരിഷ്കരണം തുണയാവണം. നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുമെന്ന് സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആ വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിക്കുകയാണ്. അതേസമയം, നികുതി കുറയുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കുറവുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കേരളത്തിന് 8,000 കോടിയിലേറെ രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണു സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആശങ്കപ്പെടുന്നത്. സിമന്‍റ്, ഇലക്‌ട്രോണിക്സ്, ഓട്ടോ, ഇൻഷ്വറൻസ് മേഖലകളിൽ നിന്നു മാത്രം 2,500 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണു കേരള സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുണ്ടാവുന്ന വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നു സഹായമുണ്ടാവേണ്ടതാണ്. എല്ലാ സംസ്ഥാനങ്ങൾക്കും അഞ്ചുവർഷ കാലയളവിലേക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളെ എങ്ങനെ സഹായിക്കാമെന്ന് അന്തിമമായി തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാർ തന്നെയാണ്.