

വയോജന ക്ഷേമത്തിനു പ്രാധാന്യം കിട്ടട്ടെ
freepik
രാജ്യത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനമാണു കേരളം. അതിനൊപ്പം ജനസംഖ്യയിൽ വയോജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കൂടിയാണു നമ്മുടേത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 12.6 ശതമാനമായിരുന്നു വയോജനങ്ങൾ. 2021ൽ അത് 16.5 ശതമാനമായി. 2036 ആവുമ്പോഴേക്കും സംസ്ഥാനത്തെ ജനസംഖ്യയുടെ 22.8 ശതമാനം വയോജനങ്ങളാവും എന്നാണു കണക്കുകൂട്ടുന്നത്. ജനസംഖ്യയിൽ ഏതാണ്ട് അഞ്ചു പേരിൽ ഒരാൾ മുതിർന്ന പൗരനാണ് എന്നതു കണക്കിലെടുത്തുകൊണ്ടുള്ള നയപരിപാടികൾ ഇപ്പോൾ തന്നെ കേരളത്തിന് ആവശ്യമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് നമ്മുടെ ആയുർദൈർഘ്യം വർധിപ്പിച്ചത്. ജനന നിരക്കു കുറഞ്ഞതും യുവാക്കൾക്കിടയിലെ വിദേശ കുടിയേറ്റം വർധിച്ചതും കൂടിയാവുമ്പോൾ കേരളത്തിൽ പ്രായമായവരുടെ പ്രാധാന്യം ഏറുകയാണ്.
വയോജനങ്ങൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടതു സർക്കാരിന്‍റെ പ്രധാന ഉത്തരവാദിത്വമാണെന്നു പുതിയ കാലത്തെ ഭരണാധികാരികൾ തിരിച്ചറിയേണ്ടതുണ്ട്. കുടുംബ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം കണ്ടറിഞ്ഞ് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്‍റെ വളർച്ചയ്ക്കു മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതു മുതൽ അവരുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതു വരെ സർക്കാർ ഉറപ്പാക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയുടെ പ്രസക്തി ദിവസം ചെല്ലുന്തോറും വർധിച്ചുവരുകയും ചെയ്യും. മക്കൾ വിദേശത്തായതിനാൽ ഒറ്റപ്പെട്ടു പോകുന്നവർ, ജീവിതശൈലീ രോഗങ്ങളാൽ വിഷമിക്കുന്നവർ, വൃദ്ധസദനങ്ങളിൽ അഭയം തേടുന്നവർ എന്നിങ്ങനെ പലവിധ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുണ്ട്. അതെല്ലാം കണ്ടുകൊണ്ടുവേണം മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന്.
വയോജന ക്ഷേമത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള സർക്കാരായിരിക്കും യുഡിഎഫിന്‍റേതെന്ന സൂചനയാണു മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയിട്ടുള്ളത്. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പു രൂപീകരിച്ചത് ഇതിന്‍റെ ഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വയോജന ക്ഷേമം മുൻനിർത്തി പ്രത്യേക വകുപ്പു രൂപീകരിക്കുന്നത്. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ തയാറാക്കുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. മുതിർന്ന പൗരന്മാരെ കരുതലോടെ ചേർത്തുപിടിക്കുന്ന സമീപനമുണ്ടാവുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാമൂഹിക യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ ഈ കരുതൽ അത്യാവശ്യമാണ്. വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുന്നതിനു സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ സംബന്ധിച്ചു മുഖ്യമന്ത്രി ഏതാനും ദിവസം മുൻപ് അവലോകന യോഗം നടത്തുകയുണ്ടായി. ബില്ലിന്‍റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരിനു കഴിയട്ടെ.
ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ- സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ വയോജനങ്ങൾക്കു സാഹചര്യമൊരുക്കുക, അവശ്യ ഘട്ടങ്ങളിൽ ഗുണനിലവാരമുള്ള പരിചരണം ഉറപ്പാക്കുക എന്നിവയ്ക്കു ബിൽ പ്രാധാന്യം നൽകുന്നു എന്നാണു പറയുന്നത്. വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽ വീടുകൾ, ഹോം കെയർ ഏജൻസികൾ തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ലിൽ വിഭാവനം ചെയ്യുന്നുണ്ടത്രേ. കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിം വർക്ക് രൂപീകരിക്കാനും കെയർ ഗിവർമാർക്കു പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ കെയർ ഗിവർമാരുടെ രജിസ്റ്റർ തയാറാക്കാനും നിർദേശമുണ്ട്. വൃദ്ധജനങ്ങളെ പരിചരിക്കുന്ന സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മെഡിക്കൽ കോളെജുകൾ, നഴ്സിങ് കോളെജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കുന്നതു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സഹായകരമാവും.
വയോജനങ്ങളെ സഹായിക്കുന്നതിനു സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മറ്റു സംഘടനകളും ചേർന്നു ത്രികക്ഷി സംവിധാനം ഒരുക്കുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനു കൃത്യമായ ഡേറ്റാബേസ് സംവിധാനം രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികളെല്ലാം ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞാൽ അതു സർക്കാരിന്‍റെ എണ്ണപ്പെടുന്ന നേട്ടമായി തന്നെ കണക്കാക്കാവുന്നതാണ്. വയോജനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള സിൽവർ ഇക്കോണമി എന്ന ആശയം വലിയ സാധ്യതകളുള്ളതാണ്. വയോജനങ്ങളുടെ വിലയേറിയ അനുഭവസമ്പത്ത് യുവാക്കളുടെ പല സംരംഭങ്ങളിലും പ്രയോജനപ്പെടുത്താനാവും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക ടാലന്‍റ് രജിസ്ട്രി, പ്രത്യേക തൊഴിൽ പ്ലാറ്റ്ഫോം എന്നിവയുണ്ടാവുന്നത് ഇതുമായി ബന്ധപ്പെട്ട് ഏറെ ഉപകാരപ്രദമാണ്.