തിരിച്ചടി ശക്തമാകണം, പാഠമാകണം|മുഖപ്രസംഗം

സഞ്ചാരികളുടെ ഇഷ്ടയിടമായി മാറിയ ജമ്മു കശ്മീരിനെ ചോരയിൽ മുക്കി ഭീകരതയുടെ താവളമെന്ന മേൽവിലാസത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭീകരരുടെ ശ്രമമാണ് കഴിഞ്ഞ ദിവസമുണ്ടായത്
editorial on pahalgam terrorist attack

തിരിച്ചടി ശക്തമാകണം, പാഠമാകണം|മുഖപ്രസംഗം

file

Updated on

സമീപകാലത്തു കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്‍റെ നടുക്കത്തിലാണു രാജ്യം. സഞ്ചാരികളുടെ ഇഷ്ടയിടമായി മാറിയ ജമ്മു കശ്മീരിനെ ചോരയിൽ മുക്കി ഭീകരതയുടെ താവളമെന്ന മേൽവിലാസത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭീകരരുടെ ശ്രമമാണ് കഴിഞ്ഞ ദിവസമുണ്ടായത്. തോക്കുകളുമായി പാഞ്ഞെത്തി നിരപരാധികളായ വിനോദ സഞ്ചാരികളുടെ ജീവനെടുത്ത പൈശാചികതയ്ക്ക് മാപ്പുനൽകാൻ രാജ്യത്തിനു കഴിയില്ല. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും എത്രയും വേഗം കണ്ടെത്തി അവർക്ക് അർഹിക്കുന്ന ശിക്ഷ നൽകേണ്ടതുണ്ട്.

കശ്മീരിലേക്കു സഞ്ചാരികൾ എത്തുന്നതിനെ പേടിപ്പെടുത്തി അകറ്റിക്കൊണ്ട് തങ്ങൾ ഇപ്പോഴും ഇവിടെയുണ്ടെന്നു കാണിക്കാനുള്ള ശ്രമമാണു ഭീകരർ നടത്തിയതെങ്കിൽ അത് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. സമാധാനവും സന്തോഷവും പ്രതീക്ഷയും തിരിച്ചുകിട്ടിയ കശ്മീരിനെ ഭീകരരെ പേടിച്ചു കഴിയേണ്ട അവസ്ഥയിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങളെ അതിശക്തമായി നേരിടേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും ഒമർ അബ്ദുള്ളയുടെ സർക്കാരും ഒന്നിച്ചുനിൽക്കണം. ജനങ്ങളിൽ വിശ്വാസം തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ആരെയും വെറുതെവിടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതു വിശ്വസിച്ചാണു രാജ്യമിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന പാക്കിസ്ഥാന്‍റെ വാദം അംഗീകരിക്കാൻ ഇന്ത്യയ്ക്കാവില്ല. ആക്രമണത്തെ അപലപിച്ച് രംഗത്തുവന്ന ലോക രാജ്യങ്ങൾക്കെല്ലാം പാക്കിസ്ഥാന്‍റെ പങ്ക് ബോധ്യമുണ്ടാവും എന്നു കരുതണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത "ദി റസിസ്റ്റൻസ് ഫ്രണ്ട്' (ടിആർഎഫ്) എന്ന ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക സംഘടനയാണ്. ഭീകരവാദ പ്രവർത്തനങ്ങൾക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനു സൗകര്യമൊരുക്കുകയുമൊക്കെ ചെയ്യുന്നു എന്നു കണ്ട് നേരത്തേ കേന്ദ്ര സർക്കാർ നിരോധിച്ചതാണ് ടിആർഎഫിനെ. ഈ സംഘടന വഴി കശ്മീരിൽ രക്തപ്പുഴയൊഴുക്കാൻ പദ്ധതിയാസൂത്രണം ചെയ്തത് ലഷ്കർ ഇ തൊയ്ബയുടെ കൊടും ഭീകരൻ സെയ്‌ഫുള്ള കസൂരിയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായവും ഭീകരർക്കു കിട്ടിയിട്ടുണ്ടെന്നു കരുതുന്നുണ്ട്.

വളരെ കൃത്യമായ ആസൂത്രണം ഈ ആക്രമണത്തിനു പിന്നിൽ ന്യായമായും സംശയിക്കാവുന്നതാണ്. അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ ഇന്ത്യൻ സന്ദർശനം നടക്കുമ്പോഴാണ് ഭീകരാക്രണമുണ്ടാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കുന്ന സമയവുമായിരുന്നു. വാൻസ് ഇന്ത്യയിലുള്ള സമയം എന്നതുകൊണ്ടു തന്നെ കൂടുതൽ അന്താരാഷ്‌ട്ര ശ്രദ്ധ ആക്രമണത്തിനു കിട്ടുമെന്നു ഭീകരർ കരുതിക്കാണും. മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകനായ പാക്കിസ്ഥാനി പൗരൻ തഹാവൂർ ഹുസൈൻ റാണയെ അമെരിക്കയിൽ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവന്നതും പാക് ഭീകരരെ പ്രകോപിപ്പിച്ചിട്ടുണ്ടാവും.

കശ്മീരിലെ ജനങ്ങൾ ഈ ഭീകരാക്രമണത്തിനെതിരേ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുണ്ട്. സമാധാനപരമായ ജീവിതവും പുരോഗതിയും ആഗ്രഹിക്കുന്നവരാണു കശ്മീരിലെ ജനങ്ങൾ. ഭീകരാക്രമണത്തെ അപലപിച്ച് വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താലിന് ജനങ്ങളുടെ പൂർണ പിന്തുണ ലഭിച്ചു. ഭീകരാക്രമണത്തിൽ പ്രതിഷേധിക്കാൻ വലിയ തോതിൽ ജനങ്ങൾ തെരുവിലിറങ്ങി. ഭീകരർക്കെതിരേ അതിശക്തമായ നടപടികൾ അവർ ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനത്തിന്‍റെ വേരറുക്കുന്നതിന് ജനങ്ങളുടെ ഈ പിന്തുണ സർക്കാരിനെ സഹായിക്കുന്നതാണ്. ജമ്മു കശ്മീരിന്‍റെ പുരോഗതിക്ക് ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതാണ് സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരം നിരുത്സാഹപ്പെടുത്തുന്ന ഒന്നും കശ്മീരിനു നല്ലതല്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 1.20 ലക്ഷം വിദേശികൾ അടക്കം 4.48 കോടി വിനോദ സഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചതായി ഒമർ അബ്ദുള്ള അവിടുത്തെ നിയമസഭയെ അറിയിച്ചത് കഴിഞ്ഞ മാസമാണ്. 2023ൽ 2.12 കോടിയും 2024ൽ 2.36 കോടിയും വിനോദ സഞ്ചാരികളാണ് അവിടെയെത്തിയത്. ഇതൊരു ചെറിയ നേട്ടമല്ല. കശ്മീരിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടൂറിസം പ്രധാന പങ്കുവഹിക്കുകയാണ്. ടൂറിസം വകുപ്പിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്കു സർക്കാർ വലിയ പ്രാധാന്യവും നൽകുന്നുണ്ട്.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികൾ കശ്മീരിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത് ഈ വർഷവും തുടരുന്നുണ്ട്. സഞ്ചാരികൾ എത്തുന്ന പ്രധാന കേന്ദ്രമാണു പഹൽഗാം. "മിനി സ്വിറ്റ്സർലൻഡ്' എന്നാണ് പഹൽഗാം അറിയപ്പെടുന്നതു തന്നെ. പുൽമേടുകളും താഴ്വരകളും നിറഞ്ഞ അതിസുന്ദരമായ പ്രദേശം. അതിൽ തന്നെ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഭീകരാക്രമണമുണ്ടായ ബൈസരൺ താഴ്വര. കാൽനടയായോ കുതിരപ്പുറത്തോ മാത്രം പോകാനാവുന്ന പ്രദേശം. ആയിരക്കണക്കിനു സന്ദർശകരാണ് ഇവിടെയെത്തുന്നത്. കശ്മീരിൽ വിനോദ സഞ്ചാരത്തിനെത്തുന്നവർ കാണാനാഗ്രഹിക്കുന്ന പ്രധാന സ്ഥലത്തു തന്നെ സഞ്ചാരികളെ പേരു ചോദിച്ച് തെരഞ്ഞുപിടിച്ച് ആക്രമിച്ച ഭീകരർക്കു വ്യക്തമായ അജൻഡയുണ്ടാവണം. അവരുടെ അജൻഡ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല.

2019ലെ പുൽവാമ ആക്രമണത്തിനു ശേഷം കശ്മീരിലുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പുൽവാമ ആക്രമണത്തിന് അതിശക്തമായ തിരിച്ചടി ഇന്ത്യൻ സൈന്യം നൽകുകയുണ്ടായി. നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനു തക്കതായ മറുപടിയായി അത്. പഹൽഗാമിൽ സാധാരണക്കാരായ സഞ്ചാരികളുടെ ജീവനെടുത്ത ഭീകരർക്കെതിരേയും ഏറ്റവും ഉചിതമായ നടപടികളുണ്ടാവുമെന്നു പ്രതീക്ഷിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com