ദുരിത യാത്രയ്ക്കൊപ്പം ടോളും വേണ്ട

ഗതാഗതക്കുരുക്കുള്ളത് ഏതാനും സ്ഥലങ്ങളിൽ മാത്രമാണെന്ന വാദത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.
editorial on paliyekkara toll

ദുരിത യാത്രയ്ക്കൊപ്പം ടോളും വേണ്ട

Updated on

ദേശീയപാത 544ൽ മാസങ്ങളായുള്ള ഗതാഗതക്കുരുക്കിനു യാതൊരു പരിഹാരവും കാണാത്ത കരാർ കമ്പനിക്കും ദേശീയപാതാ അഥോറിറ്റിക്കും അതിശക്തമായ മുന്നറിയിപ്പാണ് ഇപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്നത്. മതിയായ ബദൽ മാർഗങ്ങളൊരുക്കാതെ വാണിയമ്പാറ മുതൽ ചിറങ്ങര വരെ ഏഴിടങ്ങളിലാണ് ഒരേസമയം അടിപ്പാത നിർമാണം ആരംഭിച്ചത്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട്, ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലാണിത്. ഇതുമൂലം ഓരോ ദിവസവും വലയുന്നത് നൂറുകണക്കിനു വാഹനങ്ങളിൽ യാത്രചെയ്യുന്ന ആളുകളാണ്. വാണിയമ്പാറയിൽ നിന്ന് അങ്കമാലി വരെയോ തിരിച്ചോ യാത്ര ചെയ്യേണ്ടിവന്നാൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോകുന്നതു പതിവാണ്. അടിപ്പാത നിർമാണം ഇഴഞ്ഞു നീങ്ങുക കൂടി ചെയ്യുമ്പോൾ എന്നു തീരും ഈ ദുരിതയാത്ര എന്നതിനു യാതൊരു നിശ്ചയവുമില്ലതാനും. ചുരുങ്ങിയ പക്ഷം സർവീസ് റോഡുകളും ബദൽ റോഡുകളും യാത്രായോഗ്യമാക്കാനെങ്കിലും അധികൃതർക്കു കഴിയേണ്ടതാണ്. ഇതിനുവേണ്ടി ഉയരുന്ന ശബ്ദങ്ങളെല്ലാം അവഗണിക്കുകയാണ് കരാർ കമ്പനിയും ദേശീയപാതാ അഥോറിറ്റിയും ചെയ്തു കൊണ്ടിരിക്കുന്നത്.

മണ്ണുത്തി- ഇടപ്പള്ളി പാതയിലെ യാത്രാദുരിതം മാസങ്ങൾ നീണ്ടപ്പോൾ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തൃശൂർ ജില്ലാ കലക്റ്റർ ഉത്തരവിട്ടതാണ്. പക്ഷേ, അദ്ദേഹത്തിന് ആ ഉത്തരവു പിൻവലിക്കേണ്ടിവന്നു. കരാർ കമ്പനിയുടെ സ്വാധീനം അത്രയ്ക്കുണ്ടായിരുന്നു എന്നു വേണം കരുതാൻ. കലക്റ്ററും മന്ത്രിയുമൊക്കെ പറഞ്ഞിട്ടും ഗതാഗത തടസത്തിനു പരിഹാരം കാണാൻ ദേശീയപാതാ അഥോറിറ്റി തയാറായില്ല. വലിയ തോതിലുള്ള ജനരോഷവും അവർ അവഗണിക്കുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതോടെ കരാർ കമ്പനിക്കാർ യാത്രാദുരിതത്തിന് എന്തെങ്കിലും പരിഹാരം കാണും എന്ന പ്രതീക്ഷ ഉണർന്നിട്ടുണ്ട്. പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നാ​ലാ​ഴ്ച​ത്തേ​ക്കു ടോൾ പിരിക്കുന്നതു ത​ട​ഞ്ഞിരിക്കുകയാണല്ലോ ഹൈ​ക്കോ​ട​തി. ടോൾ പിരിവ് എത്രയും വേഗം പുനരാരംഭിക്കാൻ കരാറുകാർക്കു താത്പര്യം കാണും. അതിന് തങ്ങൾ ജനങ്ങളുടെ ദുരിതം കാണുന്നുവെന്നും പരിഹാര നടപടികൾ സ്വീകരിക്കുന്നുവെന്നും കോടതിയെ ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചേക്കാം.

മണ്ണുത്തി- ഇടപ്പള്ളി പാതയ്ക്ക് നിർമാണ കരാർ എടുത്ത കമ്പനി റോഡ് നിർമാണത്തിനു ചെലവാക്കിയതിന്‍റെ ഇരട്ടിയിലധികം തുക പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നിന്നു പിരിച്ചെടുത്തുകഴിഞ്ഞു എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഈ സാഹചര്യത്തിൽ ടോൾ പിരിവു നിർത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാൽ, അതിനു ബന്ധപ്പെട്ടവർ തയാറാവില്ലെന്ന് ഉറപ്പാണ്. എന്നു മാത്രമല്ല, ഇനിയും ടോൾ പിരിക്കാനുള്ള മാർഗമായി ഇപ്പോൾ നടക്കുന്ന അടിപ്പാത നിർമാണങ്ങൾ മാറുമെന്നതും യാഥാർഥ്യമാണ്. അടിപ്പാതകൾ ജനങ്ങളുടെ യാത്രാസൗകര്യത്തിനു വേണ്ടി തന്നെയാണ്. അതൊന്നും വേണ്ടെന്ന് ആരും പറയില്ല. പണി പൂർത്തിയായിക്കഴിഞ്ഞാൽ നിരവധിയാളുകൾക്ക് ഈ അടിപ്പാതകൾ പ്രയോജനം ചെയ്യും. പക്ഷേ, ഒരു റോഡിൽ ഇത്രയേറെ സ്ഥലത്ത് ഒരുമിച്ച് അടിപ്പാത നിർമാണം തുടങ്ങുമ്പോൾ അതുമൂലം ഉറപ്പായും ഉണ്ടാകാവുന്ന ഗതാഗതക്കുരുക്കിനു മുൻകൂട്ടി പരിഹാരം കാണാതിരിക്കുന്നത് യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കാര്യമാക്കുന്നില്ല എന്നതുകൊണ്ടു തന്നെയാണ്.

തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണു പലപ്പോഴും അനുഭവപ്പെടുന്നത്. ചാലക്കുടിയിൽ നിന്ന് വാഹനങ്ങൾ കൊരട്ടിയിൽ എത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡും ബദൽ റോഡുകളുമൊക്കെയായി ഈ ഭാഗത്ത് ജനങ്ങൾ അനുഭവിക്കുന്നതു വല്ലാത്തൊരു ദുരിതയാത്രയാണ്. ചിറങ്ങര ഭാഗത്തെ യാത്രാദുരിതവും വളരെ വലുതാണ്. ഒച്ചിന്‍റെ വേഗത്തിൽ മാത്രമേ വാഹനങ്ങൾക്കു കടന്നുപോകാൻ പറ്റൂ എന്നു മാത്രമല്ല നൂറു കണക്കിനു വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. ഓരോ ദിവസവും ലക്ഷക്ക‍ണക്കിനു രൂപ ടോൾ പിരിക്കുകയും തുടർന്ന് കൃത്യമായ യാത്രാസൗകര്യം ഒരുക്കാതിരിക്കുകയും ചെയ്യുന്നത് പൊതുജനങ്ങളോടു കാണിക്കുന്ന അനീതിയാണ്. ഗതാഗതക്കുരുക്കുള്ളത് ഏതാനും സ്ഥലങ്ങളിൽ മാത്രമാണെന്ന വാദത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. നൂറുകണക്കിനു വാഹനങ്ങളാണ് കുടുങ്ങിപ്പോകുന്നത്. യാത്ര മൊത്തത്തിൽ മണിക്കൂറുകളാണു വൈകുന്നത്. മാസങ്ങളായി ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു. ടോൾ നൽകിയ ശേഷം റോഡിലെ യാത്രാദുരിതം കൂടി അനുഭവിക്കണമെന്നു പറയുന്നത് എന്തായാലും നീതിയല്ലല്ലോ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com