
ഒ.രാജഗോപാൽ, കെ.ജി. മാരാർ, കെ. രാമൻ പിള്ള ത്രയത്തിൽ മാറിമാറി കറങ്ങിക്കൊണ്ടിരുന്ന ബിജെപിയിലേക്കാണ് ആർഎസ്എസ് പ്രാന്തീയ സമ്പർക്ക പ്രമുഖായിരുന്ന പി.പി. മുകുന്ദൻ എന്ന യുവ കണ്ണൂർക്കാരൻ 90കളിൽ സംഘടനാ സെക്രട്ടറിയായി എത്തുന്നത്. സംഘപരിവാറിനുള്ളിലെ വലിയ നേതാവായിരുന്നെങ്കിലും പൊതു സമൂഹത്തിലോ രാഷ്‌ട്രീയരംഗത്തോ അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല അന്നു മുകുന്ദൻ. എന്നാൽ, കർക്കശക്കാരനായിരുന്ന ആർഎസ്എസുകാരൻ എന്ന നിലയിൽ അധികാര കേന്ദ്രങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം. കണ്ണൂർ, തിരുവനന്തപുരം വിഭാഗ് പ്രചാരക് എന്ന നിലയിൽ അദ്ദേഹം നടത്തിയ ചില ഇടപെടലുകളായിരുന്നു കാരണം.
തിരുവനന്തപുരം ചാല കമ്പോളത്തിലെ കലാപം അവസാനിപ്പിക്കാനുണ്ടായ മുകുന്ദന്‍റെ ഇടപെടലും, തിരുവനന്തപുരത്തെ ഹിന്ദു സംഗമത്തിന്‍റെ സംഘാടനവും മുകുന്ദനെ കേരളത്തിലെ ഇടതു- വലതു രാഷ്‌ട്രീയക്കാർക്കിടയിൽ അടയാളപ്പെടുത്തിയിരുന്നു. അങ്ങനെയൊരാൾ ബിജെപിയുടെ സംഘടനാ സെക്രട്ടറിയാകുന്നതിനെ കൗതുകത്തോടെയാണ് 90കളിലെ കേരള രാഷ്‌ട്രീയം കണ്ടത്. എന്നാൽ സ്റ്റാച്യുവിലെ അരവിന്ദം എന്ന ബിജെപി ആസ്ഥാനത്തെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം സംഘടനയെ അടിമുടി മാറ്റിയെടുത്തു. അത് പാർട്ടിക്കുള്ളിൽ വലിയ അസ്വസ്ഥതകൾക്കു കാരണമായി എന്നതു മറ്റൊരു വശം. പക്ഷേ, ഇതുവരെ പോയതുപോലെ പോരാ എന്ന കർശന നിലപാടുമായാണ് മുകുന്ദൻ ബിജെപിയിൽ പൊളിച്ചെഴുത്തു നടത്തിയത്.
എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുക എന്നതിൽ നിന്നു മാറി, നിയമസഭയിൽ ബിജെപിക്ക് അംഗം വേണമെന്ന് അദ്ദേഹം നിലപാടെടുത്തു. അതിനായി പല തന്ത്രങ്ങളും ആവിഷ്കരിച്ചു. അന്നത്തെ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ആശിർവാദത്തോടെയും സംസ്ഥാന നേതൃത്വത്തിൽ കെ.ജി. മാരാർ അടക്കമുള്ളവരുടെ പിന്തുണയോടെയും കോൺഗ്രസുമായും മുസ്‌ലിം ലീഗുമായും ധാരണയിലെത്തുക എന്നതിലേക്ക് കാര്യങ്ങളെത്തി. അതു കോ-ലീ-ബി സഖ്യം എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. വടകര, ബേപ്പൂർ, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ മണ്ഡലങ്ങളെ മുന്നോട്ടുവച്ചായിരുന്നു ആ സഖ്യം. പക്ഷേ, ഒരാൾ പോലും ജയിച്ചില്ല. പരീക്ഷണം പാഴായി. എങ്കിലും അതൊരു ധീരമായ കാൽവയ്പ്പായിരുന്നു. ബിജെപിക്കു കേരള രാഷ്‌ട്രീയത്തിൽ അടയാളപ്പെടുത്തൽ നടത്തിയ വലിയ പരീക്ഷണം. അതിന്‍റെ ഗുണം ഇന്നും ബിജെപി അനുഭവിക്കുന്നു എന്നതാണു യാഥാർഥ്യം.
രാഷ്‌ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികളേയുള്ളൂ എന്ന ലാൽ കൃഷ്ണ അഡ്വാനിയുടെ വാചകം മുകുന്ദൻ എവിടെയും ഉരുവിടുമായിരുന്നു. അതുകൊണ്ടു തന്നെയാണ് ആകമാന രാഷ്‌ട്രീയ നേതാക്കളോടും അദ്ദേഹത്തിന് ഇത്രയേയെ വ്യക്തിബന്ധവും കുടുംബബന്ധവുമുണ്ടായത്. രാഷ്‌ട്രീയത്തിനു പുറത്തു കലാ- സാംസ്കാരിക- ചലച്ചിത്ര- സാമൂഹ്യ മേഖലയിലും ആ കാലഘട്ടത്തിൽ ഇത്രത്തോളം ബന്ധമുണ്ടാക്കിയ മറ്റൊരു ബിജെപി നേതാവിനെ കാണാനാവില്ല. എല്ലാവരും മുകുന്ദേട്ടൻ എന്നു തന്നെ അദ്ദേഹത്തെ വിളിച്ചത് ആ ആത്മബന്ധം മൂലമാണ്.
ചാല കലാപമായാലും പൂന്തുറ കലാപമായാലും മാറാട് കലാപമായാലും കണ്ണൂരിലെ സംഘർഷങ്ങളും കൊലപാതകങ്ങളുമായാലും പി.പി. മുകുന്ദന്‍റെ ഇടപെടലുകൾ അവിടെയെല്ലാം ശാന്തി സംഭാവന ചെയ്തു. ഇടതു, വലതു നേതാക്കളെല്ലാം ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ മുകുന്ദന്‍റെ സഹായം തേടി. തന്നാലാവുന്നതൊക്കെ അദ്ദേഹം ചെയ്തു.
കോ-ലീ-ബി പരീക്ഷണ പരാജയത്തിനു പിന്നാലെ പാർട്ടിക്കുള്ളിലും ആർഎസ്എസിലും തനിക്കെതിരേ പടയൊരുക്കം നടന്നപ്പോൾ അതിനെ അദ്ദേഹം വകവച്ചില്ല. അതൊരു കലാപമായി മാറിയപ്പോൾ എതിർകലാപമുണ്ടാക്കിയില്ല. സർവാധികാരിയായിരുന്നപ്പോഴും എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്വന്തം പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞില്ല, പുറത്തുപോയില്ല. കെ. രാമൻ പിള്ള പോലും അക്കാലത്തു ബിജെപി വിട്ടു പോയി സിപിഎമ്മിനൊപ്പം ചേർന്നു എന്നോർക്കുക.
കേരളത്തിലെ ബിജെപിക്ക് പാർലമെന്‍ററി രാഷ്‌ട്രീയത്തിൽ ഇപ്പോഴും സാന്നിധ്യമില്ലെങ്കിലും, ഇന്നു കാണുന്ന ബിജെപി നേതാക്കളെയെല്ലാം വളർത്തിയെടുത്തു കളത്തിലിറക്കിയത് പി.പി. മുകുന്ദനാണ് എന്നതിൽ ആർക്കും സംശയമില്ല. ദീർഘദൃഷ്ടിയുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. "മെട്രൊ വാർത്ത' പത്രത്തോടും തുടക്കം മുതൽ സവിശേഷമായ അടുപ്പം പുലർത്തിയിരുന്നു അദ്ദേഹം. സ്നേഹസമ്പന്നനും സർവാദരണീയനുമായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികൾ.