
ചെസിലെ ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ അത്ഭുത ബാലൻ രമേഷ് ബാബു പ്രജ്ഞാനന്ദയുടെ കുതിപ്പ് ഫൈനലിലെ ടൈബ്രേക്കറിൽ അവസാനിച്ചു. ലോക ചെസിലെ ഒന്നാം നമ്പറുകാരനും അഞ്ച് ലോക ചെസ് ചാംപ്യൻഷിപ്പ് കിരീടങ്ങളുടെ ഉടമയുമായ നോർവേയുടെ മാഗ്നസ് കാൾസൺ ടൈബ്രേക്കറിലെ ആദ്യ ഗെയിം നേടുകയും രണ്ടാം ഗെയിം സമനിലയിലാക്കുകയും ചെയ്താണ് കിരീടം തന്‍റേതാക്കി മാറ്റിയത്. അസർബൈജാനിൽ നടന്ന പോരാട്ടത്തിൽ അപ്പോഴും ഇന്ത്യൻ താരത്തിന്‍റെ മികച്ച പ്രകടനം ആർക്കും കാണാതിരിക്കാനാവില്ല. വൻ താരങ്ങളെ അട്ടിമറിച്ച് ഫൈനൽ വരെ വന്നു എന്നു മാത്രമല്ല അവിടെ രണ്ടു ഗെയിമുകളും സമനിലയിൽ പിടിച്ചാണ് പ്രജ്ഞാനന്ദ മത്സരം ടൈബ്രേക്കറിലേക്കു നീട്ടിയത്.
ഫൈനലിലെ ആദ്യ മത്സരം 35 നീക്കങ്ങൾക്കു ശേഷമാണ് സമനിലയിൽ പിരിഞ്ഞതെങ്കിൽ രണ്ടാം മത്സരം മുപ്പതു നീക്കങ്ങളിൽ സമനിലയിൽ അവസാനിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പതിനെട്ടിന്‍റെ പടി കടന്ന ഇന്ത്യൻ താരവിസ്മയം ലോക ചെസിലെ അതികായനെ കടുത്ത പോരാട്ടത്തിനു നിർബന്ധിതനാക്കി എന്നു തന്നെ പറയണം. പിന്നീട് റാപ്പിഡ് ഫോർമാറ്റിലുള്ള ടൈബ്രേക്കറുകൾ വന്നപ്പോൾ 32കാരനായ കാൾസന്‍റെ അനുഭവ പരിചയം വിജയത്തിനു കാരണമായിട്ടുണ്ടാവാം. അതിൽ പക്ഷേ, ഇന്ത്യയുടെ ഉദിച്ചുയരുന്ന താരത്തിനു നിരാശപ്പെടേണ്ടതില്ല. വരും നാളുകളിൽ ഇന്ത്യൻ ചെസിന്‍റെ ഭാവി ശോഭനമാണെന്ന് പ്രജ്ഞാനന്ദ കാണിച്ചു തരുന്നുണ്ട്. ഇനിയും വലിയ പോരാട്ടങ്ങൾ നയിച്ച് രാജ്യത്തിനു വേണ്ടി ബഹുമതികൾ സമ്പാദിക്കാൻ പ്രജ്ഞാനന്ദയ്ക്കു കഴിയുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു കഴിഞ്ഞു. ലോകകപ്പിന്‍റെ ഫൈനൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഇപ്പോൾ ഈ ചെന്നൈക്കാരൻ.
ലോക ചെസിലെ മികച്ച താരങ്ങളിൽ ഉൾപ്പെട്ട ലോക രണ്ടാം നമ്പറുകാരൻ അമെരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹികാരു നകമുറ, ലോക മൂന്നാം നമ്പറുകാരൻ ഫാബിയാനോ കരുവാന തുടങ്ങിയവരെ വമ്പൻ അട്ടിമറികളിലൂടെ പിന്തള്ളിയാണ് പ്രജ്ഞാനന്ദ ഫൈനൽ വരെ എത്തിയത്. അവസാന 16ലേക്ക് കടന്നത് നകമുറയെ ടൈബ്രേക്കറുകളിൽ തോൽപ്പിച്ചാണ്. രണ്ടു റാപ്പിഡ് ഗെയിമുകളും പ്രജ്ഞാനന്ദ വിജയിച്ചപ്പോൾ നകമുറയിൽ പ്രതീക്ഷ വച്ചിരുന്ന ചെസ് പ്രേമികൾ വിസ്മയം പൂണ്ടു. സെമി ഫൈനലിൽ മറ്റൊരു അമെരിക്കൻ ഗ്രാൻഡ് മാസ്റ്റർ കരുവാനയെ തോൽപ്പിച്ചതും ടൈബ്രേക്കറിലായിരുന്നു. ചെസ് ലോകകപ്പിൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയത് 2005ലാണ്. അതിനു ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്നതാണ് പ്രജ്ഞാനന്ദയുടെ നേട്ടം. വിശ്വനാഥൻ ആനന്ദ് ലോക കിരീടം ചൂടി രണ്ടു പതിറ്റാണ്ടിനു ശേഷം മറ്റൊരു ഇന്ത്യൻ താരം ഫൈനൽ കളിക്കുന്നതും ഇപ്പോഴാണ്. 2000, 2002 വർഷങ്ങളിൽ ലോക കിരീടം നേടിയിട്ടുണ്ട് വിശ്വനാഥൻ ആനന്ദ്. അന്ന് റൗണ്ട് റോബിൻ ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.
കാൾസണെ മുൻപ് പരാജയപ്പെടുത്തിയിട്ടുള്ള താരം എന്ന നിലയിൽ ഇക്കുറി ഫൈനലിൽ പ്രജ്ഞാനന്ദയ്ക്ക് സാധ്യതകൾ കൽപ്പിച്ചവരുണ്ട്. തന്‍റെ എതിരാളി ചില്ലറക്കാരനല്ലെന്ന് കാൾസൺ തന്നെ സമ്മതിച്ചതുമാണ്. എന്നാൽ, തന്‍റേതായ ദിവസങ്ങളിൽ വിജയം തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷ കാൾസണുണ്ടായിരുന്നു. അതു യാഥാർഥ്യമായി എന്നു പറയുമ്പോൾ തന്‍റേതല്ലാത്ത ഒരു ദിവസമായതു കൊണ്ടു മാത്രം പ്രജ്ഞാനന്ദയ്ക്കു വഴങ്ങേണ്ടിവന്നു എന്നു കൂടി പറയാം. ഇനിയും എത്രയെത്ര നല്ല ദിവസങ്ങളാണ് തമിഴ്നാട്ടിൽ നിന്നുള്ള ഈ ചെസ് പ്രതിഭയ്ക്കു മുന്നിൽ തെളിഞ്ഞു വരാനുള്ളത്. ലോക ചെസ് സമൂഹത്തിന്‍റെ മുഴുവൻ പ്രശംസയും പിടിച്ചു പറ്റിക്കഴിഞ്ഞു ഇപ്പോൾ തന്നെ പ്രജ്ഞാനന്ദ എന്നതാണ് ഇന്ത്യൻ ചെസിനെ സന്തോഷിപ്പിക്കുക. പരിചയ സമ്പന്നരും കരുത്തരുമായ എതിരാളികൾക്കെതിരേ മത്സരിക്കുമ്പോൾ നിർണായക സമയങ്ങളിൽ സംഘർഷത്തിൽ അകപ്പെട്ട് തളരുന്നില്ല എന്നത് നാളെയുടെ വാഗ്ദാനം എന്ന പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്. ക്യാനഡയിൽ നടക്കാനിരിക്കുന്ന അടുത്ത വർഷത്തെ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിന് പ്രജ്ഞാനന്ദ അർഹത നേടിക്കഴിഞ്ഞു. ഈ ടൂർണമെന്‍റിന് അർഹത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാവുകയാണ് പ്രജ്ഞാനന്ദ. ബോബി ഫിഷറും കാൾസണുമാണ് ആദ്യ രണ്ടു പേർ.
വിശ്വനാഥൻ ആനന്ദിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കുട്ടിക്കാലം മുതലേ നേട്ടങ്ങൾ വാരിക്കൂട്ടുന്ന പ്രജ്ഞാനന്ദയുടെ ഉയർച്ച ക്രമമായുള്ളതാണ്. സഹോദരി വൈശാലി രമേഷ് ബാബുവും ചെസ് താരം. പന്ത്രണ്ടും പതിനാലും വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ മുൻപ് കിരീടം നേടിയിട്ടുണ്ട് വൈശാലി. 2016ൽ വനിതാ ഇന്‍റർനാഷണൽ മാസ്റ്റർ ടൈറ്റിലും വൈശാലി കരസ്ഥമാക്കിയിരുന്നു. ചേച്ചിയുടെ പാതയിൽ ചുവടുറപ്പിച്ച പ്രജ്ഞാനന്ദ അവിടെനിന്ന് ലോക ചെസിന്‍റെ നെറുകയിലേക്കു കരു നീക്കിക്കൊണ്ടിരിക്കുകയാണ്. 2013ൽ എട്ടു വയസിൽ താഴെയുള്ളവരുടെ യൂത്ത് ചെസ് ചാംപ്യൻഷിപ്പ് നേടിക്കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയതാണ് ഈ കൊച്ചുമിടുക്കൻ. ചരിത്രം തിരുത്തുന്ന നേട്ടങ്ങളിലേക്ക് പ്രജ്ഞാനന്ദ കരു നീക്കുമ്പോൾ ഇന്ത്യയുടെ ചെസ് പെരുമയും വാനോളം ഉയരും.