അവഗണിക്കരുത്, ഈ പ്രതിഷേധങ്ങളെ | മുഖപ്രസംഗം

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര പ്രാധാന്യമാണു സർക്കാർ നൽകേണ്ടതെന്ന് ആവർത്തിച്ചു പറയേണ്ട സാഹചര്യം ഏതാനും ദിവസങ്ങൾക്കുള്ളിൽ ‌വീണ്ടും ഉണ്ടായിരിക്കുകയാണ്
Protest at Wayanad
Protest at Wayanad

വന്യമൃഗശല്യത്തിൽ ഭയന്നു കഴിയുന്ന വയനാടിന്‍റെയും വനപ്രദേശങ്ങളോടു ചേർന്നുള്ള മറ്റു മേഖലകളുടെയും ഭീഷണി ഒഴിവാകാൻ ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടതിനെക്കുറിച്ച് ഒരാഴ്ച മുൻപാണു ചൂണ്ടിക്കാണിച്ചത്. മാനന്തവാടിയിൽ അജീഷ് എന്ന യുവാവിനെ നാട്ടിലിറങ്ങിയ കാട്ടാന ചവിട്ടികൊന്നപ്പോഴായിരുന്നു അത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളോടു നിസംഗത പുലർത്തുന്ന സർക്കാരിനും ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കുമുള്ള താക്കീതായിരുന്നു അന്നു മാനന്തവാടി കണ്ട ജനകീയ പ്രതിഷേധം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര പ്രാധാന്യമാണു സർക്കാർ നൽകേണ്ടതെന്ന് ആവർത്തിച്ചു പറയേണ്ട സാഹചര്യം ഏതാനും ദിവസങ്ങൾക്കുള്ളിൽ ‌വീണ്ടും ഉണ്ടായിരിക്കുകയാണ്. വയനാട്ടിലെ കുറുവയിൽ വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഈ ജില്ലയിലെ ജനങ്ങളുടെ ഭീതി ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുൽപ്പള്ളി നഗരത്തിൽ അരങ്ങേറിയ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണു പങ്കെടുത്തത്. പ്രതിഷേധിക്കുന്നവർക്കെതിരേ പൊലീസ് ബലപ്രയോഗം നടത്തേണ്ട സാഹചര്യം വരെയുണ്ടായി.

വന്യമൃഗശല്യം ഇതുപോലെ തുടരുന്നത് ഇനിയും സഹിക്കാനാവില്ലെന്ന ജനങ്ങളുടെ നിലപാടിനു നൂറു ശതമാനവും പ്രസക്തിയുണ്ട്. അതിനെ ആ നിലയ്ക്കു കാണാൻ സർക്കാരും ഉദ്യോഗസ്ഥരും തയാറാവുകയും വേണം. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കു നൽകുന്ന സഹായങ്ങൾ കൊണ്ടു മാത്രം ഓരോ അ‍ധ്യായവും അവസാനിപ്പിച്ചാൽ പോരാ. ഇനിയും ആളുകൾ ആക്രമിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നു കൃത്യമായി പദ്ധതിയുണ്ടാക്കി വളരെ വേഗത്തിൽ തന്നെ നടപ്പാക്കണം. വയനാട്ടിൽ 17 ദിവസത്തിനിടയിലാണു മൂന്നു പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 31ന് തോൽപ്പെട്ടിക്കു സമീപം തോട്ടം കാവൽക്കാരനായിരുന്ന ലക്ഷ്മണൻ എന്നയാളെ ആന കൊന്നതാണ് ഇതിൽ ആദ്യ സംഭവം. അതിനു പിന്നാലെ അജീഷും പോളും കൊല്ലപ്പെട്ടിരിക്കുന്നു. ഇത് അസാധാരണ സാഹചര്യം തന്നെയാണ്. അസാധാരണത്വം ഉത്തരവാദപ്പെട്ടവർക്കു ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടത്. അതിന്‍റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അപ്പോഴേ ആലോചിക്കൂ.

വനപ്രദേശങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽ ലക്ഷക്കണക്കിനാളുകൾ താമസിക്കുന്ന സംസ്ഥാനമാണു കേരളം. ഇവിടെയെല്ലാം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് മുൻപെങ്ങും ഇല്ലാത്തവിധം വർധിച്ചിരിക്കുന്നു. കാടുകളിൽ വന്യമൃഗങ്ങൾ പെരുകിയതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നതെന്നു പറയുന്നുണ്ട്. അവയ്ക്ക് വനത്തിൽ തന്നെ ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നതടക്കം നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. അതൊക്കെ പേരിനു മാത്രം നടന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് ബജറ്റിൽ നീക്കിവയ്ക്കുന്നതു നിസാര തുകയാണ്. അതു തന്നെ ഫലപ്രദമായി ചെലവാക്കാറുമില്ലെന്നു പരാതി പറയുന്നവരാണ് വനപ്രദേശങ്ങളോടു ചേർന്നു താമസിക്കുന്ന ആളുകൾ. വന്യമൃഗങ്ങളിൽ നിന്നു രക്ഷ നേടാനായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് പൂർണമായി വിനിയോഗിക്കുന്നതിലും സംസ്ഥാനം പരാജയപ്പെടുകയാണ്.

കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 2016 മുതൽ 900ൽ അധികം ആളുകൾ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലേറെ പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഇത് അവഗണിക്കാവുന്ന കണക്കല്ല. വയനാട്ടിൽ തന്നെ ദിവസവും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാവുന്നുണ്ട്. വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നു, ആളുകൾക്കു പരുക്കേൽക്കുന്നു, കൃഷി നശിപ്പിക്കപ്പെടുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ദുരന്തങ്ങൾക്ക് ഇരകളാവുന്നവരോട് അൽപ്പം കരുണ പോലും കാണിക്കുന്നില്ലെന്നാണു നാട്ടുകാർ പരാതിപ്പെടുന്നത്. നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കുന്നുമില്ല. ഇത് ഒന്നോ രണ്ടോ പേർ പറയുന്നതല്ല, നാട്ടുകാർക്കു മൊത്തം പരാതിയാണ്. അതിനർഥം ജനങ്ങളെ സഹായിക്കുന്ന വിധത്തിലല്ല പ്രവർത്തനങ്ങൾ എന്നതു തന്നെയാണ്. ലക്ഷക്കണക്കിനു ജനങ്ങൾക്കു പൊറുതിമുട്ടിയ അവസ്ഥ മനസിലാക്കാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയണം.

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റവന്യൂ, വനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച ചെയ്യാനിരിക്കുകയാണ്. മന്ത്രിമാരുടെ വയനാട് സന്ദർശനം ഫലപ്രദമായ നടപടികൾ കണ്ടെത്തുന്നതിനു സഹായിക്കണം. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ചുകൂട്ടി പേരിനൊരു യോഗം നടത്തി മടങ്ങുകയായിരുന്നുവെന്ന് നാളെ ആക്ഷേപം ഉയരാതിരിക്കട്ടെ. വന്യമൃഗ ആക്രമണ ഭീഷണിയിൽ നിന്നു മോചനം തേടിയുള്ള പ്രതിഷേധങ്ങളെ ചെറുതായി കാണുകയോ അവഗണിക്കുകയോ ചെയ്യരുത്. ജനവികാരം ഉൾക്കൊള്ളാൻ അധികൃതർക്കാവണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com