
പെരുമഴയാണ്, ജാഗ്രത വേണം
സംസ്ഥാനത്ത് അതീതീവ്ര മഴയുടെ ദിവസങ്ങളാണിത്. വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഈ ദിവസങ്ങളിൽ പല ഭാഗങ്ങളിലും ഉണ്ടായിട്ടുള്ളത്. ശക്തമായ കാറ്റിൽ മരം വീണും മറ്റും നിരവധി വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ടു ദിവസത്തിനിടെ നാൽപ്പതിലേറെ വീടുകൾ തകർന്നുവെന്നാണു കണക്ക്. വ്യാപകമായ കൃഷി നാശം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റോഡുകളിൽ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. തീരദേശത്തിന് മഴയ്ക്കൊപ്പം കടലാക്രമണത്തെയും നേരിടേണ്ടിവരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിക്കഴിഞ്ഞു. കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയിട്ടുണ്ട്. ഇവിടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.
വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും അതിശക്തമായ മഴയാണു പെയ്യുന്നത്. നദികൾ നിറഞ്ഞൊഴുകുന്നു. പല പ്രദേശങ്ങളും, പ്രത്യേകിച്ചു താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന ജനങ്ങളുണ്ട്. കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്യുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതു മിന്നൽ പ്രളയങ്ങൾക്കുള്ള സാധ്യത സൃഷ്ടിക്കുന്നു. വരുന്ന മണിക്കൂറുകളിലും ശക്തമായ മഴ പ്രതീക്ഷിക്കുകയും വേണം. തെക്കൻ ഗുജറാത്തിനു മുകളിലും വടക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണു പ്രവചനം. മഴ തുടരുന്നതിന് അതു കാരണമാവും. മഴക്കെടുതികളിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതിനാവണം സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത്.
കനത്ത മഴയിൽ ജലനിരപ്പുയരുന്നതിനെത്തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും വിവിധ നദീതീരങ്ങളിൽ പ്രളയസാധ്യതാ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ഇതിൽ റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു കഴിഞ്ഞ നദീതീരങ്ങളുണ്ട്. മുന്നറിയിപ്പുള്ളയിടങ്ങളിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിക്കുന്നുണ്ട്. അഞ്ചു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ടുള്ളത്. തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ യെല്ലോ അലർട്ടാണ്.
എറണാകുളം ജില്ലയിലെ കണ്ണമാലിയിൽ രൂക്ഷമായ കടലേറ്റത്തിൽ വീടുകൾ വെള്ളത്തിലായതോടെ തീരദേശവാസികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. തീരദേശ പാതയിൽ വള്ളവും വലയും മരവുമിട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കടലാക്രമണം ചെറുക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജിയോ ബാഗും കടൽ ഭിത്തിയുമൊക്കെ ഉദ്യോഗസ്ഥരുടെ വാക്കിൽ ഒതുങ്ങിയെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും കടലാക്രമണത്തിൽ തകർന്ന വീടുകൾക്കു നഷ്ടപരിഹാരം നൽകാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ ഉറപ്പെങ്കിലും സർക്കാർ പാലിക്കണം. പെരുമഴയും കടലാക്രമണവും തീരദേശങ്ങളിലെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും നെഞ്ചിൽ തീ കോരിയിടുകയാണ്. അവരെ സഹായിക്കാനുള്ള നടപടികൾ കടലാസിലും വാക്കുകളിലും മാത്രം ഒതുങ്ങിയാൽ പോരാ.
അതിതീവ്ര മഴയുടെ ഈ ദിവസങ്ങളിൽ സർക്കാർ മാത്രമല്ല ജനങ്ങളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്കു മാറിതാമസിക്കാൻ മടികാണിക്കരുത്. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക എന്ന നിർദേശവും കണക്കിലെടുക്കേണ്ടതാണ്. വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും കാണാനുള്ള യാത്രകൾ അപകട മുന്നറിയിപ്പുള്ളപ്പോൾ ഒഴിവാക്കേണ്ടതുണ്ട്. ജലാശയങ്ങളോടു ചേർന്നുള്ള റോഡുകളിൽ യാത്ര ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യത അവഗണിക്കരുത്. മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൊക്കെ അപകടകരമാണ്. പൊതുവിടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കേണ്ടതുണ്ട്. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യതയും അവഗണിക്കരുത്.
ഓരോ പ്രദേശത്തെയും പൊതു ഇടങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ജാഗ്രത കാണിക്കണം. മഴക്കാലത്ത് ഉരുൾപൊട്ടലുകളിൽ മനുഷ്യ ജീവനുകൾ നഷ്ടമാവുന്നത് സമീപവർഷങ്ങളിൽ നമുക്കു കാണേണ്ടിവന്നിട്ടുണ്ട്. അതൊരു പാഠമായെടുത്ത് മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.