പ്രായം ഒരു തടസമേയല്ല | മുഖപ്രസംഗം

ഏറ്റവും കൂടിയ പ്രായത്തിൽ ലോക ടെന്നിസിലെ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും - ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ.
Rohan Bopanna
Rohan Bopanna

ഇന്ത്യൻ ടെന്നിസിലെ അഭിമാന താരം രോഹൻ ബൊപ്പണ്ണ അസാധാരണമായ നേട്ടങ്ങൾ സ്വന്തമാക്കിയ നാളുകളാണിത്. പ്രായം ഒരു ഘടകമേയല്ലാതാക്കുന്ന പ്രകടന മികവുകൊണ്ട് ടെന്നിസ് ആരാധകരെ അമ്പരപ്പിക്കുന്നു അദ്ദേഹം. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് ബൊപ്പണ്ണയുടെ പേരിലായത് ഏതാനും ദിവസം മുൻപാണ്. അതിനു തൊട്ടുപിന്നാലെ രാജ്യം അദ്ദേഹത്തിനു പദ്മശ്രീ പ്രഖ്യാപിച്ചു. ഇപ്പോൾ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടവും ബൊപ്പണ്ണ ആദ്യമായി നേടിയിരിക്കുന്നു; 43ാം വയസിൽ! ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോഡ് ഇതുവഴി ബൊപ്പണ്ണ കരസ്ഥമാക്കിയിരിക്കുകയാണ്.

ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് ഫൈനലിൽ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്‌ദനും ചേർന്ന സഖ്യം സിമോൺ ബൊലെല്ലി- ആന്ദ്രേ വാവസോറി ഇറ്റാലിയൻ സഖ്യത്തെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ്. രണ്ടു സെറ്റിലും ഇറ്റാലിയൻ താരങ്ങൾ ഉയർത്തിയ കനത്ത വെല്ലുവിളി തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാൻ ബൊപ്പണ്ണയ്ക്കു കഴിഞ്ഞു. "" പ്രായം ഒരു സംഖ്യ പോലുമല്ല അദ്ദേഹത്തിന്. ഹൃദയത്തിൽ ചെറുപ്പമാണ്, അദ്ദേഹം ഒരു ചാംപ്യനാണ്, ഒരു പോരാളിയാണ്''- മത്സരശേഷം എബ്‌ദൻ പറഞ്ഞ വാക്കുകൾ ടെന്നിസ് പ്രേമികളും ശരിവയ്ക്കുന്നതാണ്. പ്രായം വെറുമൊരു സംഖ്യയാണ് എന്നതത്രേ സോഷ്യൽ മീഡിയയിൽ ബൊപ്പണ്ണയുടെ നേട്ടം ആഘോഷിക്കുന്നവരുടെ പ്രതികരണം. ഒന്നും അസാധ്യമല്ലെന്ന് ബൊപ്പണ്ണ തെളിയിച്ചു എന്നുമുണ്ട് അഭിപ്രായങ്ങൾ.

17 തവണ തുടർച്ചയായി ഓസ്ട്രേലിയൻ ഓപ്പൺ കളിച്ചിട്ടുള്ള ബൊപ്പണ്ണയുടെ ആദ്യ കിരീടമാണിത്. കഴിഞ്ഞ വർഷവും 2018ലും മിക്സഡ് ഡബിൾസ് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. 2017ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയതാണ് ഇതിനു മുൻപുള്ള ബൊപ്പണ്ണയുടെ മികച്ച ഗ്രാൻഡ് സ്ലാം നേട്ടം. കനേഡിയൻ പ്രൊഫഷണൽ ടെന്നിസ് താരം ഗബ്രിയേല ദാബ്രോവ്സ്കിയായിരുന്നു അന്നു സഖ്യത്തിൽ. പാക് താരം ഐസാം-ഉൽ-ഹഖ് ഖുറേഷിയുമായി സഖ്യത്തിൽ ഏറെക്കാലം ഡബിൾസ് കളിച്ചു ബൊപ്പണ്ണ. ഇന്തോ പാക് എക്സ്പ്രസ് എന്ന് അറ‍ിയപ്പെട്ട ഈ ജോടി 2010ലെ യുഎസ് ഓപ്പണിൽ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. 2023ലെ യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-മാത്യു എബ്‌ദൻ സഖ്യം ഫൈനൽ കളിച്ചു. 24 എടിപി ടൂർ ഡബിൾസ് കിരീടങ്ങളും ബൊപ്പണ്ണ നേടിയിട്ടുണ്ട്. ഡേവിസ് കപ്പിനുള്ള ഇന്ത്യൻ ടീമിലെ പ്രമുഖ താരമായിരുന്ന ഈ ഡബിൾസ് സ്പെഷ്യലിസ്റ്റ് രണ്ട് ഒളിംപിക്സുകളിലും മത്സരിച്ചിരുന്നു.

11ാം വയസു മുതൽ ടെന്നിസ് കളിക്കുന്ന ഈ ബംഗളൂരു താരത്തിന് നേട്ടങ്ങളുടെ ദീർഘമായ ലിസ്റ്റ് തന്നെ നിരത്താനുണ്ട്. ഈ പ്രായത്തിലും മികച്ചതിൽ മികച്ചത് കൈവരിക്കാനാവുന്നു എന്നതാണ് അതിലും മുഖ്യമായിട്ടുള്ളത്. അർപ്പണ ബോധത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും അച്ചടക്കത്തിന്‍റെയും വിജയങ്ങളാണ് ബൊപ്പണ്ണയുടേത്. വളർന്നുവരുന്ന താരങ്ങൾക്ക് ആവേശം പകരുന്ന മാതൃകയാണ് ബൊപ്പണ്ണയെപ്പോലുള്ളവർ. 43ാം വയസിൽ ഒന്നാം റാങ്കുകാരനായി മാറുക എന്നത് ഏതാനും ദിവസത്തെ അധ്വാനത്തിൽ നിന്നു കിട്ടുന്ന നേട്ടമല്ല. ദീർഘകാല അധ്വാനത്തിന്‍റെ ഫലമാണ്. യുവതാരങ്ങൾക്ക് ബൊപ്പണ്ണ നൽകുന്ന ഉപദേശവും മുന്നോട്ടു നോക്കാനാണ്. എന്താണു സംഭവിച്ചു കഴിഞ്ഞത് എന്നതല്ല എന്താണു മുന്നിലുള്ളത് എന്നു വേണം നോക്കാനെന്ന് അദ്ദേഹം പറയുന്നു. പുരുഷ ടെന്നിസിൽ ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും മാത്രമാണ് ഇതിനുമുൻപ് ഗ്രാൻഡ് സ്ലാം ഡബിൾസ് കീരിടം നേടിയിട്ടുള്ള ഇന്ത്യക്കാർ. വനിതകളിൽ സാനിയ മിർസയും ഡബിൾസ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യൻ ടെന്നിസിനും വളർന്നുവരുന്ന യുവതാരങ്ങൾക്കും ആവേശം പകരാൻ ഉപകരിക്കുന്നതാണ് ബൊപ്പണ്ണയുടെ ഈ വിജയം. സ്വപ്നങ്ങൾ ഉപേക്ഷിക്കാതെ അതിനെ പിന്തുടരാനുള്ള പ്രചോദനമാണ് ഇത്തരം നേട്ടങ്ങൾ വളർന്നുവരുന്ന തലമുറയ്ക്കു പകർന്നു നൽകുന്നത്.

ടെന്നിസിലും സ്പോർട്സിലും മാത്രമല്ല ഏതു മേഖലയിലായാലും ആത്മാർഥതയും കഠിനാധ്വാനവുമുണ്ടെങ്കിൽ ലക്ഷ്യത്തിലെത്താൻ പ്രായം തടസമാവില്ലെന്നു തെളിയിച്ചവർ ധാരാളമുണ്ട്. ഏറെ വെല്ലുവിളികൾ നിറഞ്ഞ, ലോകത്തെ പ്രമുഖ മോട്ടോർ റാലികളിൽ ഉൾപ്പെട്ട ഡാകർ റാലി കാർ വിഭാഗത്തിൽ ഏതാനും ദിവസം മുൻപ് വിജയിയായത് 61കാരൻ സ്പാനിഷ് ഡ്രൈവർ കാർലോസ് സെയിൻസ് സീനിയറാണ്. ഏറ്റവും പ്രായം കൂടിയ ഡാകർ ചാംപ്യനാണ് കാർലോസ്. നാലാം തവണയാണ് അദ്ദേഹം ഈ റാലി വിജയിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. പ്രായം വെറും അക്കം എന്നു പറയുക മാത്രമല്ല തെളിയിക്കുക കൂടി ചെയ്തിട്ടുണ്ട് ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡററും സെറീന വില്യംസും പോലുള്ള താരങ്ങൾ. ലോക ഫുട്ബോളിലെ അത്ഭുതങ്ങളായ റൊണാൾഡോയും മെസിയും പ്രായത്തെ വെല്ലുവിളിച്ചു മുന്നേറിയവരാണ്. എന്നാൽ, ആദ്യമായി പുരുഷ ഡബിൾസ് ഗ്രാൻഡ് സ്ലാം കിരീടം നേടുന്നതും ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്നതും 43ാം വയസിലാണ് എന്നതാണ് ബൊപ്പണ്ണയുടെ കാര്യത്തിലുള്ള സവിശേഷത. നിരന്തരമായ കഠിനാധ്വാനത്തിന്‍റെ, ലക്ഷ്യബോധത്തിന്‍റെ ഫലമാണത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com