
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ അവസരം നഷ്ടപ്പെട്ടത് മലയാളി താരമായ സഞ്ജു സാംസണാണ്. ടീം സെലക്ഷനില്‍ മലയാളികള്‍ക്കു ചെറിയ നിരാശയുണ്ടെങ്കില്‍ അതിനു കാരണവും സഞ്ജുവിനെ ഒഴിവാക്കി എന്നതാവും. നേരത്തേ ഇന്ത്യയ്ക്കു ലോകകപ്പ് നേടിത്തരുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് മലയാളി താരം ശ്രീശാന്ത്. അതുപോലൊരു അവസരം ഇക്കുറി സഞ്ജു സാംസണ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവര്‍ കുറച്ചുപേരെങ്കിലും ഉണ്ടാവും.
ലോകകപ്പ് ടീമില്‍ എത്താനുള്ള പ്രകടന മികവ് സഞ്ജു കാണിക്കുന്നില്ല എന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനു പലരും പറയുന്ന ന്യായം. ഇന്ത്യന്‍ ടീമില്‍ പല അവസരങ്ങളും ലഭിച്ചെങ്കിലും അനിവാര്യമായ സാന്നിധ്യമായി മാറാന്‍ സഞ്ജുവിനു കഴിഞ്ഞില്ലെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സ്ഥാനത്ത് സഞ്ജുവിനു പകരം കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്തിയത് ഫോം ഉറപ്പിച്ചിട്ടാണോ എന്നതാണു മലയാളി താരത്തിന്റെ ആരാധകര്‍ ചോദിക്കുക. പരുക്കിന്റെ പിടിയിലായിരുന്നു കുറച്ചുകാലമായി രാഹുല്‍. അതില്‍ നിന്നു മോചിതനായ ശേഷമുള്ള പ്രകടനം കാണാനിരിക്കുന്നതേയുള്ളൂ. രാഹുലിനു മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനു തൊട്ടുപിന്നാലെയാണു ടീം പ്രഖ്യാപനം ഉണ്ടായതും.
ഫിറ്റ്നസ് വിഷയങ്ങളുള്ള ചില താരങ്ങള്‍ പിന്നെയും ടീമിലുണ്ട്. മധ്യനിരക്കാരന് ശ്രേയസ് അയ്യരും പരുക്കിന്റെ പിടിയില്‍ നിന്ന് അടുത്തിടെയാണു മോചനം നേടിയത്. അതിനു ശേഷം ആദ്യം കളിച്ച മത്സരം ഏതാനും ദിവസം മുന്‍പ് ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരേയാണ്. അതില്‍ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞില്ല. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ഇഷാന് കിഷന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ മാനം കാത്തത്. ബാക്ക് അപ് വിക്കറ്റ് കീപ്പറായി ഇഷാന് കിഷന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തതില്‍ ഈ പ്രകടനത്തിനും ഒരു പങ്കുണ്ടാവും. സഞ്ജുവിനു പുറമേ ഏഷ്യാ കപ്പില്‍ കളിക്കുന്ന തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തേ വെസ്റ്റിന്‍ഡീസിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച തിലക് വര്‍മ ടീമില്‍ ഇടംനേടുമെന്നു സൂചനയുണ്ടായിരുന്നതാണ്. എന്നാല്‍, ആ സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ തന്നെ പരീക്ഷിക്കാനാണ് ടീം മാനെജ്മെന്റ് തീരുമാനിച്ചത്. സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ ഫോമിലായതുകൊണ്ടാണ് ഇതെന്നു പറയാനാവില്ല. ടി20 മത്സരങ്ങളില്‍ ലോകത്തെ തന്നെ മികച്ച ബാറ്റ്സ്മാനായ സൂര്യകുമാര്‍ അടുത്തകാലത്ത് ഏകദിനങ്ങളില്‍ വലിയ മികവു കാണിച്ചിട്ടില്ല. എങ്കിലും മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ ഈ മുപ്പത്തിരണ്ടുകാരന് വിജയിച്ചിരിക്കുന്നു. സെലക്റ്റര്‍മാര്‍ സൂര്യകുമാറിന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നതാണ് ഇതിനര്‍ഥം.
പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ശാര്‍ദ്ദുല്‍ താക്കൂര്‍ ടീമില്‍ ഇടംപിടിച്ചത് ബാറ്റിങ് കൂടി കണക്കിലെടുത്താണെന്നു വേണം കരുതാന്‍. രാഹുലിനെപ്പോലുള്ളവരുടെ പരിചയസമ്പത്തില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ പുതുതാരങ്ങളിലൂടെ വലിയ പരീക്ഷണങ്ങള്‍ക്ക് ടീം മാനെജ്മെന്റ് തുനിയുന്നില്ല എന്നുവേണം പറയാന്‍. അതേസമയം, ഇന്ത്യയുടെ മികച്ച സ്പിന്നറായ ആര്. അശ്വിനെ ടീമില്‍ പരിഗണിച്ചുമില്ല. പകരം കുല്‍ദീപ് യാദവില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുകയാണ്. രവീന്ദ്ര ജഡേജയുടെയും അക്സര്‍ പട്ടേലിന്റെയും സ്പിന്നിനെയും സെലക്റ്റര്‍മാര്‍ക്ക് വിശ്വാസമാണ്.
ഒക്റ്റോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. രോഹിത് ശര്‍മ നായകനും ഹാര്‍ദിക് പാണ്ഡ്യ ഉപനായകനുമായ ഇന്ത്യന്‍ ടീമില്‍ അനുഭവ സമ്പത്തുള്ള താരങ്ങള്‍ക്കു കുറവൊന്നുമില്ല. കോഹ് ലിയും ജഡേജയും ബുംറയും ഷമിയും അടങ്ങുന്ന ടീമിന് ഏത് എതിരാളികളെയും നേരിടാന്‍ പ്രയാസമുണ്ടാവില്ല. ഏഴ് ബാറ്റ്സ്മാന്മാരും നാലു ബൗളര്‍മാരും നാല് ഓള് റൗണ്ടര്മാരുമുള്ള ടീമില്‍ നിന്ന് ഓരോ മത്സരത്തിനും ആവശ്യമുള്ള കോംപിനേഷന്‍ തെരഞ്ഞെടുക്കാനും പ്രയാസമുണ്ടാവില്ല. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടു മുതല്‍ ശക്തമായ ബാറ്റിങ് നിര ഇന്ത്യയ്ക്കുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ മികവും തുണയാണ്; പ്രത്യേകിച്ച് ഏകദിനങ്ങളില്‍. രണ്ടു തവണത്തെ ഏകദിന ലോക ചാംപ്യന്മാരായ ഇന്ത്യയ്ക്ക് സ്വന്തം മൈതാനങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ വിജയിപ്പിക്കാനുള്ള കരുത്തുണ്ടാവട്ടെ.