ഉയരട്ടെ, നമ്മുടെ വിദ്യാഭ്യാസ നിലവാരം | മുഖപ്രസംഗം

പുത്തനുടുപ്പും പുതിയ ബാഗും പുസ്തകവും കുടയുമായി ആദ്യമായി ഒന്നാം ക്ലാസിലേക്ക് എത്തുന്നത് രണ്ടര ലക്ഷത്തോളം കുരുന്നുകളാണ്
Editorial on school reopening
ഉയരട്ടെ, നമ്മുടെ വിദ്യാഭ്യാസ നിലവാരം | മുഖപ്രസംഗം

മധ്യവേനൽ അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുകയാണ്. മഴ മുന്നറിയിപ്പുകളോടെയാണു പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭം. വേനൽക്കാലത്തെ കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും പിന്നാലെ കഴിഞ്ഞ ഏതാനും നാളുകളിൽ അതിശക്തമായ മഴയാണു സംസ്ഥാനത്തുണ്ടായത്. പതിവുപോലെ സ്കൂൾ തുറക്കുന്നതിനൊപ്പം കാലവർഷവും ആരംഭിച്ചുകഴിഞ്ഞു. പുത്തനുടുപ്പും പുതിയ ബാഗും പുസ്തകവും കുടയുമായി ആദ്യമായി ഒന്നാം ക്ലാസിലേക്ക് എത്തുന്നത് രണ്ടര ലക്ഷത്തോളം കുരുന്നുകളാണ്. അവരെ ആഘോഷമായി സ്വീകരിക്കാൻ വേണ്ടതെല്ലാം ഒരുക്കിയാണ് ഇന്നു പ്രവേശനോത്സവം നടത്തുന്നത്. അതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സ്കൂൾ തലത്തിലും എല്ലാം പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിനു നല്ലൊരു തുടക്കം തന്നെ ഇന്നുണ്ടാവട്ടെ.

മുഴുവൻ വിദ്യാർഥികൾക്കും സജീവമായതും സന്തോഷകരമായതുമായ ഒരു കലാലയ വർഷം ഒരുക്കാൻ കൂട്ടായ പ്രവർത്തനത്തിലൂടെ സർക്കാരിനും സ്കൂൾ അധികൃതർക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും കഴിയട്ടെ. പഠനത്തിന്‍റെ പ്രാധാന്യം കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ബോധ്യമുണ്ടാവണം. അവർ സഹകരിച്ച് പഠനത്തിനു വേണ്ട എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമ്പോഴാണ് പഠനം എളുപ്പമാവുന്നത്. പ്രത്യേകിച്ച് അധ്യാപകർ എത്രമാത്രം സജ്ജരാണോ അതിനനുസരിച്ചാവും കുട്ടികളുടെ പഠന നിലവാരവും ഉയരുക. ആധുനിക പഠന രീതികളിൽ അധ്യാപകർക്കു വേണ്ടത്ര പരിശീലനം നൽകുന്നത് കുട്ടികളുടെ ആവശ്യം മുന്നിൽക്കണ്ടാണല്ലോ.

സംസ്ഥാന സർക്കാർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ അധ്യാപകർക്കു പരിശീലനം നൽകുന്നതു ശ്രദ്ധേയമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പരിശീലനം അധ്യാപകർക്കു നൽകുന്നത്. എഐ സാധ്യതകളും അവയുടെ പരിമിതികളും പ്രശ്നങ്ങളും എല്ലാം അധ്യാപകർക്കു പരിചയപ്പെടുത്തികൊടുക്കുകയാണു ചെയ്യുന്നത്. ഈ പ്രായോഗിക പരിശീലനം ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ക്ലാസ് മുറികളിൽ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തമാക്കും. തീർച്ചയായും അതു കുട്ടികൾക്കു ഗുണകരമാവും. പുതിയ കാലത്തിനനുസരിച്ച് പഠന നിലവാരം ഉയർത്താൻ പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടതുണ്ട്. ഡിസംബർ അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പ്രായോഗിക പരിശീലനം നൽകി മറ്റൊരു കേരള മാതൃക സൃഷ്ടിക്കാനുള്ള സർക്കാരിന്‍റെ ലക്ഷ്യം പൂർണ വിജയമാവുമെന്നു പ്രതീക്ഷിക്കാം. സ്മാർട്ട് ക്ലാസുകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനത്തു മൊത്തം 45,000 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതായുണ്ടെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ഈ സംവിധാനത്തിലെ ക്യാമറ, പ്രൊജക്റ്റർ, മോണിറ്റർ തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഓരോ വിദ്യാർഥിയും പഠനലക്ഷ്യങ്ങൾ നേടുന്നുവെന്ന് ഉറപ്പുവരുത്താൻ ഓരോ അധ്യാപകർക്കും കഴിയണം. അങ്ങനെയാവുമ്പോൾ പഠന നിലവാരം താനേ ഉയരും. ശരിയായ വിധത്തിൽ വിദ്യാർഥികളെ വിലയിരുത്താനും അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്താനും സ്കൂളുകളിൽ സൗകര്യമുണ്ടാവണം. പ്ലസ് വണ്ണിന് മലബാറിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാതെ നിലവിലുള്ള ക്ലാസുകളിൽ കൂടുതൽ കുട്ടികളെ കുത്തിനിറയ്ക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നത് ഇതുമായി ബന്ധപ്പെട്ടു കാണേണ്ടതാണ്. ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളെ നേരിടുമ്പോൾ കൂടുതൽ വിജയങ്ങളുണ്ടാവുന്നതിനു നമ്മുടെ കുട്ടികളുടെ പഠന നിലവാരം ഉയരേണ്ടതുണ്ട്. പത്താം ക്ലാസ് വരെയുള്ള പഠന രീതികളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരുന്നതും അതുകൊണ്ടാണ്. ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ ഓരോ വിഷയങ്ങൾക്കും മിനിമം മാർക്ക് നിർബന്ധമാക്കുന്നത് വിദ്യാർഥികളിൽ പഠിക്കാനുള്ള താത്പര്യം വർധിപ്പിക്കുമെന്നു കരുതാം. 99 ശതമാനത്തിനു മുകളിലാണ് ഇപ്പോൾ നമ്മുടെ എസ്എസ്എൽസി വിജയം. അക്ഷരം അറിയാത്തവർ പോലും പത്താം ക്ലാസ് കടക്കുന്നു എന്ന ആക്ഷേപം വളരെ ഗൗരവമുള്ളതാണ്. എഴുത്തു പരീക്ഷയിൽ വിജയിക്കാൻ എല്ലാ വിഷയങ്ങൾക്കും മിനിമം മാർക്ക് നിർബന്ധമാക്കുന്നതോടെ പരീക്ഷയുടെ ഗൗരവവും കൂടും. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകും. ഇതിനൊപ്പം നിരന്തര മൂല്യനിർണയവും കൂടുതൽ പ്രാധാന്യത്തിൽ എടുക്കണം.

താഴെയുള്ള ക്ലാസുകളിലും മൂല്യനിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഒമ്പതാം ക്ലാസ് വരെ എല്ലാവരെയും പാസാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിന്‍റെ നിർദേശമുള്ളതാണ്. അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്ക് നോക്കി വേണം പാസാക്കി ഉയർന്ന ക്ലാസുകളിലേക്കു വിടാൻ എന്നാണു പറയുന്നത്. എന്തായാലും കേരളത്തിൽ ഓൾ പാസ് തുടരുമെന്നാണു സർക്കാർ അറിയിച്ചിരിക്കുന്നത്. വിശദമായ പഠനത്തിനു ശേഷമാവും താഴെ ക്ലാസുകളിലെ മൂല്യനിർണയ രീതി പരിഷ്കരണം പരിഗണിക്കുക. എന്നാൽ, നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തി കുട്ടികളുടെ നിലവാരം ഉയർത്താനുള്ള ശ്രമങ്ങളുണ്ടാവുമെന്നു പ്രതീക്ഷിക്കാം. മൂല്യനിർണയ പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പരീക്ഷകൾ കഴിഞ്ഞാൽ ഓരോ കുട്ടിയും അതതു ക്ലാസുകളിൽ നേടേണ്ട അടിസ്ഥാന ശേഷികൾ നേടിയോയെന്നു പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെടുന്നത്. സമഗ്രമായ ഗുണമേന്മാ പദ്ധതിയും പഠന പിന്തുണാ പദ്ധതിയും പ്രൈമറി തലത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ വർധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലാവണം.

Trending

No stories found.

Latest News

No stories found.