മലയാള സിനിമ മറക്കില്ല, ഷാജിയുടെ സംഭാവനകൾ

മലയാള സിനിമയെ ദേശീയ, അന്തർദേശീയ തലങ്ങളിൽ രേഖപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് ഷാജി എൻ. കരുണിന്‍റെ വേർപാടിലൂടെ കേരളത്തിനു നഷ്ടമായിരിക്കുന്നത്
Editorial on Shaji N Karun

ഷാജി എൻ. കരുൺ

File

Updated on

മലയാള സിനിമയെ ദേശീയ, അന്തർദേശീയ തലങ്ങളിൽ രേഖപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് ഷാജി എൻ. കരുണിന്‍റെ വേർപാടിലൂടെ കേരളത്തിനു നഷ്ടമായിരിക്കുന്നത്. നാൽപ്പതോളം സിനിമകൾക്കു ഛായാഗ്രഹണം നിർവഹിക്കുകയും ഒരു പിടി മികച്ച ചിത്രങ്ങളുടെ സംവിധായകനാവുകയും ചെയ്ത അദ്ദേഹം തന്‍റെ പ്രതിഭ കൊണ്ട് അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയായിരുന്നു. മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ ഓർക്കാനുള്ള പേരായി ഷാജിയുടേത്. ഏഴു തവണ വീതമാണ് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളത് എന്നു പറയുമ്പോൾ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എത്രമാത്രമെന്നു മനസിലാക്കാവുന്നതാണ്. ഫ്രഞ്ച് സര്‍ക്കാരിന്‍റെ കലാ സാംസ്‌കാരിക സംഭാവനകള്‍ക്കുള്ള 'ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' ബഹുമതിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അന്തരിച്ച അതുല്യ സംവിധായകൻ ജി. അരവിന്ദന്‍റെ ഛായാഗ്രാഹകൻ‌ എന്ന നിലയിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. അരവിന്ദനുമായുള്ള സൗഹൃദം വഴിത്തിരിവായി എന്നും പറയാം. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചതു ഷാജിയാണ്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും അരവിന്ദന്‍റെ ചിത്രത്തിലൂടെ ഷാജിക്കു ലഭിച്ചിട്ടുണ്ട്. കെ.ജി. ജോർജ്, ലെനിൻ രാജേന്ദ്രൻ, ഹരിഹരൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ പ്രഗത്ഭരായ സംവിധായകർക്കൊപ്പവും ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്കു പ്രത്യേക മാനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഛായാഗ്രഹണം. തന്‍റെ ക്യാമറ കൊണ്ട് കലയുടെ പുതിയ അനുഭവതലങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് സംവിധാന രംഗത്തേക്കു കടന്നുവന്നപ്പോൾ അവിടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

സംവിധാനം ചെയ്ത ആദ്യ ചിത്രം "പിറവി' കാൻസ് ഉൾപ്പെടെ 70ൽ അധികം അന്താരാഷ്‌ട്ര, ദേശീയ ചലച്ചിത്ര മേളകളിലേക്കാണു തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രം എഡിൻബറോയിലെ ചാർലി ചാപ്ലിൻ അവാർഡ്, ലൊക്കാർണോയിലെ സിൽവർ ലെപ്പേർഡ്, കാൻസിലെ ക്യാമറ ഡി' ഓറിന്‍റെ പ്രത്യേക പരാമർശം, ഷിക്കാഗോയിലെ സിൽവർ ഹ്യൂഗോ അവാർഡ് എന്നിവയുൾപ്പെടെ അഭിമാനകരമായ 31 അവാർഡുകളും ഈ ചിത്രം നേടി. മികച്ച ചിത്രത്തിനും സംവിധായകനും അടക്കം ദേശീയ അവാർഡുകളും പിറവിക്കു ലഭിച്ചു. ഒരു ചലച്ചിത്രം ഇത്രയേറെ അന്തർദേശീയ പുരസ്കാരങ്ങൾ നേടുന്നതു തന്നെ അസാധാരണമാണ്. മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ഇതാ ഒരു സംവിധായകൻ എത്തിയിരിക്കുന്നുവെന്ന് ഈ ചിത്രം കാണിച്ചുതന്നു.

രണ്ടാമത്തെ ചിത്രമായ "സ്വം' കാൻസ് ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പുരസ്കാരവും ഷാജിക്കു ലഭിച്ചു. ഷാജി സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം നിരവധി ദേശീയ, അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. മോഹൻലാലിനു മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരവും വാനപ്രസ്ഥം സമ്മാനിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും വാനപ്രസ്ഥം നേടി. നിഷാദ്, കുട്ടിസ്രാങ്ക്, എകെജി, സ്വപാനം, ഓള് തുടങ്ങിയ ചിത്രങ്ങളും ഷാജി എൻ. കരുൺ എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതാണ്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച കുട്ടിസ്രാങ്ക് മികച്ച ചിത്രത്തിനടക്കം അഞ്ചു ദേശീയ പുരസ്കാരങ്ങളാണു കരസ്ഥമാക്കിയത്. ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അനുസ്മരിക്കുന്നതുപോലെ തന്‍റെ തൊഴിലിൽ ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത ചലച്ചിത്രകാരൻ തന്നെയായിരുന്നു ഷാജി എൻ. കരുൺ. ഇത്രയേറെ ദേശീയ, സംസ്ഥാന ബഹുമതികൾ അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കും ലഭിച്ചതും അതുകൊണ്ടു തന്നെയാണ്. ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാനായ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരളയുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം. ചലച്ചിത്ര മേളകളുടെ സംഘാടകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com