കേരളത്തിന് ഓണസമ്മാനമായി വ്യാവസായിക സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. പാലക്കാട് പുതുശേരിയില്‍ സ്ഥാപിതമാവുന്ന ഈ പദ്ധതി 51000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. 3,806 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതിയെന്നും വ്യക്തമായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഇതിനു ലഭിച്ചുകഴിഞ്ഞു. 1710 ഏക്കര്‍ ഭൂമിയിലുള്ള പദ്ധതി 8,729 കോടിയുടെ നിക്ഷേപം കേരളത്തിലേക്കു കൊണ്ടുവരുമെന്നാണു കണക്കാക്കുന്നത്. ഔഷധ നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, നോണ്‍ മെറ്റാലിക് മിനറല്‍ ഉത്പന്നങ്ങള്‍, റബര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നിവയ്ക്കു പ്രാധാന്യം നല്‍കിയാവും പദ്ധതിയെന്നാണു പറയുന്നത്. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്.
കൊച്ചി- സേലം പാതയോടു ചേര്‍ന്നുള്ള പദ്ധതിക്ക് കോയമ്പത്തൂര്‍ വ്യവസായ മേഖലയുടെ സാമീപ്യവും ഗുണകരമാവും. ഔഷധ നിര്‍മാണ രാസവസ്തുക്കള്‍ക്കും സസ്യോത്പന്നത്തിനും പ്രോത്സാഹനം നല്‍കുന്ന ഏക വ്യവസായ മേഖല എന്ന പ്രത്യേകതയും ഇതിനുണ്ട്. വലിയ പ്രതീക്ഷയോടെയാണു മലയാളികള്‍ ഈ പദ്ധതിയെ നോക്കിക്കാണുന്നത്. പാലക്കാടിന്‍റെ സമഗ്ര വികസനത്തിന് പ്രത്യേകിച്ച് ഈ പദ്ധതി സഹായകരമാവും. വ്യവസായ പാര്‍ക്കുകള്‍ എന്നതിലുപരി വ്യവസായ നഗരങ്ങള്‍ സൃഷ്ടിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനവാസ, വാണിജ്യ സംവിധാനങ്ങള്‍ ഒത്തുചേരുന്ന വലിയൊരു വ്യവസായ നഗര പദ്ധതിയായി ഇതു മാറുമെന്നുവേണം കരുതാന്‍.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം തുടങ്ങി പല മേഖലകളിലും രാജ്യത്തിനു മാതൃകയാണു കേരളം. നീതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ തുടര്‍ച്ചയായി കേരളം ഒന്നാം സ്ഥാനത്തു വരുന്നുണ്ട്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഈ സൂചിക തയാറാക്കുന്നത്. അതേസമയം തന്നെയാണ് തൊഴിലില്ലായ്മാ നിരക്കും നമുക്കൊരു പ്രശ്നമായി തുടരുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വെ പ്രകാരം യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ദേശീയ തലത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ 15-29 പ്രായക്കാര്‍ക്കിടയിലെ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 31.8 ശതമാനമാണ്. ദേശീയ ശരാശരി 17 ശതമാനമായിരിക്കുമ്പോഴാണിത്. ഡല്‍ഹിയില്‍ 3.1 ശതമാനവും ഗുജറാത്തിലും ഹരിയാനയിലും ഒമ്പതു ശതമാനവും കര്‍ണാടകയില്‍ 11.5 ശതമാനവും മധ്യപ്രദേശില്‍ 12.1 ശതമാനവും മാത്രമാണ് തൊഴിലില്ലാത്ത യുവാക്കളുള്ളത്. കേരളത്തില്‍ ഈയൊരു പ്രതിസന്ധിയുടെ പ്രധാന കാരണമായി മാറുന്നത് വ്യവസായ മേഖലയുടെ വളര്‍ച്ച വേണ്ടത്രയുണ്ടാവുന്നില്ലെന്നതാണ്.
വ്യവസായ രംഗത്തു കൂടുതല്‍ നിക്ഷേപം ഉണ്ടാകുന്നതിലൂടെയേ ഇവിടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാവൂ. നിക്ഷേപം ആകര്‍ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ കേരളം പിന്തള്ളിപ്പോകാതിരിക്കണമെങ്കില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി പോലുള്ള പദ്ധതികള്‍ നമ്മുടെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കാന്‍ സഹായിക്കുന്നതാണ്. വ്യവസായ ഇടനാഴി യാഥാര്‍ഥ്യമായാല്‍ ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപവും അതിനനുസരിച്ച് തൊഴില്‍ അവസരങ്ങളും കേരളം പ്രതീക്ഷിക്കുന്നുണ്ട്. വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്തു സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട്ടേത്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഈ വാഗ്ദാനം ചുവപ്പുനാടകളില്‍ കുടുങ്ങാതെ മുന്നോട്ടു നീങ്ങേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാവുകയും കേരളത്തില്‍ ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി സഹകരണം പദ്ധതിക്കുണ്ടാവുമ്പോള്‍ തടസങ്ങള്‍ നീക്കിയെടുക്കുക കൂടുതല്‍ എളുപ്പമാവും.
രാജ്യത്ത് ആറു പ്രധാന ഇടനാഴികളോടു ചേര്‍ന്നാണ് പുതിയ വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ വരുന്നത്. ഉത്തരഖണ്ഡിലെ ഖുര്‍പ്രിയ, പഞ്ചാബിലെ രാജ്പുര- പട്യാല, മഹാരാഷ്ട്രയിലെ ദിഘി, യുപിയിലെ ആഗ്ര, പ്രയാഗ് രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രയിലെ ഒര്‍വക്കല്‍, കൊപ്പര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍- പാലി എന്നിവിടങ്ങളിലും പാലക്കാടിനൊപ്പം വ്യവസായ മേഖലകള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഒരു നഗരത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 28,602 കോടി രൂപയുടെ മുതല്‍മുടക്കു വരുന്ന ഈ പദ്ധതികള്‍ 1.52 ലക്ഷം കോടിയുടെ നിക്ഷേപം മൊത്തത്തില്‍ കൊണ്ടുവരുമെന്നാണു കരുതുന്നത്. 10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. രാജ്യത്തിന്‍റെ പുരോഗതിയിലേക്കുള്ള ചുവടുവയ്പ്പുകളില്‍ ഒന്നായി സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ മാറട്ടെ.