എസ്എംഎ: 'ക്ലിനിക്കൽ ട്രയൽ' വിവാദം അവസാനിപ്പിക്കണം

സര്‍ക്കാരിന്‍റെ കെയര്‍ പദ്ധതി പ്രകാരം കരാര്‍ പ്രകാരമുള്ള മരുന്ന് എത്തിയതിനാലാണ് ആരോഗ്യ വകുപ്പ് തിരിച്ചെടുത്തത്
editorial on spinal muscular atrophy clinical trial controversy

എസ്എംഎ: 'ക്ലിനിക്കൽ ട്രയൽ' വിവാദം അവസാനിപ്പിക്കണം

പ്രതീകാത്മക ചിത്രം- എഐ

Updated on: 

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികളായ കുട്ടികള്‍ക്ക് സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകളിൽ "ക്ലിനിക്കൽ ട്രയൽ' എന്ന രേഖപ്പെടുത്തിയ മരുന്ന് നൽകിയത് വിവാദമായതോടെ വിതരണം ചെയ്ത മരുന്ന് തിരിച്ചെടുത്ത ആരോഗ്യ വകുപ്പു നടപടി വിവാദമായിരിക്കുകയാണ്. സര്‍ക്കാരിന്‍റെ കെയര്‍ പദ്ധതി പ്രകാരം കരാര്‍ പ്രകാരമുള്ള മരുന്ന് എത്തിയതിനാലാണ് ആരോഗ്യ വകുപ്പ് തിരിച്ചെടുത്തത്. സംഭവത്തിൽ പ്രാഥമിക അന്വഷണം നടത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ അടിയന്തര ഇടപെടലിന് നിർദേശം നൽകുകയായിരുന്നു.

കേരളത്തിലെ 108 രോഗ ബാധിതർക്ക് വിദേശ കമ്പനിയായ "റോഷ്' നല്‍കി വന്നിരുന്ന ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള മരുന്നായിരുന്നു ഇതുവരെ നൽകിയിരുന്നത്. എന്നാൽ, ഇത് മാറ്റി ഇന്ത്യൻ നിർമിതമായ "നാറ്റ്കോ'യുടെ 16,000 രൂപ വിലയുള്ള മരുന്ന് നൽകാനാണ് സർക്കാർ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ ഉൾപ്പടെ അംഗീകാരത്തോടെയാണ് നടപടിയെന്നും സർക്കാർ വിശദീകരിക്കുന്നു. എസ്എംഎ രോഗികളായ കുട്ടികള്‍ക്ക് സർക്കാർ സൗജന്യമായി നല്‍കി വന്നിരുന്ന ഈ മരുന്ന് എത്താൻ കാലതാമസമുണ്ടായതോടെ ഡോക്റ്റേഴ്സ് സാംപിളെന്നോ ക്ലിനിക്കൽ ട്രയൽ എന്നോ രേഖപ്പെടുത്തിയ മരുന്ന് ആരോഗ്യ വകുപ്പ് നൽകുകയായിരുന്നെന്നാണ് സർക്കാരിന് ലഭിച്ച വിശദീകരണം. സ്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്ക് സൗജന്യമായി നൽകി വന്നിരുന്ന "റോഷ് ' കമ്പനിയുടെ മരുന്ന് സ്‌റ്റോക്ക് തീരുകയും പുതിയ മരുന്ന് എത്താതിരിക്കുകയും ചെയ്തതോടെ തിരുവനന്തപുരത്തെ രോഗികളെ നോക്കുന്ന ഡോക്റ്റർ തനിക്കു ലഭിച്ച "ഫോർ ക്ലിനിക്കൽ ട്രയൽസ് ' എന്നെഴുതിയ സാംപിൾ മരുന്ന് രോഗികൾക്ക് നൽകി സഹായിച്ചതാണ് വിവാദമായത്. സംഭവം സർക്കാരിനെതിരേ പ്രതിപക്ഷം ഉൾ‌പ്പടെ ചർച്ചയാക്കിയതോടെ സർക്കാർ നാറ്റ്‌കോയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ മരുന്ന് അടിയന്തരമായെത്തിച്ച് വിതരണം തുടങ്ങിയാണ് പ്രശ്നം പരിഹരിച്ചത്.

മരുന്ന് പരീക്ഷണമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ടായ സാഹചര്യത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് നൽകിയ 5 മരുന്നുകള്‍ തിരിച്ചെടുത്തെന്നും അധികൃതർ പറയുന്നു. അതേസമയം, വിദഗ്ധ സമിതി അംഗീകരിച്ചാണ് മരുന്നാണ് കുട്ടികള്‍ക്ക് നൽകുന്നതെന്ന് ആരോഗ്യ മന്ത്രി വിശദീകരിക്കുന്നു. എന്നാൽ, റോഷിനെ മാറ്റി നാറ്റ്കോയുടെ മരുന്ന് വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. വിലക്കുറവെന്ന് കരുതി കിട്ടുന്നത് വാങ്ങുന്നത് അപകടകരമാണെന്ന് ശൈലജ പറഞ്ഞു. 12 വയസു വരെയുള്ള കുട്ടികളിൽ ഈ മരുന്ന് പരീക്ഷണം നടത്താൻ പാടില്ല. ജൂലൈയിലാണ് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവ് ഇറങ്ങിയത്.

പുതിയ മരുന്നിനെക്കുറിച്ച് അറിയില്ലെന്ന് ആരോഗ്യ മന്ത്രി മുരളീധരൻ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല. കുഞ്ഞുമക്കളുടെ ജീവന്‍റെ കാര്യമാണ്. അത് അടിയന്തരമായി പരിശോധിക്കണം. അതിൽ ഇടപെടണം. ഉദ്യോഗസ്ഥർ മാത്രം തീരുമാനിക്കും എന്ന് പറഞ്ഞ് മന്ത്രിക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും ശൈലജ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനു കത്തു നൽകിയിരിക്കുകയാണ്. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് മന്ത്രി നിലപാട് വ്യക്തമാക്കിയപ്പോൾ മരുന്ന് മാറ്റത്തെ ഒരു വിഭാഗം ഡോക്റ്റര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികളായ കുട്ടികൾക്ക് നൽകുന്ന മരുന്ന് നിർദേശിച്ചത് വിദഗ്ധ സമിതിയാണെന്നും ഗുണനിലവാരത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വിശദീകരിക്കുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് നടപടി തുടങ്ങിയത്. മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധ സമിതി നിർദേശിച്ചതെന്ന് കണ്ടെത്തിയ മരുന്നാണ് നൽകുന്നത്. വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഇന്ത്യൻ നിർമിത മരുന്നുകളേക്കാൾ ചിലർക്ക് വിശ്വാസം വിദേശ മരുന്നുകളെയാണ്. ലക്ഷങ്ങളുടെ വിലവ്യത്യാസം രണ്ടു മരുന്നുകളും തമ്മിലുമുണ്ട്. വില കുറഞ്ഞ മരുന്നിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകാൻ കഴിയും. രക്ഷിതാക്കളിൽ നിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കും. ഡോക്റ്റേഴ്സ് സാമ്പിൾ എന്ന് മരുന്നിൽ രേഖപ്പെടുത്തിയ കാര്യത്തിൽ അന്വേഷണം നടത്തും. ഏതെങ്കിലും വിദഗ്ധ ഡോക്റ്റർമാർക്ക് ഇന്ത്യൻ മരുന്നിന്‍റെ ഗുണമേന്മയിൽ സംശയമുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഇക്കാര്യത്തിലെ ആശങ്കകളെല്ലാം പരിശോധിക്കേണ്ടതുണ്ട്. കുട്ടികളെ മരുന്നു പരീക്ഷണത്തിന്‍റെ ഇരകളാക്കുന്നു എന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. അതിനൊപ്പം, വിദേശ മരുന്നുകൾ വലിയ വില കൊടുത്തു വാങ്ങണോ എന്നതും പരിശോധിക്കണം. ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകൾക്കു നിലവാരമില്ല എന്ന പ്രചാരണം അംഗീകരിക്കാനാവില്ല. വില കൂടിയ വിദേശ മരുന്നുകൾക്കേ ഗുണമുള്ളൂ എന്ന ധാരണയും മാറ്റേണ്ടതുണ്ട്.

logo
Metro Vaartha
www.metrovaartha.com