ഇനിയും ഉയരട്ടെ, പഠന നിലവാരം|മുഖപ്രസംഗം

ഫലപ്രദമായ ഒരു വിലയിരുത്തൽ നടത്താതെ കുട്ടികളെ ഉയർന്ന ക്ലാസുകളിലേക്കു തള്ളിവിട്ടാൽ അവിടെ അവർ വേണ്ടത്ര ശോഭിക്കാതെ വന്നേക്കാം.
Representative image
Representative image

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ വിജയ ശതമാനത്തിൽ കാണുന്ന വ്യത്യാസം മൂല്യനിർണയ രീതിയിലുള്ള അന്തരം കൂടിയാണു കാണിക്കുന്നത്. എസ്എസ്എൽസിയുടെ വിജയ ശതമാനം 99.69 ആണ്. 4,27,153 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,25,563 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. അതേസമയം, ഇന്നലെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ഗൗരവത്തിലുള്ള മൂല്യനിർണയം നടന്നിട്ടുണ്ടെന്ന സൂചനയാണു ലഭിക്കുന്നത്. ഹയർ സെക്കൻഡറിയിലെ വിജയ ശതമാനം 78.69. വിഎച്ച്എസ്ഇയിൽ 71.42 ശതമാനം മാത്രമാണു വിജയമുള്ളത്. മൂന്നു പരീക്ഷയിലും കഴിഞ്ഞ വർഷത്തേതിലും കുറവാണ് വിജയ ശതമാനമെങ്കിലും കാര്യമായ വ്യത്യാസമുള്ളത് ഹയർ സെക്കൻഡറിയിലും വിഎച്ച്എസ്ഇയിലുമാണ്. എസ്എസ്എൽസിക്ക് കഴിഞ്ഞവർഷം 99.70 ആയിരുന്നു വിജയ ശതമാനം. ഇക്കുറി നേരിയ കുറവ് (0.01 ശതമാനം) മാത്രമേയുള്ളൂ. അതേസമയം, ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 4.26 ശതമാനത്തിന്‍റെ ഇടിവുണ്ട്. വിഎച്ച്എസ്ഇയിൽ 6.97 ശതമാനത്തിന്‍റെ കുറവാണുള്ളത്. ഇതു രണ്ടും പ്രകടമായ കുറവു തന്നെയാണ്. അതിനുള്ള കാരണം മൂല്യനിർണയത്തിൽ സ്വീകരിച്ച സമീപനം കൂടിയാവാം.

സ്കൂൾ തലത്തിൽ, പ്രത്യേകിച്ച് പത്താം ക്ലാസിൽ, കുട്ടികൾക്കു വാരിക്കോരി മാർക്ക് കൊടുക്കുന്നു എന്ന ആരോപണം പലപ്പോഴായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു ശിൽപ്പശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ തന്നെ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിക്കുന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഈ അഭിപ്രായത്തിനു സർക്കാർ നയവുമായി ബന്ധമില്ലെന്നും നിലവിലുള്ള രീതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കുകയുണ്ടായി. എന്തായാലും ഈ ചർച്ചകൾ മൂല്യനിർണയത്തിനു കൂടുതൽ ഗൗരവം നൽകാനുള്ള ആലോചനകളിലേക്ക് എത്തിയിട്ടുണ്ട് എന്നുവേണം ധരിക്കാൻ. എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിയുടെ മാതൃകയിൽ എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്താനുള്ള ആലോചനയുണ്ടെന്നു കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചത് അതുകൊണ്ടാവണമല്ലോ. ഒമ്പതാം ക്ലാസ് വരെയുള്ള ഓൾ പാസ് സമ്പ്രദായം പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

എഴുത്തു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്കെങ്കിലും നേടാതെ ഇനി മുതൽ എസ്എസ്എൽസി ജയിക്കില്ല. 40 മാർക്കിന്‍റെ എഴുത്തു പരീക്ഷയിൽ മിനിമം 12 മാർക്കെങ്കിലും കിട്ടണം. 80 മാർക്കിന്‍റെ പരീക്ഷയിൽ 24 മാർക്ക്. പരീക്ഷയ്ക്ക് കൂടുതൽ ഗൗരവമുണ്ടാക്കാൻ ഇത് ഉപകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തര മൂല്യനിർണയ രീതി കൊണ്ടുവന്നതിനു പിന്നാലെ നിർത്തലാക്കിയതാണ് എഴുത്തു പരീക്ഷയിലെ മിനിമം മാർക്ക്. അതാണു തിരിച്ചു കൊ‍ണ്ടുവരുന്നത്. ഇപ്പോൾ 80 ശതമാനം മാർക്ക് എഴുത്തു പരീക്ഷയ്ക്കും 20 ശതമാനം നിരന്തര മൂല്യനിർണയത്തിനുമാണ്. വിജയിക്കാൻ വേണ്ടത് 30 ശതമാനം മാർക്ക്. നിരന്തര മൂല്യനിർണയത്തിന് 20 ശതമാനം കിട്ടിയാൽ എഴുത്തു പരീക്ഷയ്ക്കു കിട്ടേണ്ടത്10 ശതമാനം മാർക്ക് മാത്രം. ഈ രീതിയാണ് അടുത്ത അധ്യയന വർഷം മുതൽ ഒഴിവാക്കാൻ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച പരിശോധനകൾക്കും ആലോചനകൾക്കുമായി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് കോൺക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. അതിൽ ചർച്ച ചെയ്ത് അഭിപ്രായ രൂപവത്കരണം നടത്തിയാവും പുതിയ മാറ്റങ്ങൾ കൊണ്ടുവരുക. അത് എന്തായാലും കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സഹായിക്കുന്നതാവുമെന്നു പ്രതീക്ഷിക്കാം.

ഫലപ്രദമായ ഒരു വിലയിരുത്തൽ നടത്താതെ കുട്ടികളെ ഉയർന്ന ക്ലാസുകളിലേക്കു തള്ളിവിട്ടാൽ അവിടെ അവർ വേണ്ടത്ര ശോഭിക്കാതെ വന്നേക്കാം. സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾ അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷകളിൽ പിന്തള്ളപ്പെടാതിരിക്കുന്നതിന് നമ്മുടെ പരീക്ഷാ രീതികൾ കുറ്റമറ്റതാക്കേണ്ടതുണ്ട്. കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനു വരെ ഇപ്പോൾ പൊതുപ്രവേശന പരീക്ഷയാണു മാനദണ്ഡം. വിദ്യാർഥികളുടെ അക്കാഡമിക് നിലവാരം ദേശീയ പരീക്ഷകൾ വിജയിക്കാനുള്ള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. നന്നായി പഠിച്ചു നേടിയെടുക്കേണ്ടതാണ് മാർക്കെന്ന ധാരണ വിദ്യാർഥികൾക്കുണ്ടാവുന്നത് അവരുടെ പഠന നിലവാരം ഉയർത്താൻ സഹായിക്കും‌കയേയുള്ളൂ.

ഇത്രയും പറഞ്ഞത് ഇപ്പോൾ വിജയം നേടിയ വിദ്യാർഥികളുടെ മികവിനെ കുറച്ചു കണ്ടുകൊണ്ടല്ല. അവരുടെ അധ്വാനവും മികവും അഭിനന്ദനം അർഹിക്കുന്നതു തന്നെയാണ്. എസ്എസ്എൽസിക്കും പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 71,831 പേരാണ് എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 68,604 പേരായിരുന്നു. ഹയർ സെക്കൻഡറിയിൽ 39,242 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ 5,427 പേർ കൂടുതലാണിത്. വിജയ ശതമാനം കുറഞ്ഞിട്ടും എ പ്ലസുകൾ കൂടിയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ കുട്ടികൾ മികച്ച നിലവാരത്തിലേക്ക് ഉയരുന്നു എന്നതാണ് ഇതു കാണിക്കുന്നത്. ഹയർ സെക്കൻഡറിയിൽ ഫുൾ എ പ്ലസ് ലഭിച്ച പെൺകുട്ടികൾ ആൺകുട്ടികളുടെ മൂന്നിരട്ടിയാണ് എന്നതും ശ്രദ്ധേയം. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും തുടർന്നു പഠിക്കാനുള്ള അവസരം ഒരുക്കാൻ സർക്കാരിനു കഴിയട്ടെ. പ്ലസ് വൺ സീറ്റുകൾ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉ‍ത്തരവാദിത്വമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com