ഇന്ത്യൻ ഫുട്ബോളിന്‍റെ ഐക്കണിക് സ്ട്രൈക്കർ|മുഖപ്രസംഗം

ഇന്ത്യയ്ക്കു വേണ്ടി ഛേത്രി നേടിയ റെക്കോഡുകളെല്ലാം മറികടക്കുന്ന ഒരു താരം എത്ര വർഷമെടുത്താലാണ് ഇനിയുണ്ടാവുക.
Sunil Chhetri
Sunil Chhetri

രണ്ടു പതിറ്റാണ്ടോളം കാലം രാജ്യത്തിന്‍റെ ജഴ്സിയണിഞ്ഞ് കളിക്കളങ്ങളിലിറങ്ങി നേട്ടങ്ങളേറെ സ്വന്തമാക്കിയ ഫുട്ബോൾ മാന്ത്രികൻ സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുന്നത് അസാധാരണമായ റെക്കോഡോടെയാണ്. വർഷങ്ങളായി ഇന്ത്യൻ ഫുട്ബോളിന്‍റെ നെടുംതൂണായിരുന്ന നായകൻ മുപ്പത്തൊമ്പതാം വയസിലും രാജ്യത്തിന്‍റെ ഏറ്റവും മികച്ച ഗോൾ സ്കോററാണ് എന്നതു ഛേത്രിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കു വേണ്ടി ഗോളടിക്കാൻ ഛേത്രിക്കു പകരം ആര് എന്ന ചോദ്യത്തിനുത്തരമില്ല. പകരക്കാരനില്ലാതെ ഒരു താരം ദേശീയ ടീമിൽ നിന്നു വിരമിക്കുന്നു എന്നു പറയുമ്പോൾ ആ കളിക്കാരന്‍റെ മൂല്യം എത്രയുണ്ട് എന്നു വ്യക്തമാണല്ലോ. ഫുട്ബോളിലെ അടിസ്ഥാന പാഠങ്ങൾ, അച്ചടക്കവും അർപ്പണ ബോധവും എല്ലാം ടീം അംഗങ്ങൾക്കു പകർന്നു കൊടുത്തിരുന്ന ഛേത്രി എന്തുകൊണ്ടും വരും തലമുറകൾക്കു മാതൃകയാണ്, പ്രചോദനമാണ്.

ജൂൺ ആറിനു കുവൈറ്റിനെതിരേ കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുകയാണെന്നു കഴിഞ്ഞ ദിവസമാണു ഛേത്രി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ‍ആരാധകരെ അറിയിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാലു മത്സരങ്ങളിൽ നിന്ന് നാലു പോയിന്‍റുമായി ഖത്തറിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്. നാലു പോയിന്‍റുള്ള അഫ്ഗാനിസ്ഥാനും പിന്നിൽ മൂന്നു പോയിന്‍റുമായി നാലാം സ്ഥാനത്താണു കുവൈറ്റ്. ഗ്രൂപ്പിൽ നിന്നു രണ്ടു ടീമുകളാണ് അടുത്ത ഘട്ടത്തിലേക്കു യോഗ്യത നേടുക. കോൽക്കത്തയിലെ മത്സരത്തിനു ശേഷം ജൂൺ 11ന് ദോഹയിലാണ് ഖത്തറിനെതിരേ ഇന്ത്യയുടെ മത്സരം. കോൽക്കത്തയിൽ ഛേത്രി കളിക്കുന്ന അവസാന അന്താരാഷ്ട്ര മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നതിലേക്കുള്ള ഒരു നിർണായക ചുവട് താണ്ടാൻ ഇന്ത്യയെ സഹായിച്ചുകൊണ്ടാവണം ക്യാപ്റ്റന്‍റെ വിടവാങ്ങൽ എന്നാവും ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്നത്.

ഇന്ത്യയ്ക്കു വേണ്ടി ഛേത്രി നേടിയ റെക്കോഡുകളെല്ലാം മറികടക്കുന്ന ഒരു താരം എത്ര വർഷമെടുത്താലാണ് ഇനിയുണ്ടാവുക. ലോക ഫുട്ബോളിൽ ഇന്ത്യ എവിടെയുമെത്തിയിട്ടില്ല ഇപ്പോഴും. അങ്ങനെയൊരു ടീമിന്‍റെ ഇതുവരെയുള്ള നേട്ടങ്ങളിൽ പലതും ഛേത്രിയുടെ മികവിൽ സ്വന്തമാക്കിയതാണ്.

തൊണ്ണൂറുകളിൽ ഐ.എം. വിജയനായിരുന്നു ഇന്ത്യൻ ടീമിന്‍റെ മുന്നേറ്റ നിരയിലെ പ്രമുഖൻ. 1993, 1997, 1999 വർഷങ്ങളിൽ ഏറ്റവും മികച്ച ഇന്ത്യൻ താരമായി തെരഞ്ഞെടുക്കപ്പെട്ട വിജയൻ കേരളത്തിന്‍റെയും മലയാളികളുടെയും അഭിമാനമാണ്. വിജയനൊപ്പം ആക്രമണോത്സുകമായ കൂട്ടുകെട്ടുണ്ടാക്കിയ ബൈചുങ് ബുടിയ പിന്നീട് ടീമിന്‍റെ കുന്തമുനയായി. 2011ൽ ബുടിയ കളംവിട്ട ശേഷമുള്ള ഇന്ത്യൻ ടീമിന്‍റെ മുന്നേറ്റങ്ങളേറെയും 2005ൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഛേത്രിയുടെ സ്കോറിങ് മികവിലാണ്. സമീപകാല ഇന്ത്യൻ ഫുട്ബോളിൽ ഗോളടിക്കാൻ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം എപ്പോഴും ഛേത്രി എന്നു തന്നെയായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്ന ബഹുമതി നൂറു ശതമാനവും ഇണങ്ങും ഛേത്രിക്ക്.

ഇപ്പോഴും സജീവമായ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ നേടിയ മൂന്നാമത്തെ കളിക്കാരനാണ് ഇന്ത്യൻ നായകൻ എന്നു പറയുമ്പോൾ അതിന്‍റെ വലുപ്പം ഊഹിക്കാവുന്നതേയുള്ളൂ. 206 മത്സരങ്ങളിൽ 128 ഗോളുകൾ നേടിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, 180 മത്സരങ്ങളിൽ 106 ഗോളുകൾ നേടിയ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസി എന്നിവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകളുള്ളത് ഛേത്രിക്കാണ്- 150 മത്സരങ്ങളിൽ 94 ഗോളുകൾ. 148 മത്സരങ്ങളിൽ 108 ഗോളടിച്ചിട്ടുള്ള ഇറാൻ താരം അലി ദേയി 18 വർഷം മുൻപേ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചിരുന്നു. സമകാലിക ഫുട്ബോ ളിൽ മെസിക്കും റൊണാൾഡോയ്ക്കും തൊട്ടുപിന്നിലുള്ളത് ഒരു ഇന്ത്യൻ താരമാണെന്നത് നമ്മുടെ ഫുട്ബോളിന് അഭിമാനകരമാണ്. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന ബഹുമതിയും ഛേത്രിക്കുണ്ട്. എഎഫ്സി ചാലഞ്ച് കപ്പ്, സാഫ് ചാംപ്യൻഷിപ്പ്, നെഹ്റു കപ്പ്, ഇന്‍റർ കോണ്ടിനെന്‍റൽ കപ്പുകൾ തുടങ്ങിയവ നേടുന്നതിൽ മുഖ്യപങ്ക് വഹിച്ച താരം എന്ന നിലയിലാണ് രാജ്യം ഛേത്രിയെ കാണുക. രാജ്യത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുരസ്കാരം ഏഴു തവണയാണു ഛേത്രിക്കു ലഭിച്ചത്. ഇത്രയും തവണ മികച്ച ഫുട്ബോൾ താരമായ മറ്റാരും രാജ്യത്തില്ല. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി ഖേൽ രത്ന നേടിയ ആദ്യ ഫുട്ബോൾ താരമാണു സുനിൽ ഛേത്രി. അർജുന അവാർഡും പദ്മശ്രീയും നൽകിയും രാജ്യം ഈ നായകനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ എന്നു പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്ന പേരാണു ഛേത്രിയുടേത്. ഇന്ത്യൻ ഫുട്ബോളിന്‍റെ ഒരു കാലഘട്ടത്തിന് ഇവിടെ അവസാനമാകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com