ഇടതുപക്ഷത്തിന് കനത്ത നഷ്ടം

ദീർഘകാലമായി രാജ്യത്തെ മുൻനിര രാഷ്‌ട്രീയ നേതാക്കളിൽ ഒരാളായി പ്രവർത്തിച്ചിരുന്ന സഖാവ് സീതാറാം യെച്ചൂരി ഇനിയില്ല
Sitaram Yechury
സീതാറാം യെച്ചൂരി
Updated on

ദീർഘകാലമായി രാജ്യത്തെ മുൻനിര രാഷ്‌ട്രീയ നേതാക്കളിൽ ഒരാളായി പ്രവർത്തിച്ചിരുന്ന സഖാവ് സീതാറാം യെച്ചൂരി ഇനിയില്ല. എഴുപത്തിരണ്ടാം വയസിൽ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ന്യൂഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ അന്തരിച്ച അദ്ദേഹത്തിന് രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനകോടികൾക്കു സുപരിചിതനായ സമുന്നത നേതാവ് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട സഖാവാണ്. സീതാറാം യെച്ചൂരി എന്നു കേൾക്കുമ്പോൾ തന്നെ മുന്നിൽ തെളിയുന്നത് രാഷ്‌ട്രീയ എതിരാളികൾ പോലും ആദരിക്കുന്ന ആ വ്യക്തിത്വമാണ്. ആശയപരമായ എതിർപ്പുകൾ ഏറ്റവും ശക്തമായി ഉന്നയിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ നേതാവാണു യെച്ചൂരി.

മികച്ച പാർലമെന്‍റേറിയനും സംഘാടകനും വാഗ്മിയും നയതന്ത്രജ്ഞനും എല്ലാമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന നേതാവ്. ഈ ആശയാടിത്തറയാണ് അദ്ദേഹത്തെ ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ആരാധ്യപുരുഷനാക്കി മാറ്റിയതും. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിലും എഴുത്തിലും എല്ലാം ഈ ആശയാടിത്തറ കൃത്യമായി പ്രതിഫലിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളിലായാലും രാഷ്‌ട്രീയ വിഷയങ്ങളിലായാലും മാർക്സിസ്റ്റ് നിലപാടുകൾ യെച്ചൂരി ഉയർത്തിപ്പിടിച്ചു. തൊഴിലാളി വർഗത്തിന്‍റെ പുരോഗതിക്കു സഹായകരമായ നയങ്ങൾക്കു വേണ്ടി നിരന്തരം ശബ്ദിച്ചു.

വിദ്യാർഥി നേതാവായി തുടങ്ങി, കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പോരാടി, പടിപടിയായി ഉയരുകയായിരുന്നു യെച്ചൂരിയെന്ന നേതാവ്. ആ ഉയർച്ച ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ കരുത്തനായ നേതാവായി അദ്ദേഹത്തെ മാറ്റി. ഇടതുപക്ഷത്തെ നയിക്കുന്ന സിപിഎമ്മിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിച്ചു. ഇടതുപക്ഷത്തിന്‍റെ സൗമ്യമായ മുഖമായി യെച്ചൂരിയുടേത്. സമീപകാല രാഷ്‌ട്രീയത്തിൽ സിപിഎം എന്നു പറയുമ്പോൾ തന്നെ തെളിഞ്ഞുവരുന്ന ചിത്രവും യെച്ചൂരിയുടേതായി. രാജ്യത്തെ പ്രതിപക്ഷത്തിനു വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന പ്രധാന നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി രൂപവത്കരണത്തിനു മുന്നിൽ നിന്നു പ്രവർത്തിച്ച‌ു. പ്രായോഗിക രാഷ്‌ട്രീയത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന നേതാവ് എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യൻ ജനാധിപത്യത്തിന് ഈ തരത്തിലൊക്കെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് യെച്ചൂരി.

70കളിൽ ഡൽഹി ജെഎൻയുവിലെ വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐയിലൂടെയാണ് യെച്ചൂരി രാഷ്‌ട്രീയത്തിലെത്തുന്നത്. ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റായിരുന്നു. 1975ലാണ് സിപിഎമ്മിൽ ചേരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്തെ ഇടതുപക്ഷ ദേശീയ നേതാക്കളുടെ ശ്രദ്ധയിൽ വളരെ വേഗം യെച്ചൂരിയെത്തി. അതിനനുസരിച്ച് ഉയർച്ചയുമുണ്ടായി. പാർട്ടിക്കു വേണ്ടി ഏറ്റവും നന്നായി സംസാരിക്കാനറിയുന്ന നേതാവ് എന്ന നിലയിൽ യെച്ചൂരി ശ്രദ്ധിക്കപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ഭൂപരിഷ്കരണത്തെക്കുറിച്ചും മതേതര രാഷ്‌ട്രത്തെക്കുറിച്ചുമൊക്കെ വ്യക്തമായ നിലപാടുകൾ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്ന യെച്ചൂരിയുടെ പാർലമെന്‍റിലെ പ്രസംഗപാടവവും ചർച്ചകളിൽ പങ്കെടുക്കാനുള്ള വൈദഗ്ധ്യവും എല്ലാവർക്കും ബോധ്യമുള്ളതാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ആദരിക്കുന്ന ശബ്ദമായി അതു മാറി.

1984ലാണ് പ്രകാശ് കാരാട്ടിനൊപ്പം അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. 1992ൽ പൊളിറ്റ് ബ്യൂറോയിൽ അംഗമായി. മുപ്പത്തിരണ്ടുവർഷമാണ് പാർട്ടിയുടെ പരമോന്നത സമിതിയിൽ അദ്ദേഹം അംഗമായിരുന്നത്. 2015ലാണ് ജനറൽ സെക്രട്ടറിയാവുന്നത്. ഒമ്പതു വർഷക്കാലം പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തിരുന്ന് സിപിഎമ്മിനെ നയിച്ചു. ഇഎംഎസും ഹർകിഷൻ സിങ് സുർജിത്തും അടക്കം സിപിഎമ്മിന്‍റെ ആദ്യകാലത്തെ പ്രമുഖ നേതാക്കളുമായി അടുത്തു പ്രവർത്തിച്ചിട്ടുള്ള യെച്ചൂരിക്ക് വിശാലമായ അനുഭവ സമ്പത്തും പ്രവർത്തന പരിചയവുമാണുണ്ടായിരുന്നത്. 1996ലെ ഐക്യമുന്നണി സർക്കാരും 2004ലെ ഒന്നാം യുപിഎ സർക്കാരും രൂപവത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ദേശീയ രാഷ്‌ട്രീയത്തിലെ മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻകൈയെടുത്തു. രാജ്യത്ത് ഇടതുപക്ഷത്തിന്‍റെ ശക്തമായ തിരിച്ചുവരവ് യെച്ചൂരി ആഗ്രഹിച്ചിരുന്നു. അതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ് ഇടതുപക്ഷ പ്രവർത്തകർക്ക് അദ്ദേഹത്തിനു വേണ്ടി ചെയ്യാനുള്ളത്. ആശയങ്ങൾ എന്തു തന്നെയായാലും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിൽ മാതൃക കാണിക്കുന്നുണ്ട് തീർച്ചയായും യെച്ചൂരി.

Trending

No stories found.

Latest News

No stories found.