റോഡ് യാത്രയ്ക്കുള്ളത്, കുടുക്കി കിടത്താനുള്ളതല്ല

തൃശൂർ മണ്ണുത്തി മുതൽ എറണാകുളത്ത് ആലുവ വരെ നിർമാണം നടക്കുന്ന റോഡിൽ മനുഷ്യർ കുടുങ്ങിക്കിടക്കുകയാണ്
editorial on toll collection kerala

റോഡ് യാത്രയ്ക്കുള്ളത്, കുടുക്കി കിടത്താനുള്ളതല്ല

Updated on

രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ അതിവേഗ റോഡ് നിർമാണം സർവകാല റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. നാലുവരി, ആറുവരി പാതകൾ കശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമടക്കം രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും കണക്റ്റ് ചെയ്യുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുമായി ആയിരക്കണക്കിനു കിലോമീറ്റർ റോഡ് നിർമാണം പുരോഗമിക്കുമ്പോൾ തന്നെ, കേരളത്തിൽ നിന്നു വരുന്ന വാർത്തകളൊന്നും ഒട്ടും ശുഭകരമല്ല.

തൃശൂർ മണ്ണുത്തി മുതൽ എറണാകുളത്ത് ആലുവ വരെ നിർമാണം നടക്കുന്ന റോഡിൽ മനുഷ്യർ കുടുങ്ങിക്കിടക്കുകയാണ്. അരൂർ മുതൽ ആലപ്പുഴ വരെയും സ്ഥിതി ഇതുതന്നെ. പക്ഷേ ടോൾ പിരിവിനു മാത്രം ഇളവില്ല. ഹൈക്കോടതി അത് നാലാഴ്ചത്തേക്കു തടഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ എത്തിയ അപ്പീലിൽ കോടതി തന്നെ ഉയർത്തിയ ചില സുപ്രധാന ചോദ്യങ്ങളുണ്ട്.

ദേശീയ പാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുന്നതിന് എന്തിനാണ് ജനങ്ങൾ 150 രൂപ ടോളായി നൽകുന്നത്? 65 കിലോമീറ്റ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂർ എടുക്കുമെങ്കിൽ എന്തിനാണ് ടോൾ? ഒരു മണിക്കൂർ കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാൻ 11 മണിക്കൂർ അധികമെടുക്കുകയാണ്. അതിനു ടോളും നൽകേണ്ടിവരുന്നു. ഇത്രയും സമയമെടുത്തു സഞ്ചരിക്കുന്ന ജനങ്ങള്‍ക്ക് അങ്ങോട്ടാണു പണം നല്‍കേണ്ടത്. മഴ മൂലമാണ് സര്‍വീസ് റോഡുകളുടെ പണി വൈകുന്നതെങ്കിൽ മഴ കഴിഞ്ഞതിനു ശേഷം ടോള്‍ പിരിച്ചാല്‍ പോരേ. മഴ നിർത്തണമെന്ന ഉത്തരവ് ഇറക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ. നിങ്ങളൊന്നും മാധ്യമ വാർത്തകൾ കാണുന്നില്ലേ? ഗതാഗതക്കുരുക്കുണ്ടായത് ലോറി ബ്രേക്ക്ഡൗണായി മറിഞ്ഞതു കൊണ്ടല്ല, റോഡിലെ കുഴി കാരണമാണ്- പരമോന്നത കോടതി ചൂണ്ടിക്കാട്ടി.

ഇത്രയൊക്കെ പറഞ്ഞ കോടതി, ഇന്നലെ നൽകിയ ഉത്തരവു സുപ്രധാനമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ യാത്ര ചെയ്യാൻ കൂടുതൽ പണം പൗരന്മാർ നൽകേണ്ടതില്ല. കുഴികളിലൂടെയടക്കം സഞ്ചരിക്കാൻ കൂടുതൽ പണം പൗരന്മാർ നൽകേണ്ടതില്ല. പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ട്. നികുതി പണം നൽകിയിരിക്കുന്ന പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ട്. അതിനു കൂടുതൽ പണം നൽകേണ്ടതില്ല. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡുകൾ- സുപ്രീം കോടതി വ്യക്തമാക്കി.

അതായത്, ദേശീയപാതയായാലും സംസ്ഥാന പാതയായാലും ജനങ്ങളെ റോഡിൽ മണിക്കൂറുകളോളം കിടത്താനല്ല അവ. അവർക്കു സുഗമമായും വേഗത്തിലും യാത്ര ചെയ്യാനാണ്. സർവീസ് റോഡുകൾ നിർമിച്ച ശേഷമേ റോഡുകൾ പൊളിച്ചു പണിയാവൂ എന്ന സാമാന്യമര്യാദ സർക്കാരുകളും കോൺട്രാക്റ്റർമാരും കാണിക്കണം. റോഡിൽ കിടക്കാനല്ല ജനങ്ങൾ വാഹനങ്ങളുമായി ഇറങ്ങുന്നത്. മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും കിട്ടാതെ കുടുക്കിൽ കിടന്നിട്ട്, ഇന്ധനം കത്തിച്ചു തീർത്തിട്ട് അടുത്ത പ്ലാസയിലെത്തുമ്പോൾ ടോളും കൊടുക്കണം എന്നു കരാറുകാർ ബലം പിടിക്കുന്നത് മാന്യതയുമല്ല.

ദേശീയപാതാ അഥോറിറ്റി മാത്രമല്ല, രാജ്യത്തെ റോഡ് വികസനത്തിനു നേതൃത്വം നൽകുന്ന ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാരും സംസ്ഥാന പൊതമരാമത്ത് മന്ത്രിയും അടിയന്തരമായി ഇടപെടേണ്ട വിഷയമാണിത്. സിപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലെങ്കിലും അതുണ്ടാകും എന്നു പ്രതീക്ഷിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com