ട്രെയ്‌നുകളിലെ സുരക്ഷ ഇപ്പോഴും അകലെ

നിരവധി യാത്രക്കാരുള്ള ഒരു കംപാർട്ട്മെന്‍റിൽ വച്ച് പട്ടാപ്പകൽ യുവതിക്കു നേരേ ലൈംഗികാതിക്രമത്തിന് ഒരാൾ ശ്രമിച്ചു എന്നത് അതീവ ഗൗരവത്തിൽ കാണേണ്ടതാണ്
Editorial on women safety in trains

ട്രെയിനുകൾ സ്ത്രീകൾക്ക് സുരക്ഷിതമോ?

Representative image

Updated on: 

കേരളത്തിലോടുന്ന ട്രെയ്‌നുകളിലും റെയ്‌ൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടത്ര പൊലീസിനെ നിയോഗിക്കുന്നതടക്കം സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, ഇപ്പോഴും യാത്രക്കാർ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാൻ കഴിയുന്നില്ല എന്നതാണു നിരാശാജനകമായിട്ടുള്ളത്. അതിൽ ഏറ്റവും അവസാനത്തെ സംഭവമുണ്ടായതു കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. ചിറയിൻകീഴിൽ നിന്നും രാവിലെ മലബാർ എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്‍റിൽ കയറിയ യുവതിയാണ് ട്രെയ്നിനുള്ളിലും പേട്ട റെയ്‌ൽവേ സ്റ്റേഷനിലും വച്ച് അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വിജീഷ് എന്നയാളാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കു പോകുകയായിരുന്ന യുവതിയെ ആക്രമിച്ചത്.

നിരവധി യാത്രക്കാരുള്ള ഒരു കംപാർട്ട്മെന്‍റിൽ വച്ച് പട്ടാപ്പകൽ യുവതിക്കു നേരേ ലൈംഗികാതിക്രമത്തിന് ഒരാൾ ശ്രമിച്ചു എന്നത് അതീവ ഗൗരവത്തിൽ കാണേണ്ടതാണ്. സഹയാത്രികർ ഇടപെട്ട് അക്രമിയെ പിടിച്ചുമാറ്റിയെങ്കിലും അയാൾ അതിക്രമം തുടർന്നു എന്നാണു പരാതി. യുവതി നൽകിയ മുന്നറിയിപ്പുകളും ഇയാൾ ക‍ണക്കിലെടുത്തില്ല. തനിക്കു നേരേയുള്ള ലൈംഗികാതിക്രമം ചോദ്യം ചെയ്തതിനാണ് ഇയാൾ പിന്നീടു യുവതിയെ ആക്രമിച്ചത്. പേട്ട റെയ്‌ൽവേ സ്റ്റേഷനിൽ യുവതി ഇറങ്ങിയപ്പോൾ അക്രമിയും ഒപ്പം ഇറങ്ങി. പ്രകോപിതനായി യുവതിയെ മർദിച്ചു. പരാതിപ്പെടുമെന്നു പറഞ്ഞ യുവതിയുടെ മുഖത്ത് മുഷ്ടിചുരുട്ടിയിടിക്കുകയും പ്ലാറ്റ്‌ഫോമിലേക്കു തള്ളിയിടുകയും ചെയ്തു. പരാതിപ്പെടുമ്പോൾ ഇതുകൂടി ചേർത്തു പറയണം എന്നുപറഞ്ഞായിരുന്നു ആക്രമണം. ബോധരഹിതയായി തറയില്‍ വീണ യുവതിയെ ചവിട്ടാന്‍ ശ്രമിച്ച അക്രമിയെ സമീപത്തുണ്ടായിരുന്നവർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരുക്കേറ്റ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. തന്നെ കൊല്ലാനാണ് അക്രമി ശ്രമിച്ചതെന്നു യുവതി പറയുന്നുണ്ട്. തനിക്കുണ്ടായ ദുരനുഭവം മറ്റൊ‌രു സ്ത്രീക്കും ഉണ്ടാകരുതെന്ന ആവശ്യവുമായി യുവതി മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. കൂടുതൽ ആക്രമണത്തിൽ നിന്നു യുവതി രക്ഷപെട്ടത് യാത്രക്കാരുടെ ഇടപെടൽ കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ ഇനിയും എവിടെയും ആവർത്തിക്കാമെന്നതാണ് ഭയപ്പെടുത്തുന്ന യാഥാർഥ്യം.

ഈ സംഭവം ഉണ്ടായതിനു പിന്നാലെ ട്രെയ്നുകളിലും റെയ്‌ൽവേ സ്റ്റേഷൻ പരിസരങ്ങളിലും പരിശോധന കർശനമാക്കാൻ റെയ്‌ൽവേ പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. അതൊക്കെ എത്ര ദിവസമുണ്ടാകും, എത്ര ട്രെയ്‌നുകളിലുണ്ടാവും, എത്ര സ്റ്റേഷനുകളിലുണ്ടാവും എന്നു കണ്ടറിയേണ്ടതാണ്. 2011ൽ സൗമ്യ കൊല്ലപ്പെട്ട സംഭവമുണ്ടായതിനു ശേഷം ട്രെയ്‌നുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ടു നിരവധി നടപടികൾ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ, അതുകഴിഞ്ഞും ട്രെയ്‌നിൽ യാത്രക്കാരും ജീവനക്കാരും പലവിധ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. 'ഗോവിന്ദച്ചാമിമാർ' സുരക്ഷാഭീഷണി ഉയർത്തിയിട്ടുണ്ട്. ‌സുരക്ഷാ സംവിധാനങ്ങൾ വീണ്ടും തളർന്നുപോയിട്ടുണ്ട്. കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ പാലരുവി എക്സ്പ്രസിൽ വച്ച് ആറു വയസുകാരിക്കു നേരേ ക്രൂരമായ ലൈംഗികാതിക്രമം നടന്നത് കഴിഞ്ഞ മേയ് മാസത്തിലാണ്. ജനറൽ കംപാർട്ട്മെന്‍റിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ടുപോയാണ് സാനിഷ് എന്ന അക്രമി ഉപദ്രവിച്ചത്. ഉപദ്രവിക്കുന്നത് അടുത്ത സീറ്റിലുണ്ടായിരുന്ന സ്ത്രീയുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അക്രമിയിൽ നിന്നു കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞത്.

മുംബൈ എൽടിടി സ്പെഷ്യൽ ട്രെയ്നിലെ ഭിന്നശേഷി കോച്ചിൽ കാഴ്ചപരിമിതിയുള്ള യുവതിക്കു നേരേ ലൈംഗികാതിക്രമ ശ്രമം നടന്നതു കഴിഞ്ഞ മാസമാണ്. കണ്ണൂരിനും പയ്യന്നൂരിനും ഇടയിൽ വച്ചായിരുന്നു കർണാടക സ്വദേശിയായ അക്രമി യുവതിയെ ആക്രമിച്ചത്. യുവതിയെ തള്ളി നിലത്തിട്ട അക്രമി കഴുത്തിലും മുഖത്തും പിടിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഒമ്പതു വയസുള്ള മകനൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. മകന്‍റെ സഹായത്തോടെ അപായച്ചങ്ങല വലിച്ച് ട്രെയ്‌ൻ നിർത്തിയാണ് വലിയ അപകടത്തിൽ നിന്നു രക്ഷപെട്ടത്. ട്രെയ്‌ൻ നിന്നപ്പോൾ ഇറങ്ങിയോടിയ പ്രതിയെ റെയ്‌ൽവേ പൊലീസ് പിടികൂടി. കോച്ചിൽ സുരക്ഷാ ജീവനക്കാരോ മറ്റു യാത്രക്കാരോ ഉണ്ടായിരുന്നില്ല. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് ജനറൽ കംപാർട്ട്മെന്‍റിൽ കയറിയ തിരുവനന്തപുരം പാലോട് സ്വദേശിനിയായ പത്തൊമ്പതുകാരിയെ മദ്യപിച്ചു ട്രെയ്‌നിൽ കയറിയ അക്രമി പുറത്തേക്കു ചവിട്ടിത്തെറിപ്പിച്ചതുപോലുള്ള സംഭവങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. പ്രതിയുടെ മോശമായ പെരുമാറ്റത്തെ യുവതിയും കൂട്ടുകാരിയും ചോദ്യം ചെയ്തതാണ് അന്ന് അയാളെ പ്രകോപിപ്പിച്ചത് എന്നാണു പറയുന്നത്. കൂട്ടുകാരിയെയും തള്ളിയിടാൻ ഇയാൾ ശ്രമിച്ചുവെങ്കിലും വാതിലിന്‍റെ കമ്പിയിൽ പിടിച്ചു തൂങ്ങിക്കിടന്നു രക്ഷപെടുകയായിരുന്നു.

ഇത്തരത്തിലുള്ള ഭീഷണികൾ ഒഴിവാക്കാൻ റെയ്‌ൽവേ പൊലീസിന്‍റെ സാന്നിധ്യം കംപാർട്ട്മെന്‍റുകളിൽ അത്യാവശ്യമാണ്. ട്രെയ്നുകളിൽ യാത്ര ചെയ്യുന്നവരിൽ പല തരത്തിലുള്ളവരും ഉണ്ടാകും. പൊലീസിന്‍റെ സാന്നിധ്യമുണ്ടെങ്കിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ഇല്ലാതാവും. മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ച് ലക്കുകെട്ടവർ ട്രെയ്‌നുകളിൽ അഴിഞ്ഞാടുന്നത് അവസാനിപ്പിക്കുക തന്നെ വേണം. ലഹരിവസ്തുക്കൾ ഉപയോഗിച്ച് ട്രെയ്നിൽ കയറി ശല്യം ചെയ്യുന്നവരെ പലപ്പോഴും യാത്രക്കാർക്കു നേരിടേണ്ടിവരുന്നുണ്ട്. പ്ലാറ്റ്ഫോമുകളിൽ അലഞ്ഞുതിരിയുന്ന ക്രിമിനലുകളെ പിടികൂടുന്നതടക്കം കാര്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ താത്പര്യം കാണിക്കേണ്ടിയിരിക്കുന്നു.