

പല സ്വരം വേണ്ട, ഈ അവസരത്തിൽ
File
സമീപകാലത്തു രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്‍റെ നടുക്കം വിട്ടുമാറിയിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാരായ 26 പേരുടെ ജീവനെടുത്ത ഭീകരർക്കെതിരേ മാത്രമല്ല അവർക്കു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരേ കൂടി ശക്തമായ നടപടികളുണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അക്രമത്തിന്‍റെ ഭീതിയൊഴിഞ്ഞ് സാധാരണ നിലയിലേക്കു തിരിച്ചുവന്നുകൊണ്ടിരുന്ന ജമ്മു കശ്മീരിനെ വീണ്ടും ഭീകരരുടെ താവളമാക്കാനുള്ള ശ്രമമാണ് ഇന്ത്യയ്ക്കു പ്രതിരോധിക്കേണ്ടത്. പഹൽഗാമിലെത്തിയ ടൂറിസ്റ്റുകൾക്കു നേരേ വെടിയുതിർത്തവർ ലക്ഷ്യമിട്ടത് കശ്മീരിൽ തങ്ങളുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് എല്ലാവരെയും അറിയിക്കുക എന്നതാവണം. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കശ്മീർ മാറിക്കൊണ്ടിരിക്കുന്നത് ഭീകരർക്കും പാക്കിസ്ഥാനും രുചിക്കുന്നുണ്ടാവില്ല. കശ്മീരിന്‍റെ ടൂറിസത്തെ തളർത്തുന്നതിനൊപ്പം രാജ്യത്തു മൊത്തത്തിൽ അസ്വസ്ഥതയുണ്ടാക്കുക എന്ന ലക്ഷ്യവും ഭീകരർക്ക് ഉണ്ടായിരുന്നിരിക്കണം. എന്തായാലും ആ ലക്ഷ്യത്തിൽ അവർ പരാജയപ്പെട്ടു. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള സംഘർഷമുണ്ടാക്കാൻ ഭീകരരുടെ നീചപ്രവൃത്തികൊണ്ട് കഴിഞ്ഞില്ല. ജനങ്ങൾ ഒറ്റക്കെട്ടായി ഭീകരർക്കെതിരേ നിലകൊള്ളുന്നതാണ് ജമ്മു കശ്മീരിൽ കണ്ടത്. മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെ ഭീകരപ്രവർത്തനത്തിന് അന്ത്യം കുറിക്കാൻ സർക്കാരിനു കഴിയും.
ഈ അവസരത്തിൽ മുഴുവൻ രാഷ്‌ട്രീയ കക്ഷികളും നേതാക്കളും രാഷ്‌ട്രീീയ ലക്ഷ്യങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. ഭീകരാക്രമണത്തിനു തക്ക തിരിച്ചടി നൽകാൻ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണു കേന്ദ്ര സർക്കാർ. എവിടെ, എപ്പോൾ, എങ്ങനെ തിരിച്ചടി നൽകണമെന്ന് സൈന്യത്തിനു തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നു ശക്തമായ തിരിച്ചടി പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നുമുണ്ട്. അതു പരസ്യമായി പറയുന്ന പാക് നേതാക്കൾ ആണവായുധ ഭീഷണി വരെ ഉയർത്തുന്നു. ഇന്ത്യ തിരിച്ചടിക്കു തയാറെടുപ്പുകൾ നടത്തുന്നതിനിടെ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ തുടങ്ങിയെന്ന് പാക്കിസ്ഥാനും അവകാശപ്പെടുന്നു. ചൈനയുടെ പുതിയ ദീർഘദൂര മിസൈലുകൾ പാക്കിസ്ഥാനു ലഭിച്ചുവെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. തുർക്കി വ്യോമസേനയുടെ വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ടെന്നാണു പറയുന്നത്. ഇന്ത്യയിലെ നിരപരാധികളായ ജനങ്ങളുടെ ജീവനെടുക്കാൻ ഭീകരർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്ത ശേഷം ഞങ്ങൾ ഒന്നുമറിഞ്ഞില്ല എന്നു ഭാവിക്കുന്ന പാക്കിസ്ഥാന്‍റെ കാപട്യം പ്രമുഖ ലോക രാജ്യങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. ശക്തമായ തിരിച്ചടി നൽകാനുള്ള ഇന്ത്യയുടെ അവകാശം അവർക്കെല്ലാം ബോധ്യപ്പെടുന്നതുമാണ്.
രാജ്യത്തിനു നേരേയുണ്ടായ ഭീഷണിക്കു ശക്തമായ മറുപടി നൽകേണ്ട അവസരത്തിൽ പ്രമുഖ രാഷ്‌ട്രീീയ കക്ഷികളുടെ നേതാക്കൾ പല സ്വരത്തിൽ സംസാരിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ചില കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരേ രംഗത്തുവരുന്നതും അതിനു പിന്നാലെ കോൺഗ്രസ്- ബിജെപി പോരാട്ടം മുറുകുന്നതും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാണുകയുണ്ടായി. പാക്കിസ്ഥാനുമായി യുദ്ധമല്ല, ചർച്ചയാണു വേണ്ടതെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന തന്നെ അനവസരത്തിലായി. രഹസ്യാന്വേഷണ, സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്നും സിദ്ധരാമയ്യ ആരോപിക്കുകയുണ്ടായി. ഈ വിഷയം ചർച്ച ചെയ്യാൻ പറ്റിയ സമയം ഇതല്ല. ഇപ്പോൾ സർക്കാരും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കേണ്ട സമയമാണ്. പാക്കിസ്ഥാനു വെള്ളം നൽകുന്നത് തടയരുതെന്ന വാദം ഉയർത്തിയ സൈഫുദീൻ സോസും വിവാദമുണ്ടാക്കുകയാണു ചെയ്തത്. കേന്ദ്ര സർക്കാർ മുസ്‌ലിംകളോടു വിവേചനം കാണിക്കുന്നതാണ് ഭീകരാക്രമണത്തിനു വഴിയൊരുക്കിയതെന്ന് റോബർട്ട് വാദ്ര ആരോപിച്ചു. മണിശങ്കർ അയ്യർ, വിജയ് വഡെറ്റിവാർ തുടങ്ങിയ നേതാക്കളുടെ അഭിപ്രായങ്ങളും കോൺഗ്രസിനു തലവേദനയുണ്ടാക്കുന്നതായി.
പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഏതു നടപടിക്കും പിന്തുണ നൽകുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കുകയും ചെയ്തതാണ്. അതിനു വിരുദ്ധമായി ഒരു നിലപാട് പാർട്ടിയുടെ ചില നേതാക്കൾ ഉയർത്തുന്നത് ന്യായീകരിക്കാവുന്നതല്ല. കോൺഗ്രസിന്‍റേത് പാക് അനുകൂല നിലപാടാണെന്ന് ബിജെപി ആരോപിക്കുന്നിടത്തു വരെ രാഷ്‌ട്രീയ തർക്കങ്ങൾ ചെന്നത്തിയതു നിർഭാഗ്യകരമാണ്. വീഴ്ചകൾ ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളെ നേരിടുന്നതിനാണു മുൻഗണനയെന്നുമുള്ള ശരത് പവാറിന്‍റെ നിലപാട് ഇതിനിടയിൽ ശ്രദ്ധേയമായി. സർക്കാരും പ്രതിപക്ഷവും ഒന്നിച്ചുനിന്നു വേണം ഇത്തരം സാഹചര്യങ്ങളിൽ രാജ്യത്തെ നയിക്കേണ്ടത്. അതിന് ഇരുപക്ഷവും മനസു കാണിക്കണം.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ശക്തമായ തെരച്ചിലാണു സൈന്യം നടത്തുന്നത്. ഇതിനിടെ കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാനു തക്കതായ തിരിച്ചടി ഇന്ത്യ നൽകുന്നുമുണ്ട്. ഇന്ത്യയുടെ തിരിച്ചടി വൈകില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നത്. പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം റദ്ദാക്കിയതും ഈ പശ്ചാത്തലത്തിലാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവർക്കും അത് ആസൂത്രണം ചെയ്തവർക്കും ഭീകരരുടെ രക്ഷകർത്താക്കൾക്കും സങ്കൽപ്പിക്കാനാവാത്ത തിരിച്ചടി നൽകുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരതയെ തച്ചുതകർക്കുക എന്നത് രാജ്യത്തിന്‍റെ ദൃഢനിശ്ചയമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഈ ലക്ഷ്യത്തിൽ കേന്ദ്രസർക്കാരിന് എല്ലാ ഭാഗത്തുനിന്നുള്ള പിന്തുണയും കിട്ടേണ്ടതുണ്ട്.