
എച്ച്1ബി വിസ ഫീസ് വർധന ട്രംപിന്‍റെ പ്രഹരം.
ഏതാനും ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിൽ ആശംസ നേരാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തെ നേരിട്ടു ഫോണിൽ വിളിച്ചിരുന്നു. ''എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോൾ മികച്ച ഫോൺ സംഭാഷണം നടന്നു. ഞാൻ അദ്ദേഹത്തിനു ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച പ്രവർത്തനമാണു കാഴ്‌ചവയ്ക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്കു നന്ദി''- സമൂഹമാധ്യമമായ ട്രൂത്തിൽ ട്രംപ് കുറിച്ചു. ആശംസ നേർന്നതിനു മോദി സമൂഹമാധ്യമത്തിലൂടെ ട്രംപിനു നന്ദി പറയുകയും ചെയ്തു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങളിൽ പരിഹാരമുണ്ടാക്കാനുള്ള ട്രംപിന്‍റെ നീക്കമായാണ് നേരിട്ടുള്ള ഫോൺ സംഭാഷണത്തെ പലരും കണ്ടത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയ ശേഷം മോദിയും ട്രംപും നേരിട്ടു സംസാരിക്കുന്നത് ആദ്യമായിരുന്നു. ഇന്ത്യയോട് അമെരിക്ക അകലുകയാണ് എന്ന സൂചനകൾ പുറത്തുവന്ന ദിവസങ്ങളിൽ നിന്നൊരു മാറ്റം ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പ്രതീക്ഷയോടെയാണ് പലരും ഉറ്റുനോക്കിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്കു വീണ്ടും ജീവൻ വച്ചതായും വിലയിരുത്തലുകളുണ്ടായി. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം യുഎസിൽ ബന്ധപ്പെട്ടവരുമായി നടത്തുന്ന വ്യാപാര കരാർ ചർച്ചകളിൽ ഏറെ പ്രതീക്ഷയാണുള്ളത്. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇതെല്ലാം ഇന്ത്യ-യുഎസ് ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നു കരുതിയിരിക്കുമ്പോഴാണു മറ്റൊരു കനത്ത തിരിച്ചടി കൂടി ട്രംപ് നൽകുന്നത്. എച്ച്1ബി വിസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ കൂട്ടിയിരിക്കുകയാണ് അമെരിക്ക. ഏകദേശം 88 ലക്ഷം രൂപ (ഒരു ലക്ഷം യുഎസ് ഡോളർ)യാണ് പുതിയ ഫീസ്. എച്ച്1ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തുന്നു എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. പിന്നീട് യുഎസ് ഭരണകൂടത്തിന്‍റെ വിശദീകരണം വന്നു. അതനുസരിച്ച് നിലവിലുള്ള വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ല. പുതിയ അപേക്ഷകൾ നൽകുമ്പോഴുള്ള ഒറ്റത്തവണ ഫീസാണ് ഇതെന്നു പറയുന്നുണ്ട്. നിലവിൽ വിസയുള്ളവരെ വർധന ബാധിക്കില്ലെന്നു പറഞ്ഞാൽ പോലും ട്രംപിന്‍റെ നടപടി ഒരു ചെറിയ കാര്യമല്ല. പുതുതായി അമെരിക്കയിൽ തൊഴിലെടുക്കാൻ പോകുന്നതിന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും തിരിച്ചടിയാണ് ഈ തീരുമാനം. ഉയർന്ന വൈദഗ്ധ്യം വേണ്ടിവരുന്ന തൊഴിൽ രംഗങ്ങളിൽ യുഎസിൽ ജോലി കിട്ടുന്നതിന് വിദേശ രാജ്യങ്ങളിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വിസയെയാണ്. അമെരിക്കയിൽ നിലവിലുള്ള എച്ച്1ബി വിസക്കാരിൽ 70 ശതമാനത്തിലേറെയും ഇന്ത്യക്കാരുമാണ്.
ഐടി മേഖലയിൽ അടക്കം ജോലിക്കായി ഇന്ത്യയിൽ നിന്ന് നിരവധി യുവാക്കൾ ഈ വിസയിൽ പോയിട്ടുണ്ട്. ഇനിയും ധാരാളം യുവാക്കൾ പോകാനിരിക്കുകയുമാണ്. കേരളത്തിൽ നിന്നു തന്നെ എത്രയോ യുവാക്കളാണ് യുഎസ് ലക്ഷ്യമാക്കുന്നത്. അവർക്കെല്ലാം തിരിച്ചടിയാവും ട്രംപിന്‍റെ ഈ നീക്കം എന്നതിൽ സംശയമില്ല. താങ്ങാനാവാത്ത ഫീസ് നൽകണമെന്നതിനാൽ വിദേശ രാജ്യങ്ങളിലെ വിദഗ്ധരെ ജോലിക്കു നിയമിക്കാൻ യുഎസ് കമ്പനികൾ മടിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ഇന്ത്യക്കാർ അടക്കം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിൽ അവസരങ്ങൾ ഗണ്യമായി കുറയും. അമെരിക്കക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവുന്നതിനും കുടിയേറ്റം നിയന്ത്രിക്കുന്നതിനുമാണ് ഫീസ് കുത്തനെ ഉയർത്തുന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. യുഎസിലെ ജീവനക്കാരെ പിരിച്ചുവിടുന്ന കമ്പനികൾ എച്ച്1ബി വിസയിൽ പുറത്തുനിന്നുള്ളവരെ ജോലിക്കു നിയോഗിക്കുന്നുവെന്നാണു ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഫീസ് വർധന മൂലം പുറത്തുനിന്നു വൈദഗ്ധ്യമുള്ളവരെ കൊണ്ടുവരുന്നത് ചെലവു വല്ലാതെ കൂട്ടുമെന്നു വന്നാൽ അതിന് അമെരിക്കൻ കമ്പനികൾ മടികാണിക്കും. എന്നാൽ, ഇപ്പോൾ എച്ച്1ബി വിസക്കാർക്കു നൽകുന്നതിനെക്കാൾ കൂടുതൽ പ്രതിഫലം യുഎസിലുള്ള ജീവനക്കാർക്കു കമ്പനികൾ നൽകേണ്ടിവരും. അതു കമ്പനികളുടെ ലാഭത്തെ ബാധിക്കുന്നതാണ്. കുടിയേറ്റം നിരുത്സാഹപ്പെടുത്തുമ്പോൾ വൈദഗ്ധ്യമുള്ളവരുടെ കുറവും യുഎസ് കമ്പനികളെ ബാധിച്ചേക്കാം. ആമസോണും മൈക്രോസോഫ്റ്റും മെറ്റയും പോലുള്ള കമ്പനികൾ ഓരോ വർഷവും എച്ച്1ബി വിസയിൽ ആയിരക്കണക്കിനാളുകളെ നിയമിക്കുന്നുണ്ട്.
യുഎസിലെ ജോലിസാധ്യത കൂടി മുൻകൂട്ടിക്കണ്ട് പഠനത്തിനായി ധാരാളം വിദ്യാർഥികൾ ഇന്ത്യയിൽ നിന്നു യുഎസിലേക്കു പോകുന്നുണ്ട്. പുതിയ സാഹചര്യത്തിൽ അവർ യുഎസ് വേണ്ട എന്നു ചിന്തിച്ചേക്കാം. അതു യുഎസിലെ സർവകലാശാലകൾക്കു തിരിച്ചടിയാവാം. അതുകൊണ്ടൊക്കെ തന്നെ ട്രംപിന്‍റെ ഈ തീരുമാനത്തോട് എതിർപ്പുള്ളവർ ആ നാട്ടിൽ തന്നെ ഉണ്ടാവാം. എന്തായാലും യുഎസ് നയത്തിലെ ഈ മാറ്റം ഇന്ത്യക്കാരെ ബാധിക്കുമെന്നതിനാൽ അതു ട്രംപിനു മുന്നിൽ ശക്തമായി ഉന്നയിക്കേണ്ടതുണ്ട്. യുഎസ് ഭരണകൂടം ഉറച്ചുനിന്നാൽ പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന് ഇന്ത്യയ്ക്കു വളരെ ഗൗരവത്തോടെ ആലോചിക്കേണ്ടതായും വരും. അമെരിക്കയെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്നതാവും ഇന്ത്യക്കാർക്കു മുന്നിലുള്ള മാർഗം. മറ്റു വിദേശ രാജ്യങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കമ്പനികളും ശ്രമിക്കേണ്ടിവരും. സ്വദേശി മന്ത്രം കൂടുതൽ ശക്തമായി സർക്കാരിന് ഉപദേശിക്കേണ്ടതായും വരും.