ഉപരാഷ്‌ട്രപതിയുടെ അപ്രതീക്ഷിത രാജി

. പെട്ടെന്നുള്ള ഈ രാജിക്കു പിന്നിൽ മറ്റു പല കാരണങ്ങളും സംശയിക്കുന്നുണ്ട്.
editorial on Vice President Dhankar resign
ഡോ. ജഗ്ദീപ് ധന്‍കര്‍file
Updated on

ഉപരാഷ്‌ട്രപതി സ്ഥാനത്തു നിന്നുള്ള ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജി അസാധാരണമായ ഒരു സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെയാണ് രാജ്യസഭയുടെ ചെയർമാൻ കൂടിയായ ഉപരാഷ്‌ട്രപതി രാജിവച്ചത്. പാർലമെന്‍റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ രാജ്യസഭയുടെ അധ്യക്ഷൻ സ്ഥാനമൊഴിഞ്ഞു എന്നതാണു പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. കാലാവധി കഴിയും മുൻപ് ഇത്തരത്തിൽ രാജിവയ്ക്കുന്ന ആദ്യ ചെയർമാനാണു ധൻകർ. ഇടയ്ക്കു വച്ച് രാജിവച്ച രണ്ട് ഉപരാഷ്‌ട്രപതിമാരാണ് ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്. വി.വി. ഗിരിയും ആർ. വെങ്കിട്ടരാമനുമാണത്. പാർലമെന്‍റ് സമ്മേളനം നടന്നുകൊണ്ടിരിക്കെയല്ല അവർ രാജിവച്ചത്. എന്നുമാത്രമല്ല അവരുടെ രാജി രാഷ്‌ട്രപതിസ്ഥാനത്തേക്കു മത്സരിക്കാനുമായിരുന്നു. രണ്ടുപേരും രാഷ്‌ട്രപതിമാരാവുകയും ചെയ്തു.

എന്നാൽ, ആരോഗ്യകരമായ കാരണങ്ങൾ പറഞ്ഞാണ് ധൻകർ സ്ഥാനമൊഴിഞ്ഞത്. പെട്ടെന്നുള്ള ഈ രാജിക്കു പിന്നിൽ മറ്റു പല കാരണങ്ങളും സംശയിക്കുന്നുണ്ട്. അതെന്ത് എന്നതിനെച്ചൊല്ലിയുള്ള ചർച്ചകളും നടക്കുകയാണ്. മൺസൂൺ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായിരുന്ന കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ചെയറിൽ സജീവമായിരുന്നു ഉപരാഷ്‌ട്രപതി. അദ്ദേഹത്തിന്‍റെ ഒരാഴ്ചത്തേക്കുള്ള പൊതുപരിപാടികളും ധൻകറിന്‍റെ ഓഫിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ചയുണ്ടായ ചില സംഭവവികാസങ്ങളെത്തുടർന്ന് ഉടൻ രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണു പറയുന്നത്. സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം രാജിക്കു കാരണമായെന്നു പൊതുവിൽ വിലയിരുത്തലുകളുണ്ട്.

അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയമാണ് സർക്കാരും ധൻകറുമായുള്ള ബന്ധം വഷളാക്കിയതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജസ്റ്റിസ് വർമയ്ക്കെതിരേ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംപിമാരുടെ പിന്തുണയോടെ പ്രമേയം കൊണ്ടുവരാനായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നീക്കം. എന്നാൽ, 63 പ്രതിപക്ഷ എംപിമാർ ഒപ്പുവച്ച ഇംപീച്ച്മെന്‍റ് പ്രമേയത്തിനു നോട്ടീസ് ലഭിച്ചതായി ധൻകർ തിങ്കളാഴ്ച രാജ്യസഭയിൽ അറിയിച്ചു. ഇതു ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനു പരിഗണിക്കുമെന്നും പ്രഖ്യാപിച്ചു. സർക്കാർ നീക്കത്തിന് ഇതു തിരിച്ചടിയായി. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പോടുകൂടി ഇംപീച്ച്മെന്‍റ് പ്രമേയം ലോക്സഭയിൽ ആദ്യം അവതരിപ്പിക്കാൻ ഭര‍ണപക്ഷം ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ ധൻകർ തിടുക്കത്തിൽ നടപടിയെടുത്തത് എന്നാണു പറയുന്നത്. എന്തായാലും സർക്കാരും ധൻകറും തമ്മിലുള്ള ബന്ധം ഇതു മോശമാക്കി എന്നാണു കരുതേണ്ടത്. മുതിർന്ന മന്ത്രിമാർ നേരിട്ട് ധൻകറെ വിളിച്ച് വിയോജിപ്പ് അറിയിച്ചെന്നു റിപ്പോർട്ടുണ്ട്.

ഇത്തരത്തിൽ ഭിന്നത നിലനിൽക്കുന്നതിനിടെ തിങ്കളാഴ്ച ചേർന്ന രാജ്യസഭാ കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് സഭാധ്യക്ഷൻ കൂടിയായ മന്ത്രി ജെ.പി. നഡ്ഡയും പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവും വിട്ടുനിന്നതു കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും പറയുന്നുണ്ട്. സർക്കാർ തന്നെ അപമാനിച്ചതായി തോന്നിയ ധൻകർ രാജിക്കു തീരുമാനിച്ചെന്നും സർക്കാർ അതിനു മൗനസമ്മതം അറിയിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരും ബിജെപി നേതൃത്വവുമായി ധൻകറിന്‍റെ ബന്ധം കുറച്ചുകാലമായി മോശമായി വരുകയായിരുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്. ജുഡീഷ്യറിക്കെതിരേ ധൻകർ നിരന്തരം വിമർശനമുന്നയിക്കുന്നതിൽ കേന്ദ്ര സർക്കാരിന് അതൃപ്തിയുണ്ടായിരുന്നുവത്രേ. ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കു മറ്റു ചില നേതാക്കളെ കൊണ്ടുവരുന്നതിന് ബിജെപിക്കു താത്പര്യമുണ്ടെന്നും ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ കാണുന്നുണ്ട്. എന്തായാലും അനാരോഗ്യമാണ് രാജിക്കു കാരണമെങ്കിൽ അത് പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനു മുൻപാകാമായിരുന്നു. അതുണ്ടായില്ല എന്നതിനാൽ മറ്റു കാരണങ്ങളാവാം ഈ രാജിയിലേക്കു നയിച്ചത്.

പശ്ചിമ ബംഗാൾ ഗവർണറായിരിക്കെ 2022ലാണ് ധൻകർ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടു പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. രാജ്യസഭാധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിനു പരാതിയുണ്ടായിരുന്നു. പക്ഷപാതപരമായി പെരുമാറുന്നു എന്നതായിരുന്നു ആരോപണം. ഇംപീച്ച്മെന്‍റ് പ്രമേയം വരെ അവർ രാജ്യസഭയിൽ കൊണ്ടുവന്നു. ഭരണഘടനയുടെ ആമുഖത്തിൽ "മതേതരത്വ'വും "സോഷ്യലിസ'വും ഉൾപ്പെടുത്തിയതിനെതിനെ അദ്ദേഹം ചോദ്യം ചെയ്തതും ചർച്ചയായതാണ്. എന്തായാലും എത്രയും വേഗം പുതിയ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുകയാണ് ഇനി ആവശ്യമായിട്ടുള്ളത്. ഉപരാഷ്‌ട്രപതി രാജിവച്ചാൽ 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തണമെന്നാണല്ലോ ചട്ടം. ഇരുസഭകളിലെയും എംപിമാരുൾപ്പെട്ട ഇലക്റ്ററൽ കോളെജാണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ലോക്സഭയിലും രാജ്യസഭയിലുമായി 780ൽ ഏറെ അംഗങ്ങളുണ്ട്. ഇതിൽ എൻഡിഎയ്ക്ക് 422 പേരുടെ പിന്തുണയുണ്ട് എന്നതിനാൽ അവരുടെ സ്ഥാനാർഥി അനായാസം വിജയിക്കും. ഭര‍ണപക്ഷ സ്ഥാനാർഥിയാരെന്നും പ്രതിപക്ഷം ആ സ്ഥാനാർഥിയെ പിന്തുണയ്ക്കുമോയെന്നും കാത്തിരുന്നു കാണണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com