ഒഴിവാക്കൂ, വെള്ളക്കെട്ടുകൾ| മുഖപ്രസംഗം

തോടുകളും കാനകളും നന്നാക്കുന്നതുപോലുള്ള മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ജനജീവിതത്തിനു തടസമായേക്കാം.
ഒഴിവാക്കൂ, വെള്ളക്കെട്ടുകൾ| മുഖപ്രസംഗം

സംസ്ഥാനത്തു വേനൽ മഴ അതിശക്തമാവുമെന്ന മുന്നറിയിപ്പുകളാണ് ഈ ദിവസങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സാമാന്യം ശക്തമായ മഴ മറ്റു ജില്ലകളിലും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കണമെന്നാണു മുന്നറിയിപ്പുള്ളത്. തീരദേശത്തും മലയോരത്തും ഒരുപോലെ ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഈ ദിവസങ്ങളിൽ മുന്നിൽ കാണുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും രൂപപ്പെട്ടിരിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് മുപ്പത്തൊന്നോടെ കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം കണക്കുകൂട്ടുന്നത്. ഇത്തവണ നല്ല മഴ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലത്തിനായി ഇനി കാത്തിരിക്കേണ്ടതില്ലെന്നാണ് ഇതിനർഥം.

നഗരങ്ങൾ വെള്ളക്കെട്ടിലാവാനുള്ള സാധ്യത ഈ ദിവസങ്ങളിൽ കൂടുതലാണ്. തോടുകളും കാനകളും നന്നാക്കുന്നതുപോലുള്ള മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ജനജീവിതത്തിനു തടസമായേക്കാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പെയ്ത മഴയിൽ കണ്ടതും അതാണ്. ഒരു നല്ല വേനൽ മഴ കൊണ്ട് തലസ്ഥാന നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ഒരു വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന എൺപത്തിരണ്ടുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. നിരവധി വീടുകൾ വെള്ളവും ചെളിയും കയറി നാശമായിട്ടുണ്ട്. സ്മാർട്ട് റോഡ് നിർമാണം നടക്കുന്ന പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.

സ്മാർട്ട് റോഡ് നിർമാണം നടക്കുന്ന അട്ടക്കുളങ്ങര- കിള്ളിപ്പാലം റോഡ് തോടായി മാറുകയായിരുന്നു. ചാലയിൽ കടകളിലേക്കു വെള്ളം കയറി കച്ചവടക്കാർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. മുക്കോലയ്ക്കൽ, കുളത്തൂർ, കുമാരപുരം, ഉള്ളൂർ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഓടകൾ ശുചീകരിക്കാത്തത് വെള്ളക്കെട്ടിനു കാരണമായതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഴ വെള്ളം കൃത്യമായി ഒലിച്ചുപോകാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ തലസ്ഥാന നഗരി പരാജയപ്പെടുന്നു എന്നതു സർക്കാരിനും കോർപ്പറേഷനും നാണക്കേടാണ്. നഗരത്തിലെ വെള്ളക്കെട്ട് ആളെ കൊല്ലുന്നത് ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് കാസർഗോഡ് മുതലുള്ള ആളുകൾക്ക് പല കാര്യങ്ങൾക്കായി തലസ്ഥാന നഗരിയിലേക്ക് എത്തേണ്ടതുണ്ട്. സ്വാഭാവികമായും അവരെയെല്ലാം ബാധിക്കുന്നതാണ് തിരുവനന്തപുരത്തുണ്ടാവുന്ന വെള്ളക്കെട്ടുകൾ. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാം താമസിക്കുന്ന പ്രധാന നഗരത്തിൽ പോലും വെള്ളം ഒഴിഞ്ഞുപോകാനുള്ള ഏർപ്പാടുകൾ മഴയ്ക്കു മുൻപ് ചെയ്തിട്ടില്ല എന്നു വരുന്നത് വലിയ പാളിച്ച തന്നെയാണ്. തുടർച്ചയായി എല്ലാ മഴക്കാലത്തും ഇതു സംഭവിക്കുന്നതിന് അധികൃതരുടെ പരാജയം എന്നതല്ലാതെ എന്തു ന്യായമാണുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കാൻ എത്രയോ കോടികൾ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും നല്ലൊരു വേനൽ മഴയ്ക്ക് നഗരപ്രദേശങ്ങൾ വെള്ളത്തിലാവുന്നു!

നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിങ് മെഷീൻ വാങ്ങാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. കൊച്ചിയിൽ പരീക്ഷിച്ചു വിജയിച്ചതാണ് ഈ മെഷീനെന്നു പറഞ്ഞാണ് ഇതു വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്ലാബുകൾ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിനു കഴിയും. കൊച്ചിയിൽ സക്ഷൻ കം ജെറ്റിങ് മെഷീൻ ഉപയോഗിച്ചതിനാൽ എംജി റോഡിലെ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നത്. നല്ല മഴ പെയ്യുമ്പോൾ അറിയാം കൊച്ചിയിൽ ഈ മെഷീൻ എങ്ങനെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന്. എന്തായാലും തിരുവനന്തപുരത്ത് പുതിയ മെഷീൻ ലഭ്യമാവുന്നതു വരെ നെടുമ്പാശേരി വിമാനത്താവളത്തിലെ പകരം സംവിധാനം ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്. ഏതു മെഷീൻ ഉപയോഗിച്ചായാലും മഴ പിടിക്കും മുൻപ് ഓടകൾ വൃത്തിയാക്കുന്നത് അടക്കം ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷനു കഴിയണം. പണി നടക്കുന്ന റോഡുകളിൽ വെള്ളം കെട്ടിനിൽക്കാൻ പാകത്തിനുള്ള തടസങ്ങൾ കഴിയുന്നത്ര നീക്കണം.

Trending

No stories found.

Latest News

No stories found.