ക്ഷേമപെൻഷനുകൾ മുടക്കരുത്| മുഖപ്രസംഗം

ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ശതമാനം ഇരട്ടയക്കത്തിലുള്ള പല സംസ്ഥാനങ്ങളും രാജ്യത്തുണ്ട്.
Representative image
Representative image

ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിനു മാതൃകയായ സംസ്ഥാനമാണു കേരളം. കഴിഞ്ഞ വർഷങ്ങളിലെയെല്ലാം നീതി ആയോഗിന്‍റെ റിപ്പോർട്ടുകളിൽ അതു വ്യക്തമായി കാണാവുന്നതാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ശതമാനം ഇരട്ടയക്കത്തിലുള്ള പല സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. ബഹുമുഖ ദാരിദ്ര്യം ഗണ്യമായി കുറഞ്ഞിട്ടും ബിഹാറിൽ ഇപ്പോഴും 26 ശതമാനത്തിലേറെയാണ് ദാരിദ്ര്യം അനുഭവിക്കുന്നവർ. ഏറ്റവും പുതിയ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 17 ശതമാനത്തിലേറെ ആളുകൾ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലുമെല്ലാം ഇരട്ടയക്കത്തിലാണ് ബഹുമുഖ ദാരിദ്ര്യ ശതമാനം. എന്നാൽ, കേരളത്തിൽ വർഷങ്ങളായി അത് ഒരു ശതമാനത്തിൽ താഴെയാണ്. 2015-16ൽ 0.70 ശതമാനമായിരുന്നത് 2019-21 ആയപ്പോഴേക്കും 0.55 ശതമാനമായി കുറഞ്ഞു. അടുത്തിടെ പുറത്തുവന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് 0.48 ശതമാനം പേരാണ് കേരളത്തിൽ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നത്. ആന്ധ്രയിൽ 4.19, തെലങ്കാനയിൽ 3.76, തമിഴ്നാട്ടിൽ 1.43, പുതുച്ചേരിയിൽ 0.58 ശതമാനം വീതമാണ് ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ.

അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇത്രയും കുറവായ സംസ്ഥാനം എന്നത് നമുക്ക് എവിടെയും അഭിമാനത്തോടെ പറയാവുന്നതാണ്. ഇതിനൊപ്പമാണ് സംസ്ഥാന സർക്കാരിന്‍റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി. തീർച്ചയായും അതും രാജ്യത്തിനു മാതൃകയായി തീരാവുന്നത്. 2025 നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. 64,006 കുടുംബത്തിൽ പെട്ട 103099 പേർ അതിദാരിദ്ര്യം അനുഭവിക്കുന്നവരായി സർവെയിലൂടെ കണ്ടെത്തി അവരെയെല്ലാം ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാനുള്ള പദ്ധതികളാണു തയാറാക്കി നടപ്പാക്കുന്നത്. ഭക്ഷണവും ചികിത്സയും അടിയന്തരമായി ലഭ്യമാക്കാൻ പ്രഥമ പരിഗണന നൽകിയുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യ ഇൻഷ്വറൻസും സാമൂഹിക സുരക്ഷാ പെൻഷനും ഉറപ്പാക്കുന്നതും ഉൾപ്പെടുന്നുണ്ട്. സർവെയിലൂടെ കണ്ടെത്തിയവരിൽ 40 ശതമാനം പേരെ 2023 നവംബർ ഒന്നോടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കണമെന്ന ലക്ഷ്യം മറികടക്കാൻ സർക്കാരിനായി എന്നാണ് അവകാശപ്പെട്ടിരുന്നത്. നവംബറിൽ ആദ്യ ഘട്ടം പൂർത്തീകരണ പ്രഖ്യാപനം നടന്നപ്പോൾ 30,658 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. വരുന്ന നവംബർ ഒന്നോടെ 90 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നതെന്നു സർക്കാർ പറയുന്നു.

അതിനിടയിലാണ് മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ദാരിദ്ര്യത്തിലായി, കടം വാങ്ങി മടുത്ത് ഭിന്നശേഷിക്കാരനായ വയോധികൻ ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവരുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന എഴുപത്തേഴുകാരൻ മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയിരുന്നുവത്രേ. ജോസഫിന്‍റെ മകൾ നാൽപ്പത്തേഴു വയസുള്ള ജിൻസി കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ജോസഫ് നടക്കുന്നത്. മാസങ്ങളായി പെൻഷൻ മുടങ്ങിയപ്പോൾ കടം വാങ്ങി മടുത്തു എന്നാണു പറയുന്നത്. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തേ പഞ്ചായത്തു സെക്രട്ടറിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും പറയുന്നുണ്ട്.

അതേസമയം, ആത്മഹത്യയുടെ കാരണം പെൻഷൻ കിട്ടാത്തതാണെന്നു പറയാനാവില്ലെന്ന നിലപാടാണു പഞ്ചായത്തിനുള്ളത്. ജോസഫ് നേരത്തേയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ആളാണെന്നും പല ആവശ്യങ്ങളും ഉന്നയിച്ച് ഇദ്ദേഹം മുൻപും കലക്റ്റർക്ക് ഉൾപ്പെടെ കത്തുനൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. തൊഴിലുറപ്പു പദ്ധതിയിൽ ജോസഫിനു കൂലി ലഭിക്കുന്നുണ്ടെന്നും അവർ പറയുന്നുണ്ട്. ഭിന്നശേഷിക്കാരിയായ മകളെ നേരത്തേ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതാണെന്നും പറയുന്നു. എന്തായാലും തീർത്തും ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. പെൻഷൻ മുടങ്ങിയതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയുടെ കാരണമെങ്കിൽ അത് വളരെ ഗൗരവമുള്ള വിഷയമാണ്.

ഒരുവശത്ത് അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ തന്നെയാണ് തുച്ഛമായ ക്ഷേമപെൻഷനുകൾ മാസങ്ങളോളം മുടക്കി അതുമാത്രം ആശ്രയമാക്കി കഴിയുന്ന ലക്ഷങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നത്. ശമ്പളവും പെൻഷനുകളും കൃത്യമായി ലഭിച്ചില്ലെങ്കിൽ നിത്യജീവിതം പ്രതിസന്ധിയിലാവുന്ന നിരവധിയാളുകൾ സംസ്ഥാനത്തുണ്ട്. ക്ഷേമപെൻഷനുകൾ കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികൾ നിർബന്ധമായും ഉണ്ടാവേണ്ടതാണ്. അഞ്ചും ആറും മാസം പെൻഷൻ മുടങ്ങിയാൽ എങ്ങനെയാണ് അതിനെ ആശ്രയിക്കുന്നവർ ദാരിദ്ര്യം അനുഭവിക്കാതിരിക്കുക. സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ എന്തായാലും പാവപ്പെട്ട ജനങ്ങളല്ല. പ്രതിസന്ധിയുടെ പേരു പറഞ്ഞ് അവരെ അവഗണിക്കരുത്.

Trending

No stories found.

Latest News

No stories found.