പദ്മ പുരസ്കാരങ്ങൾ: അർഹിക്കുന്ന അംഗീകാരം

കേന്ദ്രത്തിലെ ബിജെപി സർക്കാർ രാഷ്‌ട്രീയ ആയുധമായി പദ്മ പുരസ്കാരങ്ങളെ ഉപയോഗിക്കുന്നുവെന്നു കോൺഗ്രസ് ആരോപിക്കുകയാണ്.
editorial padma awards

പദ്മ പുരസ്കാരങ്ങൾ: അർഹിക്കുന്ന അംഗീകാരം

Updated on

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യം എല്ലാ വർഷവും പ്രഖ്യാപിക്കുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലുൾപ്പെടുന്നതാണ് പദ്മ പുരസ്കാരങ്ങൾ. അതിനു മുകളിൽ ഭാരതരത്നം മാത്രമേയുള്ളൂ. വിവിധ മേഖലകളിലെ വിശിഷ്ട സേവനം കണക്കിലെടുത്താണു പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിക്കുക പതിവ്. കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹിക സേവനം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതു നമ്മുടെ കടമയാണ്.

രാഷ്‌ട്ര നിർമാണത്തിന് ഉപകരിക്കുന്ന വിലപ്പെട്ട സേവനങ്ങളെ അംഗീകരിക്കുന്നതു സമൂഹത്തിനു പ്രചോദനമായി തീരുകയും ചെയ്യും. ആ നിലയ്ക്കു വളരെയേറെ പ്രസക്തമാണു പദ്മ പുരസ്കാരങ്ങൾ. എന്നാൽ, ചില സന്ദർഭങ്ങളിലെങ്കിലും പുരസ്കാര ജേതാക്കളെ നിർണയിക്കുന്നതിൽ രാഷ്‌ട്രീയ താത്പര്യങ്ങൾ ആരോപിക്കപ്പെടാറുണ്ട്. ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനത്തിനു ശേഷവും അത്തരം ആരോപണം ഇല്ലാതില്ല.

കേന്ദ്രത്തിലെ ബിജെപി സർക്കാർ രാഷ്‌ട്രീയ ആയുധമായി പദ്മ പുരസ്കാരങ്ങളെ ഉപയോഗിക്കുന്നുവെന്നു കോൺഗ്രസ് ആരോപിക്കുകയാണ്. അതേസമയം, കോൺഗ്രസ് ഭരണകാലത്താണു പുരസ്കാരങ്ങളെ രാഷ്‌ട്രീയ താത്പര്യത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നു ബിജെപിയും ആരോപിക്കുന്നു. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇത്തവണ പുരസ്കാരത്തിനു കൂടുതൽ പരിഗണന നൽകി എന്നാണു വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

പുരസ്കാരങ്ങളിൽ 37 ശതമാനവും തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് എന്നത്രേ ഇവരുടെ വാദം. പദ്മവിഭൂഷൺ നേടിയ അഞ്ചിൽ മൂന്നു പേരും കേരളത്തിൽ നിന്നുള്ളവരാണെന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. രാഷ്‌ട്രീയ താത്പര്യങ്ങളെക്കുറിച്ച് ഏതൊക്കെ വിധത്തിൽ ചർച്ചകൾ നടന്നാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിന് അർഹിക്കുന്ന അംഗീകാരം തന്നെയാണിത്. സംസ്ഥാനത്തുനിന്ന് പദ്മ പുരസ്കാരങ്ങൾ നേടിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നവരുമാണ്. അവരുടെ ഈ നേട്ടത്തെ രാഷ്‌ട്രീയ കണ്ണുകളോടെ നമുക്കു കാണാതിരിക്കാം.

മുൻ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദനും റിട്ട. സുപ്രീം കോടതി ജഡ്ജി കെ.ടി. തോമസും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും "ജന്മഭൂമി' സ്ഥാപക പത്രാധിപരുമായ പി. നാരായണനുമാണ് കേരളത്തിൽ നിന്ന് ഇക്കുറി പദ്മവിഭൂഷൺ നേടിയത്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ജേതാക്കളിൽ ഇടം നേടിയിട്ടുണ്ട്.

കലാമണ്ഡലം വിമല മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും വീരപ്പൻ വേട്ടയ്ക്കു നേതൃത്വം നൽകിയ ഐപിഎസ് ഉദ്യോഗസ്ഥൻ വിജയ്കുമാറിനും പദ്മശ്രീ ലഭിച്ചിരിക്കുന്നു. വിവിധ രംഗങ്ങളിൽ കേരളം നൽകുന്ന സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ ഇതിനെ കാണണം. അച്യുതാനന്ദൻ എന്ന ധീരസഖാവ് ഈ നാടിനു നൽകിയിട്ടുള്ള സംഭാവനകൾ രാഷ്‌ട്രീയമായി എതിരഭിപ്രായമുള്ളവർക്കുപോലും നിഷേധിക്കാനാവില്ല.

സാധാരണക്കാരും പാവപ്പെട്ടവരുമായ ജനലക്ഷങ്ങളുടെ ക്ഷേമത്തിനു വേണ്ടി നിരന്തരം പോരാട്ടങ്ങൾ നയിച്ച നേതാവായിരുന്നു അദ്ദേഹം. തൊഴിലാളി നേതാവ്, വിപ്ലവകാരി, സ്വാതന്ത്ര്യ സമര സേനാനി, രാഷ്‌ട്രീയ നേതാവ് തുടങ്ങി പ്രവർത്തന രംഗത്തെ ഓരോ ഘട്ടവും വിഎസ് പോരാട്ടത്തിന്‍റേതാക്കി മാറ്റി. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്താൻ അദ്ദേഹത്തിനായി.

രാഷ്‌ട്രം ശ്രദ്ധിച്ച നിരവധി സുപ്രധാന വിധികളുടെ ഭാഗമായിരുന്നു ജസ്റ്റിസ് കെ.ടി. തോമസ്. രാജ്യത്തു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നിയമപണ്ഡിതരിൽ ഒരാൾ. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ശേഷവും പൊതുരംഗത്ത് അദ്ദേഹം സജീവം. മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ അംഗം. മാധ്യമ പ്രവർത്തകർക്കും സംഘ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഇടയിൽ നാരായൺജി എന്ന പേരിൽ സുപരിചിതനായ പി. നാരായണൻ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളാണ്, ഒട്ടേറെ മാധ്യമപ്രവർത്തകരുടെ ഗുരുസ്ഥാനീയനാണ്, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അന‌ുഭവിച്ച മാധ്യമപ്രവർത്തകനുമാണ്.

മലയാളികൾക്ക് എത്രമാത്രം പ്രിയങ്കരനാണു മമ്മൂട്ടിയെന്ന് എടുത്തു പറയേണ്ടതില്ല. അഞ്ചു പതിറ്റാണ്ടായി അഭിനയരംഗത്തു സജീവമായ മമ്മൂട്ടി മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. അഭിനയ കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചിട്ടുള്ള മഹാനടന് ഇതിനു മുൻപേ തന്നെ ഈ ബഹുമതിയല്ല, പദ്മവിഭൂഷൺ തന്നെ ലഭിക്കേണ്ടതായിരുന്നു. ദശകങ്ങളായി എസ്എൻഡിപി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശൻ സാമൂഹിക, രാഷ്‌ട്രീയ രംഗത്തും സജീവ സാന്നിധ്യമാണ്. സാമൂഹിക പരിഷ്കരണ മേഖലയിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഈ അംഗീകാരത്തിലൂടെ ഓർമിക്കപ്പെടുകയാണ്.

ആലപ്പുഴയുടെ സ്വന്തം വന മുത്തശിയാണു പദ്മശ്രീ പുരസ്കാര നിറവിലുള്ള ദേവകി അമ്മ. പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് രാജ്യം അവർക്കു പദ്മശ്രീ നൽകി ആദരിക്കുന്നത്. മോഹിനിയാട്ടത്തിൽ ഇന്നുള്ളവരുടെയെല്ലാം ഗുരുതുല്യയാണു വിമലാ മേനോൻ. ആറു പതിറ്റാണ്ടിലേറെയായി ഈ രംഗത്തു സജീവം. തമിഴ്നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ വിജയ് കുമാർ മുൻ സിആർപിഎഫ് ഡയറക്റ്റർ ജനറലും വീരപ്പനെ വധിച്ച ദൗത്യ സംഘത്തിന്‍റെ തലവനുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com