
പിഎം ശ്രീ: കേരളത്തിനുള്ള ഫണ്ട് നഷ്ടപ്പെടരുത്
representative image
രാഷ്‌ട്രീയ വ്യത്യാസങ്ങളും നയപരമായ വിയോജിപ്പുകളും ഒരു ജനാധിപത്യ ചട്ടക്കൂടിൽ സ്വാഭാവികമായി കാണുന്നതാണ്. നിരവധി രാഷ്‌ട്രീയ കക്ഷികളും അവയ്ക്ക് അവയുടേതായ നയസമീപനങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. ഭരണ, പ്രതിപക്ഷങ്ങളിലെ മുന്നണികൾ തമ്മിലുള്ള വിയോജിപ്പുകൾ മാത്രമല്ല ഓരോ മുന്നണിയിലും വ്യത്യസ്തമായ അഭിപ്രായങ്ങളും നയങ്ങളുമുണ്ട്. എന്തിന് പാർട്ടികൾക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. അവയൊന്നും പക്ഷേ, ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ ഒരു തടസമായി മാറേണ്ടതില്ല. രാഷ്‌ട്രീയത്തിന് അതീതമാണ് ജനതാത്പര്യങ്ങൾ എന്ന് എല്ലാ കക്ഷികളും നേതാക്കളും തിരിച്ചറിയേണ്ടതുണ്ട്. നാടിന് ഉപകാരപ്പെടുന്ന ഒന്നും രാഷ്‌ട്രീയ വിയോജിപ്പുകളുടെ പേരിൽ വേണ്ടെന്നു വയ്ക്കേണ്ടതില്ല. എന്നു മാത്രമല്ല അങ്ങനെ വേണ്ടെന്നു വയ്ക്കുന്നത് അതിന്‍റെ പ്രയോജനം കിട്ടാവുന്ന മേഖലകൾക്കു ദോഷകരമായി മാറുകയും ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) കേരളത്തിൽ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും ആലോചിക്കുന്നതും അതിന്‍റെ ഭാഗമായി ലഭിക്കാവുന്ന കോടിക്കണക്കിനു രൂപയുടെ ഫണ്ട് നഷ്ടപ്പെടുത്തേണ്ടതില്ല എന്നു കരുതി തന്നെയാവും. കേന്ദ്ര പദ്ധതിയിൽ നിന്നു വിട്ടുനിൽക്കുന്നതുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വലിയ നഷ്ടങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തിനുണ്ടാവുന്നത് എന്നതു കൂടി ഇതോടൊപ്പം ചേർത്തു കാണേണ്ടതുമാണ്.
എന്തായാലും പദ്ധതി കേരളം നടപ്പാക്കുന്നതിനെക്കുറിച്ച് ഇടതു മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇപ്പോൾ ഉയരുന്നത്. സിപിഐയും അവരോട് ആഭിമുഖ്യമുള്ള വിദ്യാർഥി സംഘടനയായ എഐഎസ്എഫും കേന്ദ്ര പദ്ധതിയിൽ ചേരുന്നതിനെ തുറന്നെതിർക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തെ തന്നെ എതിർക്കേണ്ടതാണെന്നാണ് സിപിഐ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ അടക്കം കേന്ദ്ര സർക്കാരിന്‍റെ ആക്രമണം തുടരുകയാണെന്നും ഉച്ചക്കഞ്ഞിയിൽ പോലും അതു കാണുന്നുവെന്നുമാണ് സിപിഐ പറയുന്നത്. പദ്ധതിയിൽ ചേർന്നില്ലെങ്കിലും ഫണ്ട് തരാനാവില്ലെന്നു പറയാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും അവർ വാദിക്കുന്നുണ്ട്. "പിഎം ശ്രീ'യുടെ ഭാഗമാകരുതെന്നു നിർദേശിച്ച് എഐഎസ്എഫ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു കത്തയച്ചിരിക്കുകയാണ്. ദേശീയ വിദ‍്യാഭ‍്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആർഎസ്എസിന്‍റെ വിഭജന രാഷ്‌ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും കത്തിൽ ആരോപിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാരിനു കീഴിലാക്കുക എന്നതാണ് പിഎം ശ്രീ പദ്ധതിയുടെ ലക്ഷ്യമെന്നും അവർ ആരോപിക്കുന്നുണ്ട്. കേരളത്തിന് അർഹിക്കുന്ന ഫണ്ട് സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു.
വിഷയം എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ നയം അംഗീകരിക്കാതെ പദ്ധതിയുടെ ഗുണം കേരളത്തിന് എങ്ങനെ ലഭ‍്യമാക്കാനാവും എന്നാണു നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. മന്ത്രി ശിവൻകുട്ടിയും ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കുന്നില്ല. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാനാണ് സംസ്ഥാനം ഈ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നു ശിവൻകുട്ടി പറയുന്നു. എന്തെങ്കിലും ന്യായം പറഞ്ഞു കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് കേന്ദ്രത്തിൽ നിന്ന് 1,466 കോടി രൂപ ലഭിക്കാനുണ്ട്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ട് സാങ്കേതികത്വം പറഞ്ഞു മാറ്റേണ്ടതില്ല. ഇതാണു മന്ത്രിയുടെ നിലപാട്.
രാജ്യമൊട്ടാകെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ട് 2022ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, അത്യാധുനിക ലാബ്, ലൈബ്രറി എന്നിവ പൂർത്തീകരിക്കാൻ ഈ പദ്ധതി പ്രകാരം കേന്ദ്രം ഫണ്ട് അനുവദിക്കും. ഒരു ബ്ലോക്കില്‍ ഒരു പ്രൈമറി സ്‌കൂളിനും ഒരു സെക്കന്‍ഡറി സ്‌കൂളിനുമാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുക. കേരളം പദ്ധതിയില്‍ ചേർന്നാൽ 336 സ്‌കൂളുകള്‍ക്കു ഗുണകരമാവും. ഈ സ്‌കൂളുകള്‍ക്കു പ്രതിവര്‍ഷം ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കു ലഭിക്കും. "പിഎം ശ്രീ'യില്‍ സംസ്ഥാനം ഒപ്പിടാത്തതിനാല്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാൻ കേന്ദ്രം തയാറാവുന്നില്ല. അത് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളെയും പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിനു കിട്ടേണ്ട കോടിക്കണക്കിനു രൂപയുടെ സഹായമാണ് നഷ്ടപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനു മാതൃകയായ സംസ്ഥാനമാണു കേരളം. ഈ രംഗത്ത് സംസ്ഥാനത്തിനുള്ള മികവ് കേന്ദ്ര- സംസ്ഥാന വടംവലിയിൽ നഷ്ടപ്പെടരുത്. രാഷ്‌ട്രീയ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ ഒരു പൊതുധാരണ ഉണ്ടാവേണ്ടതുണ്ട്. കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നേരത്തേ തന്നെ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.