
തടസങ്ങളില്ലാതെ മുന്നേറട്ടെ, പാലക്കാട് സ്മാർട്ട് സിറ്റി
കേരളത്തിന്‍റെ വ്യവസായ വികസനത്തിൽ പ്രധാന പങ്കു വഹിക്കേണ്ടതാണ് പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതി. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ആദ്യ നോഡ് എന്ന നിലയിലാണ് പാലക്കാട് സ്മാർട്ട് സിറ്റി കേന്ദ്ര സർക്കാർ അംഗീകരിച്ചത്. കഴിഞ്ഞ വർഷം രാജ്യത്ത് അനുവദിച്ച 12 വ്യവസായ ഇടനാഴി സ്മാർട്ട് സിറ്റി പദ്ധതികളിൽ ഒന്നാണു പാലക്കാട്ടേത്. ഈ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടെൻഡർ നടപടി കേരളം ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം രാജ്യത്ത് അനുവദിച്ച വ്യവസായ ഇടനാഴി സ്മാർട്ട് സിറ്റി പദ്ധതികളിൽ ഈ നടപടി പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണു പ്രഖ്യാപനം. വ്യവസായ മേഖലയിൽ കാണുന്ന ഈ ഉണർവ് എന്തുകൊണ്ടും സ്വാഗതാർഹമാണ്. പാലക്കാട് സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങാതെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനു വ്യവസായ വകുപ്പ് പ്രത്യേക താത്പര്യമെടുക്കുമെന്നു തന്നെ കരുതാം.
കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്‍റ് ആൻഡ് ഇംപ്ലിമെന്‍റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപം നൽകിയ പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് സ്‌മാര്‍ട്ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കേന്ദ്ര, സംസ്ഥാന തലങ്ങളിലുള്ള പൂർണമായ സഹകരണം പദ്ധതിക്ക് ആവശ്യമാണ്. സംസ്ഥാനത്തെ വ്യവസായ മന്ത്രി പി. രാജീവും കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ), പിഎസ്പി പ്രോജക്റ്റ്സ് ലിമിറ്റഡ് എന്നിവ ചേർന്നുള്ള സംയുക്ത സംരംഭത്തിനാണു നിർമാണ കരാർ ലഭിച്ചിരിക്കുന്നത്. ജിഎസ്ടി അടക്കം 1,316.13 കോടി രൂപയ്ക്കാണു കരാർ. 42 മാസം കൊണ്ട് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നതാണു വ്യവസ്ഥ.
രാജ്യത്ത് വിമാനത്താവളങ്ങൾ, തുരങ്കങ്ങൾ, മെട്രൊ റെയ്‌ൽ പദ്ധതികൾ, പാലങ്ങൾ, ഹൈവേകൾ എന്നിവയുടെയെല്ലാം നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഭോപ്പാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ. വയനാട് തുരങ്ക പാത പദ്ധതിയും ദിലീപ് ബിൽഡ്കോണിനാണു നൽകിയിരിക്കുന്നത്. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായ പിഎസ്പി പ്രോജക്റ്റ്സ്. പദ്ധതി പ്രദേശത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏറ്റവും ഫലപ്രദമായി ഒരുക്കാൻ ഇവർക്കു കഴിയേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ രൂപകൽപ്പന, നിർമാണം, മെയ്ന്‍റനൻസ് എന്നിവ അടങ്ങുന്നതാണു കരാർ. പദ്ധതിക്കാവശ്യമായ റോഡുകൾ, പാലങ്ങൾ, ഡ്രൈനേജ് ശൃംഖലകൾ, ജലവിതരണ സംവിധാനം, അഗ്നിശമന സൗകര്യങ്ങൾ, ഊർജ വിതരണ സംവിധാനം, മലിനജല ശേഖരണ സംവിധാനം തുടങ്ങിവയൊക്കെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമാണ്.
മൊത്തം 3,600 കോടിയോളം രൂപ മുതൽമുടക്കുന്ന പദ്ധതിയാണ് പാലക്കാട് സ്മാർട്ട് സിറ്റി. സംസ്ഥാന സർക്കാർ കിഫ്ബി വഴി 1,489 കോടി രൂപ ചെലവിട്ടാണ് പദ്ധതിക്കാവശ്യമായ 1,450 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. കിൻഫ്രയുടെ കൈവശമെത്തിയ ഭൂമി ഘട്ടം ഘട്ടമായി കോറിഡോർ ഡെവലപ്‌മെന്‍റ് കോർപ്പറേഷനു കൈമാറുകയാണ്. കഴിഞ്ഞ ഡിസംബറിൽ 110ഉം മാർച്ചിൽ 220ഉം ഏക്കർ ഭൂമി ഇങ്ങനെ കൈമാറി. അതിനനുസൃതമായി രണ്ടു ഘട്ടമായി കേന്ദ്ര സർക്കാർ 313.5 കോടി രൂപയും നൽകിയിരുന്നു. ചെന്നൈ- ബംഗളൂരു വ്യാവസായിക ഇടനാഴി കൊച്ചിയിലേക്കു നീട്ടി കൊച്ചി- ബാംഗളൂർ വ്യാവസായിക ഇടനാഴി യാഥാർഥ്യമാക്കാൻ തീരുമാനമെടുത്തത് 2019 ഓഗസ്റ്റിലാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ വ്യാവസായിക മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേരളം അമാന്തം കാണിച്ചില്ലെന്നത് എടുത്തുപറയേണ്ടതാണ്.
വലിയ പ്രതീക്ഷയോടെയാണു മലയാളികൾ സ്മാർട്ട് സിറ്റി പദ്ധതിയെ നോക്കിക്കാണുന്നത്. പാലക്കാടിന്‍റെ സമഗ്ര വികസനത്തിന് പ്രത്യേകിച്ച് ഈ പദ്ധതി സഹായകരമാവും. വ്യവസായ പാർക്കുകൾ എന്നതിലുപരി വ്യവസായ നഗരങ്ങൾ സൃഷ്ടിക്കുകയാണു സ്മാർട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനവാസ, വാണിജ്യ സംവിധാനങ്ങൾ ഒത്തുചേരുന്ന വലിയൊരു വ്യവസായ നഗര പദ്ധതിയായി ഇതു മാറുമെന്നുവേണം കരുതാൻ. കോയമ്പത്തൂർ വ്യവസായ മേഖലയുടെ സാമീപ്യവും ഈ പദ്ധതിക്ക് ഗുണകരമാവും.