ഏറ്റവും നന്നായി പരീക്ഷകൾ നടക്കട്ടെ

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കുട്ടികളുടെ പരീക്ഷാനടപടികളെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്
editorial sslc exams

ഏറ്റവും നന്നായി പരീക്ഷകൾ നടക്കട്ടെ

file photo

Updated on

ഇതു പരീക്ഷാക്കാലമാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു വിദ്യാർഥികൾ സ്കൂൾ കാലഘട്ടത്തിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളെഴുതാൻ പോകുകയാണ്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളും ഇന്നാണു തുടങ്ങുന്നത്. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും.

ഈ മാസം അവസാനത്തോടെയാണ് പരീക്ഷകൾ അവസാനിക്കുന്നത്. അതിനു ശേഷം മൂല്യനിർണയവും പരീക്ഷാഫല പ്രഖ്യാപനവും സമയബന്ധിതമായി നടക്കേണ്ടതുണ്ട്. ഏപ്രിൽ ഏഴിന് മൂല്യനിർണയ ക്യാംപുകൾ ആരംഭിക്കുമെന്നും മേയ് മൂന്നാം വാരത്തോടെ എസ്എസ്എൽസി ഫലം വരുമെന്നുമാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മേയിൽ തന്നെ പ്ലസ് ടു ഫലവും പുറത്തുവരേണ്ടതുണ്ട്.

പരീക്ഷ പാസാകുന്നവർക്കു തുടർന്നു പഠിക്കാനുള്ള അവസരങ്ങൾ ഉറപ്പാക്കുക എന്നതും അതീവ പ്രാധാന്യത്തോടെ കാണേണ്ടതാണ്. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും തുടർ പഠനത്തിന് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ഇല്ലെന്ന പരാതി ഒഴിവാക്കുന്നതടക്കം ജോലികൾ വിദ്യാഭ്യാസ വകുപ്പിനുണ്ട്. കുട്ടികൾക്ക് ആശയക്കുഴപ്പവും ആശങ്കയും സമ്മർദവും സൃഷ്ടിക്കാതെ ഓരോ നടപടികളും ഏറ്റവും ഭംഗിയായി പൂർത്തീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനു കഴിയട്ടെ.

ഈ പരീക്ഷാക്കാലത്താണ് നിയമസഭാ തെരഞ്ഞെടുപ്പു തീയതിയും തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുക. മാർച്ച് പകുതിയോടെ വോട്ടെടുപ്പു തീയതി പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. സ്വാഭാവികമായും തെരഞ്ഞെടുപ്പു ചൂടിനിടയിലാണ് ഇത്തവണത്തെ പരീക്ഷകളും നടക്കുക. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കുട്ടികളുടെ പരീക്ഷാനടപടികളെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. സംസ്ഥാനത്തു വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ്. ചുട്ടുപൊള്ളുന്ന ദിവസങ്ങളിലാണു പരീക്ഷകൾ നടക്കാനിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് അമിതമായ ചൂട് കാരണമാവും.

അതു മുന്നിൽകണ്ടുള്ള തയാറെടുപ്പുകളും നടത്തേണ്ടതുണ്ട്. സ്കൂളുകളിൽ ശുദ്ധമായ കുടിവെള്ളവും പരീക്ഷാ ഹാളുകളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ യാതൊരു ഉപേക്ഷയും കാണിക്കരുത്. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ രക്ഷിതാക്കളും തയാറാവണം. പരീക്ഷയുടെ സമ്മർദത്തിനിടയിൽ കുട്ടികളുടെ ആരോഗ്യം മറന്നുപോവാനാവില്ലല്ലോ.

പുതിയ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ എന്നതിനാൽ ചോദ്യങ്ങൾ കടുപ്പമേറിയതാവുമെന്ന പ്രചാരണം നേരത്തേ ഉണ്ടായിരുന്നു. അത് വാസ്തവവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. അടിസ്ഥാനരഹിതമായ ആശങ്കകൾ പടർത്താൻ ബോധപൂർവമായ ശ്രമങ്ങളാണു നടക്കുന്നതെന്നു മന്ത്രി വിശദീകരിക്കുകയുണ്ടായി.

പുതിയ രീതിയിലുള്ള ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ എസ്‌സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്. ഓണ പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ മാതൃകകൾ കുട്ടികൾക്കു പരിചയപ്പെടുത്തിയതുമാണ്. കൈറ്റ് വിക്റ്റേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും ഉണ്ടായിരുന്നു. അതൊക്കെ കുട്ടികളെ സഹായിച്ചിട്ടുണ്ടെന്നു കരുതണം.

ഏതെങ്കിലും തരത്തിൽ കുട്ടികളെ വലയ്ക്കുകയല്ല പരീക്ഷയുടെ ലക്ഷ്യം. അവരുടെ അറിവും കഴിവും വിഷയത്തിലുള്ള ധാരണയും അളക്കാനും പഠന പുരോഗതി വിലയിരുത്താനും ഒക്കെയാണു പരീക്ഷകൾ ആവശ്യമായിട്ടുള്ളത്. അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിനൊപ്പം അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനും കഴിയേണ്ടതുണ്ട്. പരീക്ഷാ പേപ്പറുകൾ തയാറാക്കിയിട്ടുള്ളവർ ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചിട്ടില്ലെന്നു നമുക്കു വിശ്വസിക്കാം. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ആരും ചെവികൊടുക്കുകയും വേണ്ട.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ മലയാളി വിദ്യാർഥികളുടെ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. അവരുടെ ഉപരിപഠന സാധ്യതകളെ ബാധിക്കാത്ത വിധം പരീക്ഷകൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനു കഴിയട്ടെ. കേരളത്തിലും ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലും പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിക്കുന്നത്.

മൂവായിരത്തിലേറെ കേന്ദ്രങ്ങളിലായി നാലു ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണ്ണിനും നാലു ലക്ഷത്തിലേറെ കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്ലസ് ടു പരീക്ഷയെഴുതുന്നതു നാലര ലക്ഷത്തിലേറെ വിദ്യാർഥികളാണ്. മുഴുവൻ വിദ്യാർഥികൾക്കും ഏറ്റവും നന്നായി പരീക്ഷയെഴുതാൻ കഴിയട്ടെ. സംവിധാനങ്ങൾ അതിന് അവരെ പൂർണമായി സഹായിക്കട്ടെ. അമിതമായ സമ്മർദമല്ല തികഞ്ഞ ആത്മവിശ്വാസമാണു കുട്ടികളിൽ നിറയേണ്ടത്. കുട്ടികളുടെ സമ്മർദം വർധിപ്പിക്കുന്ന സമീപനം നമുക്ക് ഒഴിവാക്കാം. പരീക്ഷയെഴുതുന്ന എല്ലാവർക്കും നന്മകൾ നേരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com