ഭീതിയൊഴിയാതെ പശ്ചിമേഷ്യ | മുഖപ്രസംഗം

ഹമാസിന്‍റെ കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യം പൂർത്തിയാകാതെ പിന്മാറ്റമില്ലെന്ന് അവർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
ഭീതിയൊഴിയാതെ പശ്ചിമേഷ്യ | മുഖപ്രസംഗം

യുദ്ധഭീതി ഒഴിയുന്നില്ല, സമാധാന നീക്കങ്ങൾ എവിടെയും എത്തുന്നില്ല. ഇസ്രയേൽ- ഹമാസ് യുദ്ധം കൂടുതൽ അസ്വസ്ഥതകളിലേക്കു കടക്കുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. ഗാസയിൽ ഇസ്രേലി വ്യോമസേനയുടെ ആക്രമണങ്ങൾ തുടരുകയാണ്. ഹമാസിന്‍റെ കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യം പൂർത്തിയാകാതെ പിന്മാറ്റമില്ലെന്ന് അവർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. അതേസമയം, ഇസ്രയേൽ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി സാധാരണക്കാരാണു കൊല്ലപ്പെടുന്നത്. സാധാരണ ജനങ്ങൾക്ക് ജീവഹാനിയുണ്ടാകുന്നത് ഒഴിവാക്കണമെന്നു ലോക രാജ്യങ്ങൾ ഇസ്രയേലിനോട് ആവർത്തിച്ച് അഭ്യർഥിക്കുന്നുണ്ട്. പക്ഷേ, യുദ്ധത്തിൽ മുന്നേറുക എന്നതിൽക്കവിഞ്ഞ് ഒന്നും ഇസ്രയേൽ ഗൗനിക്കുന്നില്ല.

കഴിഞ്ഞ ദിവസവും ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ റെയ്ഡുകളുണ്ടായിരുന്നു. നൂറിലേറെ ലക്ഷ്യങ്ങളിലാണ് അവർ ആക്രമണം നടത്തിയത്. ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി ഒക്റ്റോബർ ഏഴു മുതൽ ഗാസയിൽ ആക്രമണം നടത്തുകയാണ് ഇസ്രേലി സൈന്യം. ഇതുവരെ ഇരുപതിനായിരത്തിലേറെ ആളുകൾ ഇവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. അമ്പതിനായിരത്തിലേറെ ജനങ്ങൾക്കു പരുക്കേറ്റിട്ടുണ്ട്. താമസസ്ഥലങ്ങളും ആശുപത്രികളും അടക്കം സകലതും തകർന്നു തരിപ്പണമാവുന്നു. ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്.‌ ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിൽ 1,100ൽ ഏറെ പേർ കൊല്ലപ്പെട്ടതിനു ശേഷം ഇസ്രയേലിന്‍റെ അതിർത്തി പ്രദേശങ്ങളിലും ഭീതിയാണു നിലനിൽക്കുന്നത്. ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ലബനനിൽനിന്നും സിറിയയിൽ നിന്നും ആക്രമണമുണ്ടായിട്ടുണ്ട്. ഇതിനെയും ഇസ്രയേൽ പ്രതിരോധിക്കുകയാണ്.

അതിനിടെ, കഴിഞ്ഞ ദിവസം സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡിന്‍റെ മുതിർന്ന ജനറൽ റാസി മൗസവി കൊല്ലപ്പെട്ടു. ഇസ്രയേൽ ഇതിനു കനത്ത വില നൽകേണ്ടിവരുമെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾ ആക്രമിക്കുകയുമാണ്. കഴിഞ്ഞ ദിവസം ഒരു ലൈബീരിയൻ കപ്പലിനെ ഇവർ ആക്രമിച്ചു. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരുകയായിരുന്നു ഈ കപ്പൽ. അതിൽ 22 ജീവനക്കാരിൽ 21 പേരും ഇന്ത്യക്കാരുമായിരുന്നു. അപായ സന്ദേശം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയും തീര സംരക്ഷണ സേനയും എത്തി ഇവരെ രക്ഷിച്ച് മുംബൈ തുറമുഖത്ത് എത്തിച്ചു. ഗാസയുടെ പ്രതിഫലനം ചെങ്കടലിൽ കാണുമെന്ന ഹൂതികളുടെ ഭീഷണി അതീവ ഗൗരവത്തിൽ തന്നെ കാണേണ്ടതാണ്.

ഇക്കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ പലതവണ ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്‍റേതെന്നു പറഞ്ഞ് തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ചരക്കുകപ്പൽ ഹൂതികൾ പിടിച്ചെടുക്കുകയുമുണ്ടായി. അതു തങ്ങളുടെ കപ്പലല്ലെന്നാണ് ഇസ്രയേൽ സർക്കാരും സൈന്യവും വിശദീകരിച്ചത്. ഇസ്രയേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നാണു ഹൂതികൾ പറയുന്നത്. ഇതുവഴി കടന്നുപോകുന്ന ഏതു കപ്പലുകളും ആക്രമിക്കപ്പെടാവുന്ന അവസ്ഥ ഷിപ്പിങ് കമ്പനികളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ചില പ്രമുഖ കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര അവസാനിപ്പിക്കുമെന്നു പറയുന്നു. ഇത് അന്താരാഷ്ട്ര ചരക്കുനീക്കത്തെ ഗുരുതരമായി ബാധിക്കും. അമെരിക്കയും യുകെയുമെല്ലാം ഈ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കുമെന്നു കാത്തിരുന്നു കാണേണ്ടതാണ്.

ചരക്കുകപ്പലുകൾക്കു നേരേയുള്ള ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് അറബിക്കടലിൽ ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യൻ നാവിക സേനയുടെ പട്രോളിങ് വിമാനവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഫലത്തിൽ മേഖലയിലെ സംഘർഷം വ്യാപിപ്പിക്കുകയാണു ഹൂതി വിമതർ ചെയ്യുന്നത്. ഇവർക്ക് ഇറാൻ സഹായം നൽകുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. എന്നാൽ, ഇറാൻ അതു നിഷേധിക്കുന്നുണ്ട്. ഹൂതികൾ സ്വന്തം നിലയ്ക്കാണ് ഇടപെടുന്നതെന്നാണ് ഇറാന്‍റെ വാദം. എന്തായാലും പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രമുഖ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് ലോകസമാധാനത്തിനുള്ള ഭീഷണികൾ അതിജീവിക്കേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.