തെരഞ്ഞെടുപ്പു ചൂടിൽ സൗഹൃദം മറക്കരുത്

രാഷ്‌ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമെല്ലാം ചുറ്റുവട്ടത്തുള്ളവർ തന്നെയാണ്. സുഹൃത്തുക്കൾ തമ്മിലുള്ള മത്സരം. ഈ സൗഹൃദാന്തരീക്ഷം തകർക്കാതെ നമുക്ക് തെരഞ്ഞെടുപ്പു പൂർത്തിയാക്കാം
തെരഞ്ഞെടുപ്പു ചൂടിൽ സൗഹൃദം മറക്കരുത് | Election and friendship

സൗഹൃദാന്തരീക്ഷം തകർക്കാതെ തെരഞ്ഞെടുപ്പു പൂർത്തിയാക്കാം.

Updated on

കേരളമാകെ തെരഞ്ഞെടുപ്പു ചൂടിലേക്കു നീങ്ങുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ഒരു മാസക്കാലം സ്ഥാനാർഥി നിർണയത്തിന്‍റെയും പ്രചാരണത്തിന്‍റെയും ഒക്കെയാണ്. സാധാരണ ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളാണ് പഞ്ചായത്തും മുനിസിപ്പാലിറ്റിയും കോർപ്പറേഷനും. തങ്ങളുടെ പഞ്ചായത്ത് മെംബറും വാർഡ് കൗൺസിലറും ഒക്കെയാണ് ഓരോ പ്രദേശത്തുകാർക്കും ഏറ്റവുമാദ്യം ഓടിയെത്താവുന്ന ആശ്രയ കേന്ദ്രം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ നാട്ടുകാരെ നേരിട്ട് അറിയുന്നവരും നാട്ടുകാർക്ക് നേരിട്ടറിയുന്നവരും ആയിരിക്കുമല്ലോ. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പിനു പ്രത്യേക സ്ഥാനം തന്നെ ജനങ്ങളുടെ മനസിലുണ്ടാവും. രാഷ്‌ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമെല്ലാം ചുറ്റുവട്ടത്തുള്ളവർ തന്നെയാണ്. സുഹൃത്തുക്കൾ തമ്മിലുള്ള മത്സരം എന്നു തന്നെ പറയാം. ഈ സൗഹൃദാന്തരീക്ഷം തകർക്കാതെ നമുക്ക് തെരഞ്ഞെടുപ്പു പൂർത്തിയാക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്താൻ മുഴുവൻ ആളുകളുടെയും സഹകരണം തെരഞ്ഞെടുപ്പു കമ്മിഷന് ആവശ്യമുണ്ട്. മത്സരിക്കുന്നതു സുഹൃത്തുക്കൾ തന്നെയാണ്, ശത്രുക്കളല്ല എന്ന് ഓരോ സ്ഥാനാർഥിയും കരുതണം. എതിരാളികൾ ശത്രുക്കളല്ലെന്നു പ്രവർത്തനത്തിന് ഇറങ്ങുന്നവരും ഉറപ്പിക്കണം. വോട്ടെടുപ്പു കഴിഞ്ഞാൽ എല്ലാവരും ഒന്നിച്ചു ജീവിക്കേണ്ടവരാണ് എന്ന ബോധ്യം സമാധാനപരമായ തെരഞ്ഞെടുപ്പിനു സഹായിക്കും.

കമ്മിഷൻ പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച് രണ്ടു ഘട്ടമായാണു പോളിങ് നടക്കുന്നത്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്. ഡിസംബർ 13ന് വോട്ടെണ്ണുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആയതിനാൽ സ്ഥാനാർഥി നിർണയം എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ രാഷ്‌ട്രീയ പാർട്ടികൾ അതിന്‍റെ തിരക്കിലായിരിക്കും. നവംബർ 24ന് പത്രിക പിൻവലിക്കാനുള്ള സമയവും കടന്നുപോയാൽ പിന്നെ പ്രചാരണം കൊടുമ്പിരി കൊള്ളുകയായി. വീടുകൾ കയറിയിറങ്ങിയും ആളുകളെ നേരിട്ടു കണ്ടും വോട്ടു ചോദിക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് അവസരമുണ്ട് എന്നതിനാൽ വോട്ടർമാരുമായി മാനസിക അടുപ്പം സ്ഥാപിക്കാൻ അവർക്കു കഴിയും. ഏറ്റവും മികച്ച സ്ഥാനാർഥിയെ നിശ്ചയിക്കാനും വോട്ടർക്ക് എളുപ്പമാണ്.

സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവങ്ങനെ. ഇവയിലായി ആകെ 23,612 വാർഡുകളുണ്ട്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണു നടക്കുന്നത്. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബർ 10നു മാത്രമേ അവസാനിക്കൂ എന്നതുകൊണ്ടാണ് അവിടെ ഇപ്പോൾ വോട്ടെടുപ്പ് ഇല്ലാത്തത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിങ്ങനെ ആകെ 23,576 വാർഡുകളിലേക്കുള്ള ജനപ്രതിനിധികളെയാണ് ഇപ്പോൾ തെരഞ്ഞെടുക്കുക. ഡീലിമിറ്റേഷൻ കമ്മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നത്. നേരത്തേ1,200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 വാർഡുകളാണ് ഉണ്ടായിരുന്നത്. അതാണ് ഡീലിമിറ്റേഷൻ പ്രക്രിയ വഴി 23,612 ആയി വർധിച്ചത്.

പുതിയ വാർഡുകൾക്കനുസൃതമായി വോട്ടർപട്ടികയും പുതുക്കിയിരുന്നു. ഒക്റ്റോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ആകെ 2,84,30,761 വോട്ടർമാരുണ്ട്; 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡറുകളും. പ്രവാസികൾക്കുള്ള വോട്ടർ പട്ടികയും തയാറാക്കിയിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിക്കുന്നത്. 33,746 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാവുക. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. വോട്ടെടുപ്പിനും പോളിങ് സാധനങ്ങളുടെ വിതരണത്തിനും മറ്റുമായി 1,80,000ത്തോളം ഉദ്യോഗസ്ഥരെയാണു നിയോഗിക്കുന്നത്. ഇതു കൂടാതെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ. ക്രമസമാധാന പാലനത്തിനായി 70,000 പൊലീസ് ഓഫിസർമാരെ നിയോഗിക്കുന്നു. ഏതു തെരഞ്ഞെടുപ്പും സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമാക്കുന്നതിനാണ് മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും അതു നിലവിൽ വന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും അതു കർശനമായി പാലിക്കേണ്ടതുണ്ട്.

ജാതിയുടെയോ സമുദായത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയോ ചെയ്യരുത് എന്നതാണു ചട്ടം. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. മറ്റു സ്ഥാനാർഥികളുടെയോ പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല. അധികാരത്തിലുള്ളവർ ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പു പ്രചാരണത്തിന് വിനിയോഗിക്കുന്നതും കുറ്റകരമാണ്. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പു കമ്മിഷനു കഴിയട്ടെ. കമ്മിഷന്‍റെ മാർഗനിർദേശങ്ങൾക്കു വിധേയമായി മാത്രം തെരഞ്ഞെടുപ്പു പ്രചാരണം നടത്താൻ സ്ഥാനാർഥികളും രാഷ്‌ട്രീയ പാർട്ടികളും തയാറാവട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com