

വിജയകരമാവട്ടെ, വോട്ടർ പട്ടിക എസ്ഐആർ
election commission of india - file image
കേരളം അടക്കം 12 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ- എസ്ഐആർ) തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറെ രാഷ്ട്രീയ വിവാദമുയർത്തിയാണ് ഇപ്പോഴത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടം അടുത്തിടെ ബിഹാറിൽ നടന്നത്. ഇതു വിജയകരമായിരുന്നുവെന്നു കമ്മിഷൻ അവകാശപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടം എന്ന നിലയിൽ കുറച്ചു സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കൂടി എസ്ഐആർ നടക്കുന്നത്. ഇതിൽ നാലു സംസ്ഥാനങ്ങൾ (കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ) അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിനു പോകുകയാണ്. അടുത്ത വർഷം തന്നെ തെരഞ്ഞെടുപ്പു നടക്കുന്ന അസമിൽ ഇപ്പോൾ പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. അതു പ്രത്യേകം നടത്തുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചിട്ടുള്ളത്.
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്കരണം നടത്തിയതാണു വലിയ എതിർപ്പിനു വഴിയൊരുക്കിയത്. പ്രതിപക്ഷ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ഈ നീക്കം എന്നായിരുന്നു കോൺഗ്രസും ആർജെഡിയും അടക്കം ആരോപിച്ചത്. വിഷയം സുപ്രീം കോടതി വരെ എത്തുകയും ചെയ്തു. പരിഷ്കരണം കഴിഞ്ഞ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ബിഹാറിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നതും. നവംബർ 6, നവംബർ 11 തീയതികളിലായാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ്. നവംബർ 14നു വോട്ടെണ്ണുന്നു. ഇതിനിടെ, രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം തടയണമെന്ന ആവശ്യവും സുപ്രീം കോടതിയിലെത്തിയിരുന്നു. എന്നാൽ, ആ ആവശ്യം കോടതി തള്ളുകയാണു ചെയ്തത്. സംസ്ഥാനങ്ങൾ എസ്ഐആറിനെതിരേ ഹർജിയുമായെത്തിയാൽ പരിഗണിക്കാമെന്നും കോടതി പറയുകയുണ്ടായി. രാജ്യവ്യാപകമായ എസ്ഐആർ എങ്ങനെ തടയാനാവുമെന്നായിരുന്നു കോടതി ചോദിച്ചത്. ഇത്തരത്തിലുള്ള പരിഷ്കരണം നടത്താൻ കമ്മിഷന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായ പരിഷ്കരണത്തിന്‍റെ ഭാഗമായി കേരളത്തിലടക്കം പരിഷ്കരണം നടക്കുന്നത്.
വോട്ടു ചെയ്യാൻ അർഹതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ പരിഷ്കരണം കൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്ദേശിക്കുന്നത്. രാജ്യത്തിനു പുറത്തുനിന്നു വന്ന് വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറിയിട്ടുള്ളവർ വരെയുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ബിഹാറിലെ വോട്ടർ പട്ടികയിൽ ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ പൗരന്മാരും ഉണ്ടായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്. എന്തായാലും എസ്ഐആർ പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിൽ ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും ഉയർന്നിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് യോഗ്യതയുള്ളവരെ ഒഴിവാക്കാൻ ശ്രമിച്ചാൽ ജനാധിപത്യപരമായ വിധത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമുൽ കോൺഗ്രസ് മുന്നറിയിപ്പു നൽകുന്നു. എന്നാൽ, അനർഹരെ ഒരാളെപ്പോലും വോട്ടർ പട്ടികയിൽ അനുവദിക്കില്ലെന്നു ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്നു.
കേരളത്തിൽ ഉടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എസ്ഐആർ ഇപ്പോൾ നടത്തരുതെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എസ്ഐആറിനുള്ള ഒരുക്കമെന്ന നിലയിൽ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കമ്മിഷൻ വിളിച്ചുചേർത്തപ്പോഴായിരുന്നു ഇത്. എന്നാൽ, ഈ ആവശ്യം കമ്മിഷൻ അംഗീകരിച്ചില്ല. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് ഓഫിസർമാരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇപ്പോൾ എസ്ഐആർ പ്രഖ്യാപിച്ചിരിക്കുന്നത്.
അർഹതയുള്ള ഒരു വോട്ടർ പോലും പട്ടികയിൽ നിന്നു പുറത്താവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്. നമുക്കു കമ്മിഷനെ വിശ്വസിക്കാം. അനാവശ്യമായി ആരോപണങ്ങൾ ഉയർത്താതിരിക്കാം. അതേസമയം, ന്യായമായ പരാതികൾ ഉന്നയിക്കുകയും ചെയ്യാം. കേരളത്തിൽ അടക്കം എല്ലായിടത്തും വിജയകരമായി പട്ടിക പരിഷ്കരണം നടക്കട്ടെ. എല്ലാ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ജനങ്ങളും ബന്ധപ്പെട്ട എല്ലാവരും കമ്മിഷനോടു സഹകരിച്ച് ഏറ്റവും ഭംഗിയായ രീതിയിൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം. നവംബർ നാലിന് ആരംഭിക്കുന്ന രണ്ടാംഘട്ടം എസ്ഐആറിൽ 51 കോടി വോട്ടർമാരാണ് ഉൾപ്പെടുന്നത്. ഡിസംബർ ഒമ്പതിന് കരടു പട്ടികയും ഫെബ്രുവരി ഏഴിന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഇത് ഒമ്പതാം തവണയാണ് ഇത്തരത്തിൽ വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്കരണം നടക്കുന്നത്. ഏറ്റവും അവസാനം നടന്നത് 2002-2004ൽ ആയിരുന്നു. വോട്ടു ചെയ്യാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കുമ്പോൾ തന്നെ അനർഹർ നമ്മുടെ ജനവിധിയെ സ്വാധീനിക്കുന്നില്ല എന്നും ഉറപ്പാക്കാനാണ് എസ്ഐആർ നടത്തുന്നത്. ഇതിനെ കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി കാണാതിരിക്കാൻ എല്ലാവരും തയാറാവേണ്ടതുണ്ട്. കമ്മിഷന്‍റെ ഭാഗത്തുനിന്ന് യാതൊരു പാകപ്പിഴകളും ഉണ്ടാവാതിരിക്കേണ്ടതുമുണ്ട്.