ബോർഡിന്‍റെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളെ പിഴിയണോ

നഷ്ടക്കണക്കുകൾ നിരത്തി സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ നടപ്പാക്കുന്ന വർധന മാത്രമല്ല അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വർധന കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്
ബോർഡിന്‍റെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളെ പിഴിയണോ | Electricity board punishes people for it's own fault
ബോർഡിന്‍റെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളെ പിഴിയണോRepresentative image
Updated on

വൈദ്യുതി ബോർഡിന്‍റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങൾ കനത്ത വില നൽകേണ്ട അവസ്ഥയിലാണു കേരളം ഇപ്പോൾ. നഷ്ടക്കണക്കുകൾ നിരത്തി സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ നടപ്പാക്കുന്ന വർധന മാത്രമല്ല അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വർധന കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിറ്റിനു വരുത്തിയ വർധനയ്ക്കു പുറമേ ഫിക്സഡ് ചാർജും കൂട്ടിയിട്ടുണ്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഉപയോക്താക്കളെ കൊള്ളയടിക്കുന്നു എന്നല്ലാതെ ഇതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. ആധുനിക കാലത്തെ മനുഷ്യനു വൈദ്യുതിയില്ലാതെ ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ പേരിൽ ജനങ്ങളെ പിഴിയാം. ഗതികെട്ടവന് മുണ്ടുമുറുക്കിയുടുത്ത് വൈദ്യുതിബിൽ അടച്ചേ തീരൂ. വൈദ്യുതി വിതരണത്തിന്‍റെ കുത്തകയും ബോർഡിനുള്ളപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ്.

2016ൽ ഇടതു സർക്കാർ അധികാരമേറ്റതിനു ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്കു വർധിപ്പിക്കുന്നത്. 2017, 2019, 2022, 2023 വർഷങ്ങളിലും താരിഫ് പരിഷ്കരിച്ചിരുന്നു. നാട്ടിൽ സർവ സാധനങ്ങൾക്കും വിലക്കയറ്റമാണ്. ഇതു ജനജീവിതം ഇപ്പോൾ തന്നെ ദുസഹമാക്കുന്നുണ്ട്. അതിനു പുറമേയാണു വീണ്ടും ചാർജ് വർധനകൾ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്. നിലവിൽ വൈദ്യുതി ബോർഡ് ഈടാക്കിയിരുന്നതു തന്നെ കനത്ത ചാർജാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തിന്‍റെ സ്ഥാനം. അതുപോരാതെയാണ് പിന്നെയും പിന്നെയും കൂട്ടിക്കൊണ്ടിരിക്കുന്നത്. 2024-25 വർഷത്തേക്ക് യൂണിറ്റിന് 37 പൈസയുടെ വർധനയാണത്രേ കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് 27 പൈസയുടെ വർധനയും ആവശ്യപ്പെട്ടു. പക്ഷേ, റഗുലേറ്ററി കമ്മിഷൻ അനുവദിച്ചത് ഈ വർഷം 16 പൈസയുടെയും അടുത്ത വർഷം 12 പൈസയുടെയും വർധനയാണ്. ഇതു ചെറിയ വർധന മാത്രമാണെന്നും സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ ബാധിക്കില്ലെന്നുമൊക്കെ അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, വാസ്തവം അതല്ല. ഏതു വർധനയും ജനങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല. വ്യവസായ വികസനത്തെക്കുറിച്ചു വാതോരാതെ ആവർത്തിക്കുന്നതിനിടെ തന്നെയാണ് വ്യവസായികളെ ഷോക്കടിപ്പിച്ച് അകറ്റുന്നത് എന്നതും പറയാതെ വയ്യ.

ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വർധന, വർധിച്ചു വരുന്ന പ്രവർത്തന, പരിപാലന ചെലവുകൾ എന്നിങ്ങനെ നിരക്കു വർധിപ്പിക്കാൻ പല കാരണങ്ങളാണ് കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്നത്. ഈ കാരണങ്ങളൊന്നും സാധാരണ ഉപയോക്താക്കളുടെ കുറ്റം കൊണ്ട് ഉണ്ടായതല്ല. നാട് പുരോഗതി കൈവരിക്കുമ്പോൾ വൈദ്യുതി ഉപയോഗവും വർധിക്കുമെന്നത് ഏതു കുട്ടിക്കും അറിയാവുന്ന യാഥാർഥ്യമാണ്. അതിനനുസരിച്ച് ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്താൻ കഴിയാത്തത് ഗൗരവമായ പരിശോധനകൾ ആവശ്യപ്പെടുന്ന വിഷയമാണ്. അതിനെ ആ ഗൗരവത്തിൽ കാണേണ്ടതു സർക്കാരാണ് എന്നതിലും എന്താണു സംശയമുള്ളത്. നിർമാണത്തിലിരിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസം എടുത്തുപറയേണ്ടതാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ എഴുപതു ശതമാനവും പുറത്തുനിന്നു വാങ്ങുന്നതായിട്ടുണ്ട്. അതിന് കൂടിയ നിരക്ക് കൊടുക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. അതും പോരാഞ്ഞിട്ടാണ് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാൻ തക്കവണ്ണം യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഒപ്പുവച്ച കരാറുകൾ അട്ടിമറിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് വൈദ്യുതി വാങ്ങാനുണ്ടാക്കിയ ദീർഘകാല കരാർ പ്രകാരം യൂണിറ്റിന് നാലര രൂപയിൽ താഴെയേ കൊടുക്കേണ്ടിവരുമായിരുന്നുള്ളൂ. അതു റദ്ദാക്കിയാണ് ഇപ്പോൾ ഇരട്ടിയും അതിലേറെയും നൽകി പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വൈദ്യുതി ഉത്പാദക കമ്പനികളുമായി ചേർന്നുള്ള കള്ളക്കളികളാണ് ഇത്തരത്തിൽ നിരക്കു വർധന ആവശ്യമായ സാഹചര്യം ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതെന്തായാലും കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടിക്കൊണ്ടിരുന്നതു വേണ്ടെന്നു വച്ച് ഇപ്പോൾ കൂടിയ നിരക്കിൽ വാങ്ങിച്ചുകൊണ്ടിരിക്കുന്നതിന് എന്തു ന്യായം പറഞ്ഞാലും അത് ജനതാത്പര്യത്തിനു വിരുദ്ധമായതു തന്നെയാണ്. വർധിച്ചു വരുന്ന പ്രവർത്തന, പരിപാലന ചെലവുകളാണ് മറ്റൊരു കാരണം. ഇങ്ങനെ ചെലവു വർധിക്കുന്നതിലെ പ്രധാന ഘടകം വൈദ്യുതി ബോർഡിന്‍റെ കെടുകാര്യസ്ഥതയാണ്. യൂണിറ്റ് നിരക്ക്, സർച്ചാർജ്, ഫിക്സഡ് ചാർജ് തുടങ്ങി പല രൂപങ്ങളിലുള്ള ചാർജ് വർധനകൾ വഴി ജനങ്ങളെ പിഴിഞ്ഞൂറ്റിയിട്ടും ആയിരക്ക‍ണക്കിനു കോടിയുടെ നഷ്ടക്കഥകളാണു ബോർഡിനു പറയാനുള്ളത്. ചെലവു നിയന്ത്രിച്ച് നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള ഫലപ്രദമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. സർക്കാരിന്‍റെ അനുമതിയില്ലാതെയുണ്ടായ ശമ്പള വർധനയടക്കം വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ബോർഡിന്‍റെ പ്രവർത്തനം ആരോഗ്യകരമായ നിലയിലാക്കുന്നതിന് സർക്കാരിനു കഴിയുന്നില്ലെങ്കിൽ അടിക്കടി വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് ഈ വെള്ളാനയെയും നമുക്ക് പോറ്റിവളർത്തേണ്ടിവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com