യുവനിരയ്ക്ക് അഭിമാന നേട്ടം

കോലിയുടെയും രോഹിതിന്‍റെയും അഭാവം ടീമിനെ തളർത്തുമെന്ന് ആശങ്കപ്പെട്ടവരൊക്കെ ഇപ്പോൾ ആവേശത്തിലാവും.
eng vs ind: fresh start for Indian cricket team led by Shubman Gill

യുവനിരയ്ക്ക് അഭിമാന നേട്ടം

Updated on

അടിമുടി മാറിയ പുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എത്ര സുന്ദരമായ തുടക്കമാണിത്. ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള യുവനിര ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-2 സമനിലയിൽ പിടിച്ചിരിക്കുന്നു. സ്വന്തം നാട്ടിൽ ഒരു പരമ്പര വിജയം വല്ലാതെ ആഗ്രഹിച്ചിരുന്ന ഇംഗ്ലണ്ടിനെ ഓവലിലെ ആവേശം മുറ്റിയ അവസാന ടെസ്റ്റിൽ ആറു റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ പരമ്പരയിൽ സമനില ഉറപ്പിച്ചത്. 2018നു ശേഷം ഇന്ത്യക്കെതിരേ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജയിച്ചിട്ടില്ല ഇംഗ്ലണ്ട്. 2020-21ലെ നാലു ടെസ്റ്റുകളിൽ ഇന്ത്യ 3-1നു ജയിച്ചു. 2021-22ലെ അഞ്ച് ടെസ്റ്റ് പരമ്പര അവസാനിച്ചത് 2-2 സമനിലയിൽ. ഇംഗ്ലണ്ട് ഇന്ത്യയിൽ കളിച്ച 2023-24ലെ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ നേടിയത് 4-1നാണ്. ഇത്തവണ കൈയകലത്തു വന്ന പരമ്പര വിജയം നാടകീയമായി തട്ടിത്തെറിപ്പിക്കപ്പെട്ടത് ഇംഗ്ലീഷ് ക്രിക്കറ്റിനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുക.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര സംതൃപ്തി നൽകുന്നതാണ്. യുവനിരയുടെ വിജയമായി ഇതിനെ കാണണം. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു കാലഘട്ടത്തിനു തുടക്കം കുറിച്ച പരമ്പരയാണിത്. രോഹിത് ശർമയും വിരാട് കോലിയും ആർ. അശ്വിനും ഇല്ലാത്ത ഇന്ത്യൻ ടീമിനെയാണു ശുഭ്മൻ ഗിൽ നയിച്ചത്. ഇന്ത്യ ജയിച്ച രണ്ടു മത്സരങ്ങളിലും വിശ്വസ്തനായ പ്രധാന പേസർ ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല എന്നതും ഇതോടു ചേർത്തുകാണണം. രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തെത്തിയ ഗില്ലിന് ആത്മവിശ്വാസം നൽകുന്ന തുടക്കമായി ഇതു മാറാൻ കൂടുതൽ എന്തു വേണം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിനു ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനു പിന്നാലെ മുൻ നായകൻ വിരാട് കോലിയും ടെസ്റ്റ് മത്സരങ്ങളോടു വിടപറയുകയായിരുന്നു. കോലിയുടെയും രോഹിതിന്‍റെയും അഭാവം ടീമിനെ തളർത്തുമെന്ന് ആശങ്കപ്പെട്ടവരൊക്കെ ഇപ്പോൾ ആവേശത്തിലാവും.

ഇ​ന്ത്യ ജ​യി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും മിന്നിത്തിളങ്ങിയ പേസ് ബൗളർ മുഹമ്മദ് സി​റാ​ജി​ന്‍റെ പരമ്പരയിലെ പ്രകടനം അതിഗംഭീരമായി. 23 വിക്കറ്റെടുത്ത സിറാജാണ് പ​ര​മ്പ​ര​യി​ലെ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രിൽ മുന്നിലെത്തിയതും. ബുംറയുടെ അഭാവമുണ്ടായ ടെസ്റ്റുകളിൽ അതിന്‍റെ സമ്മർദം ടീമിനെ ബാധിക്കാതിരിക്കാൻ സിറാജിന്‍റെ പ്രകടനം സഹായിച്ചു. അവസാന ടെസ്റ്റിൽ ഒമ്പതു വിക്കറ്റുകളാണ് സിറാജ് നേടിയത്. ആ​ദ്യ ഇ​ന്നി​ങ്സി​ൽ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും. പ്ലെ​യ​ർ ഒ​ഫ് ‌ദ മാ​ച്ച് ബഹുമതിക്ക് സംശയലേശമില്ലാതെ സിറാജ് അർഹനുമായി. രണ്ട് ഇന്നിങ്സിലും നാലു വീതം വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇരുവരും ചേർന്ന് ഇംഗ്ലണ്ടിന്‍റെ പദ്ധതികളെ സമർഥമായി അട്ടിമറിക്കുകയായിരുന്നു. പരമ്പരയിൽ 754 റൺസ് നേടി "പ്ലെ​യ​ർ ഓ​ഫ് സീ​രി​സ്' ആയ ശു​ഭ്മ​ൻ ഗി​ൽ ക്യാപ്റ്റന്‍റെ കളി ഭംഗിയായി കളിച്ചു. നായകന്‍റെ ഉത്തരവാദിത്വം ബാറ്റ്സ്മാനെന്ന നിലയിലുള്ള പ്രകടനത്തെ ബാധിച്ചില്ല എന്നത് ഗില്ലിനെ സംബന്ധിച്ചു വലിയ നേട്ടമാണ്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാനുള്ള റെക്കോഡ് സുനിൽ ഗാവസ്കറുടെ പേരിലാണ്. 1971ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഗാവസ്കർ 774 റൺസ് നേടി കുറിച്ച റെക്കോഡിന് അടുത്തെത്താൻ ഗില്ലിനു കഴിഞ്ഞു. അതിശയകരമായ പ്രകടനമായിരുന്നു ഗില്ലിന്‍റേതെന്നു ഗാവസ്കർ അടക്കം സമ്മതിക്കുന്നുണ്ട്.

കടുത്ത മത്സരങ്ങളുടെ ആവേശോജ്വല പരമ്പരയാണു കഴിഞ്ഞിരിക്കുന്നത്. പുതിയ ടീമിന് നല്ല നിലവാരം പുലർത്താൻ കഴിയുമോയെന്നു സംശയിച്ചവർക്കെല്ലാം മറുപടി കിട്ടിയിരിക്കുന്നു. ഇരു ടീമുകളും ബാറ്റിങ് മികവ് കാഴ്ചവച്ച‌ ഹെഡിങ് ലിയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനായിരുന്നു വിജയം. ഗിൽ തകർത്താടിയ എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യയുടേതായി. ലോഡ്സിലെ മൂന്നാം ടെസ്റ്റ് കലാശിച്ചത് അവസാന ദിവസം ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ. ഓൾഡ് ട്രാഫോഡിലെ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഓവലിൽ വി​ജ​യം ന​ഷ്ട​മാ​യെ​ന്നു ക​രു​തി​യി​ട​ത്തു നി​ന്ന് ഉയർത്തെഴുന്നേറ്റു പൊരുതിയ ഇന്ത്യ ക്രിക്കറ്റ് പ്രേമികളെയൊന്നാകെ ആവേശത്തിലാഴ്ത്തുകയായിരുന്നു. ഇങ്ങനെയൊരു പോരാട്ടം കാഴ്ചവച്ച ഇന്ത്യൻ ടീം എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com