എല്ലാ ഫയലുകളും ഓരോ ജീവിതങ്ങളാണ്

സസ്പെൻഷൻ നടപടികളൊക്കെ സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള താത്കാലിക നടപടികൾ മാത്രമേ ആവുന്നുള്ളൂ. കർശനമായ നടപടി എന്നൊക്കെ പറയുന്നത് വാക്കുകളിൽ മാത്രമാണ്.
Every file is a life behind read editorial

എല്ലാ ഫയലുകളും ഓരോ ജീവിതങ്ങളാണ്

Representative image
Updated on

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകൾ കെട്ടിക്കിടക്കാതെ എത്രയും വേഗം നടപടികൾ എടുക്കുക എന്നതു സർക്കാർ നയമായി അവകാശപ്പെടുന്നതും പതിവാണ്. ഫയൽ നീക്കത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുകളും കേൾക്കാറുണ്ട്. എന്നാൽ, അത്യാവശ്യ കാര്യങ്ങളുടെ ഫയലുകൾ പോലും വേണ്ടവിധം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ ഇപ്പോഴും തയാറല്ല എന്നതിന് ഉദാഹരണങ്ങൾ പലതു പറയാനുണ്ടാവും. അതിൽ ഏറ്റവും അവസാനത്തേതും ഏറെ നിർഭാഗ്യകരവുമായതാണ് പത്തനംതിട്ടയിലുണ്ടായ ദുരന്തം. നാറാണംമൂഴി സെന്‍റ് ജോസഫ് എയ്‌ഡഡ് ഹൈസ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് ഒരു ദശകക്കാലത്തിലേറെയായി ശമ്പളം ലഭിക്കാത്തതിൽ മനം നൊന്ത് ഭർത്താവ് വി.ടി. ഷിജോ ആത്മഹത്യ ചെയ്ത സംഭവം എത്ര വലിയ കൃത്യവിലോപമാണ് വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടായതെന്നു കാണിക്കുന്നുണ്ട്.

ജോലി ചെയ്ത ശമ്പളം വർഷങ്ങളായി നൽകാതെ ഉദ്യോഗസ്ഥ സംവിധാനം ഒരു കുടുംബത്തെ മാനസികമായി തകർത്തു. ഒടുവിൽ ഒരു ജീവനും നഷ്ടപ്പെട്ടു. ഇനിയിപ്പോൾ നടപടികളൊക്കെ വേഗത്തിലാവും. പക്ഷേ, നഷ്ടപ്പെട്ട ജീവൻ തിരിച്ചുകിട്ടുമോ. കാര്യം നടക്കണമെങ്കിൽ ജീവൻ നഷ്ടപ്പെടണമെന്നുവരുന്നത് വലിയ ദുരന്തമാണ്. വീണ്ടും നമുക്കു സിസ്റ്റത്തെ പഴി പറയാം. പക്ഷേ, സിസ്റ്റം നന്നാവുന്ന പ്രശ്നമേയില്ല!‌ ഫയലുകൾ വച്ച് താമസിപ്പിച്ച് ആളുകളുടെ ജീവിതം നിരാശയിലാഴ്ത്തുന്ന ഉദ്യോഗസ്ഥരോടു പൊറുക്കാനാവില്ല. പൊതുജനങ്ങളുടെ പണം ശമ്പളമായി വാങ്ങി അവർ ജനങ്ങളെ വട്ടംകറക്കുകയും ദുരിതത്തിലേക്കു തള്ളിവിടുകയുമാണു ചെയ്യുന്നത്. ഇതിനൊക്കെ ഇനിയെന്നാണ് ഒരറുതി വരുക. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്കൂളിലെ പ്രധാന അധ്യാപികയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം മാനെജ്മെന്‍റിനോടു പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ആവശ്യപ്പെടുകയുണ്ടായി. ഇതുപോലുള്ള സസ്പെൻഷൻ നടപടികളൊക്കെ സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള താത്കാലിക നടപടികൾ മാത്രമേ ആവുന്നുള്ളൂ. കർശനമായ നടപടി എന്നൊക്കെ പറയുന്നത് വാക്കുകളിൽ മാത്രമാണ്. അതുകൊണ്ടാവണമല്ലോ ആർക്കും ഒരു ഭയവുമില്ലാത്തത്.

മകന്‍റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനം നൊന്താണ് ഷിജോ ജീവനൊടുക്കിയത് എന്നാണു പറയുന്നത്. പന്ത്രണ്ടു വർഷത്തോളമായി ശമ്പളം കിട്ടാതെ ജോലി ചെയ്യുകയായിരുന്നു ഷിജോയുടെ ഭാര്യ. നാറാണംമൂഴി ഹൈസ്കൂളിലെ ഈ അധ്യാപികയുടെ യുപിഎസ്ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നതാണ്. അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു. അതിനുശേഷവും യാതൊരു നടപടിയും ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിച്ചില്ല. ശമ്പള രേഖകൾ ശരിയാകാതിരുന്നതിനെത്തുടർന്ന് അധ്യാപിക വകുപ്പു മന്ത്രിയെ സമീപിച്ചിരുന്നു. രേ‌ഖകൾ ശരിയാക്കി നൽകാൻ മന്ത്രിയുടെ ഓഫിസിൽ നിന്നു നിർദേശം നൽകിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിനു തയാറായില്ലെന്നാണു പറയുന്നത്. ശമ്പള കുടിശ്ശിക നൽകുന്നതിനായി സ്കൂൾ മാനെജ്മെന്‍റ് കമ്മിറ്റിയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു എന്നാണു റിപ്പോർട്ട്. കോടതിയും സർക്കാരും പറഞ്ഞിട്ടും അനങ്ങാത്ത സിസ്റ്റമാണ് നിലനിൽക്കുന്നതെങ്കിൽ അത് എത്രയും വേഗം പൊളിച്ചെഴുതേണ്ടതുണ്ട്.

സെക്രട്ടേറിയറ്റിൽ തന്നെ ഓരോ മാസവും തുറക്കുന്ന ഫയലുകളിൽ മൂന്നിലൊന്നു പോലും ആ മാസം തന്നെ തീർപ്പാക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മേയ് 31 വരെ തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളിൽ തീരുമാനമെടുക്കാൻ സർക്കാർ പ്രഖ്യാപിച്ച ഫയൽ അദാലത്ത് ഓഗസ്റ്റ് 31 വരെയാണ്. ഓരോ ഫയലിലും തീരുമാനമെടുത്ത് സെപ്റ്റംബർ ഇരുപതിനകം വിശദമായ കണക്ക് മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടത്രേ. ജൂലൈ ഒന്നിന് ഫയൽ അദാലത്ത് തുടങ്ങുമ്പോൾ മൂന്നു ലക്ഷത്തിലേറെ ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രം കുടുങ്ങിക്കിടന്നിരുന്നത്. ഇതിൽ നാൽപ്പതിനായിരത്തിലേറെയും തദ്ദേശ സ്വയംഭരണ വകുപ്പിലാണ്. രണ്ടാം സ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പുണ്ട്. മുപ്പതിനായിരത്തിലേറെ ഫയലുകൾ അവിടെ കെട്ടിക്കിടക്കുന്നു. ഇരുപതിനായിരത്തിലേറെ ഫയലുകൾ റവന്യൂ വകുപ്പിലുണ്ട്. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പല വകുപ്പുകളിലുമുണ്ട്. അവയിൽ തൊടാൻ പോലും മടികാണിക്കുന്നവരുമുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ ഫയൽ നീക്കം കാര്യക്ഷമമാക്കാൻ കഴിയാതെ വരുമ്പോൾ അതിന്‍റെ ക്ലേശം മുഴുവൻ അനുഭവിക്കേണ്ടത് സാധാരണ ജനങ്ങളാണ്. ""ഫയലുകൾ മരിച്ച രേഖകളാവരുത്, തുടിക്കുന്ന ജീവിതമാകണം'' എന്നാണു മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഫയലുകൾ തീർപ്പാക്കാതെ സൂക്ഷിക്കുന്നത് അഴിമതിക്കുള്ള അരങ്ങൊരുക്കലാണ് എന്നും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായിട്ടുണ്ട്. മുന്നിലെത്തുന്ന ഓരോ ഫയലിന്മേലും അനുകമ്പയോടെ തീരുമാനമെടുക്കാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com