
വയനാട് ടൗൺഷിപ്പിലെ മാതൃകാവീട്.
സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈ 30നു പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ 298 പേർക്കാണു ജീവൻ നഷ്ടമായത്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഒരു രാത്രി ഉണർന്നെഴുന്നേൽക്കും മുൻപേ നാമാവശേഷമാവുകയായിരുന്നു. കടപുഴകിയ മരങ്ങൾക്കും പാറക്കല്ലുകൾക്കും ഒപ്പം പുന്നപ്പുഴയിലൂടെ ഒലിച്ചുപോയ മനുഷ്യരുടെ മൃതദേഹങ്ങൾക്കായി നടത്തിയ തെരച്ചിലിന്‍റെ ദൃശ്യങ്ങളും ഉറ്റവർ നഷ്ടപ്പെട്ടവരുടെ വിലാപങ്ങളും തേങ്ങലുകളും ഇന്നും ഒരു ദുസ്വപ്നം പോലെ മലയാളികളെ വേട്ടയാടുകയാണ്. ചിലരുടെ ശരീരഭാഗങ്ങൾ മാത്രമാണ് അവസാനമായി ഒന്നു കാണാൻ കിട്ടിയത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. കനത്ത മഴയും തടസം സൃഷ്ടിച്ചു. പ്രതികൂല കാലാവസ്ഥയിലും അതിവേഗത്തിൽ ബെയ്‌ലി പാലം നിർമിച്ചാണു സൈന്യം രക്ഷാപ്രവർത്തനങ്ങൾക്കു വഴിയൊരുക്കിയത്.
നൂറു കണക്കിനാളുകളുടെ ജീവിതമാണ് ഈ ദുരന്തത്തിലൂടെ ഇരുളടഞ്ഞുപോയത്. വീടും സമ്പാദ്യവും ഉരുളിൽ ഒലിച്ചുപോയവർ ഇനിയെന്ത് എന്നറിയാതെ പകച്ചുനിന്ന നാളുകളിൽ കേരളം കാഴ്ചവച്ച ഒറ്റക്കെട്ടായ പ്രവർത്തനം മാതൃകാപരം തന്നെയാണ്. രാപകലില്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊലീസ്, സൈന്യം, സർക്കാർ എന്നിങ്ങനെ എല്ലാ ഭാഗത്തുനിന്നും പൂർണ സഹകരണമുണ്ടായി. ജാതി- മത- രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുചേർന്നുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സ്വന്തമായി ഒന്നും ബാക്കിയില്ലാത്തവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ വേണ്ടിയുള്ളതായിരുന്നു. ദുരന്തഭൂമിയിൽ അവശേഷിച്ച ആളുകളെയെല്ലാം ആദ്യം ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ഒരു മാസത്തോളം തുടർന്ന ഈ ക്യാംപുകളിൽ കഴിഞ്ഞിരുന്നവരെ പിന്നീട് താത്കാലികമായി വാടക വീടുകളിലേക്കും മറ്റും മാറ്റിതാമസിപ്പിച്ചു. എഴുനൂറിലേറെ കുടുംബങ്ങളാണു വിവിധ ക്യാംപുകളിലായി ഉണ്ടായിരുന്നത്. അമ്പലവയൽ, മുട്ടിൽ, കൽപ്പറ്റ, ചുണ്ടേൽ, വൈത്തിരി, വടുവഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകളെ മാറ്റിയത്. ബന്ധുവീടുകളിലേക്കു മാറിയവരുമുണ്ട്. അടുത്ത ദൗത്യം ഇവർക്കെല്ലാം സ്ഥിരമായ വീടും സൗകര്യങ്ങളും ഉറപ്പാക്കുകയാണ്.
അതിനു വേണ്ടിയാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് നിർമാണം സർക്കാർ പ്രഖ്യാപിച്ചത്. അഞ്ചു സോണുകളിലായി 410 വീടുകൾ ഇതിന്‍റെ ഭാഗമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മഴ തോർന്നാൽ അടുത്ത മാസത്തോടെ നിർമാണ പ്രവർത്തനങ്ങൾക്കു വേഗം കൂടുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. ടൗൺഷിപ്പിലെ മാതൃകാ വീടിന്‍റെ നിർമാണം പൂർത്തിയായിട്ടുണ്ട്. അഞ്ചുമാസം കൊണ്ടാണു നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുന്നത്. ടൗൺഷിപ്പിലെ ഓരോ വീടുകളും എങ്ങനെയായിരിക്കും എന്നതിന്‍റെ മാതൃകയാണ് ഈ വീട്. വീടിന്‍റെ സൗകര്യങ്ങൾ ദുരന്തബാധിതർക്കും സ്‌പോൺസർമാർക്കും കാണുന്നതിന് അവസരമുണ്ട്. 29 വീടുകളുടെ അടിത്തറ പൂർത്തിയായിട്ടുണ്ട്. ആദ്യ ക്ലസ്റ്ററിലെ 110 വീടുകളാണ് ഇപ്പോൾ നിർമിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കുന്നു. ഡിസംബറോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും സർക്കാർ അറിയിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയും വിധത്തിലുള്ള ഈ വീടുകൾ ആയിരം ചതുരശ്ര അടിയിൽ ഒറ്റ നിലയിലാണു നിർമിക്കുന്നത്. ഭാവിയിൽ രണ്ടു നിലയാക്കാൻ സൗകര്യത്തിന് അടിത്തറ ശക്തിപ്പെടുത്തും.
പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഇതുവരെയുണ്ടായിരുന്നത് 402 കുടുംബങ്ങളാണ്. അതിനു പുറമേ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ട 49 പേർക്കു കൂടി വീടു നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതു സ്വാഗതാർഹമാണ്. വീടിനായി കാത്തിരിക്കുന്നവർ ഇനിയുമുണ്ട്. അവരെയും സർക്കാർ പരിഗണിക്കണം. എത്രയും വേഗം ടൗൺഷിപ്പിന്‍റെ നിർമാണം പൂർത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ സർക്കാരിനുണ്ടാവണം. വീടുകളുടെ നിർമാണത്തിൽ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അമാന്തം ഉണ്ടാവരുത്. പദ്ധതിയുടെ ഭാഗമായുള്ള റോഡുകളുടെ നിർമാണം അതിവേഗത്തിൽ തന്നെ നടക്കണം. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെന്‍ററുകൾ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളെക്കുറിച്ചും സർക്കാർ പറയുന്നുണ്ട്. നാടിന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ കഴിയുന്ന മാതൃകയാവണം ഈ പുനരധിവാസം. ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ തീരുമാനം ഉചിതം തന്നെ. തുടർചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനുള്ള തീരുമാനവും സ്വാഗതം ചെയ്യേണ്ടതാണ്.