കള്ളവോട്ടുകാരെ കരുതിയിരിക്കണം| മുഖപ്രസംഗം

വോട്ടുചെയ്യുന്നതിന് അവർക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ഒഴിവായത്
കള്ളവോട്ടുകാരെ കരുതിയിരിക്കണം| മുഖപ്രസംഗം

മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ തന്നെ വോട്ടു ചെയ്യുന്നതിനു സൗകര്യം ഒരുക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടി സ്വാഗതാർഹം തന്നെയാണ്. അതിനോടുള്ള വോട്ടർമാരുടെ പ്രതികരണവും വളരെ മെച്ചപ്പെട്ടതാണെന്നു വ്യക്തം. തെരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതനുസരിച്ച് വീട്ടിൽ വോട്ട് ചെയ്യാൻ അപേക്ഷിച്ചവരിൽ 81 ശതമാനം പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 111 വയസുള്ള കുപ്പച്ചിയമ്മ മുതൽ ഇതുവരെ വീട്ടിൽ വോട്ട് ചെയ്തവർ ഒന്നര ലക്ഷത്തിനടുത്താണ്. ഇവരിൽ 85 വയസിനു മുകളിൽ പ്രായമുള്ളവർ ഒരു ലക്ഷത്തിലേറെയുണ്ട്; ഭിന്നശേഷിക്കാരായ നാൽപ്പതിനായിരത്തിലേറെ പേരും. കിടപ്പുരോഗിയായ ശിവലിംഗത്തിനു വോട്ടു ചെയ്യുന്നതിനു മാത്രമായി ഉദ്യോഗസ്ഥർ 18 കിലോമീറ്റർ വനമേഖലയിലൂടെ കാൽനടയായി യാത്രചെയ്തു. ജനാധിപത്യത്തിൽ വോട്ടവകാശം എത്ര മഹത്തരമാണ് എന്നതിനു തെളിവാണിത്. ഇന്ത്യൻ ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നത് ഇതുപോലുള്ള പ്രതിബദ്ധതയാണ്. വീട്ടിൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇപ്പോൾ വോട്ടു ചെയ്തവരിൽ ബഹുഭൂരിഭാഗവും ഒരുപക്ഷേ, സമ്മതിദാനാവകാശം വിനിയോഗിക്കുമായിരുന്നില്ല. വോട്ടുചെയ്യുന്നതിന് അവർക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ഒഴിവായത്.

എന്നാൽ, മഹത്തായ ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതിയെയും രാഷ്‌ട്രീയ താത്പര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യാൻ ചില ദുർബുദ്ധികൾ പരിശ്രമിച്ചതു വളരെയേറെ നിരാശാജനകമാണ്. എന്തു നല്ല കാര്യം കൊണ്ടുവന്നാലും അതിലൊരു കള്ളത്തരത്തിനു ശ്രമിക്കുന്നവർ എവിടെയുമുണ്ടാവാം. അത്തരക്കാരെ രാഷ്‌ട്രീയ നിറം നോക്കാതെ കർശനമായി ശിക്ഷിക്കണം. അവസരം കിട്ടിയാൽ കള്ളവോട്ടു ചെയ്യാൻ കാത്തിരിക്കുന്നവർ നിസാരമായ ഏതാനും വോട്ടുകളിൽ പോലും കള്ളത്തരം കാണിക്കുന്നു എന്നതാണ് വെളിച്ചത്തു വന്നിരിക്കുന്നത്. ഈ മാസം ഇരുപത്താറിനു കേരളത്തിൽ വോട്ടെടുപ്പു നടക്കുമ്പോൾ ഇത്തരം തട്ടിപ്പുകാരെ പ്രത്യേകം സൂക്ഷിക്കണം. ഒന്നോ രണ്ടോ വോട്ടുകളിൽ പോലും തട്ടിപ്പു നടത്താൻ ശ്രമിക്കുന്നവർ ഇരുപത്താറാം തീയതി അടങ്ങിയിരിക്കും എന്നു കരുതാനാവില്ല. മറ്റുള്ളവർ തട്ടിപ്പുകാരാണ് എന്നുറക്കെ പറയുകയും സ്വയം തട്ടിപ്പിന് അവസരം നോക്കുകയും ചെയ്യുന്നവരെയും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടുപിടിച്ച് അകറ്റിനിർത്താൻ തെരഞ്ഞെടുപ്പു കമ്മിഷനും അവരുടെ സംവിധാനങ്ങൾക്കും കഴിയണം. വീട്ടിലെ വോട്ടിൽ കണ്ട പാളിച്ചകൾ ആ നിലയ്ക്ക് കമ്മിഷനുള്ള മുന്നറിയിപ്പാണ്.

കല്യാശേരിയിലെ 164ാം നമ്പർ ബൂത്തിൽ 92 വയസുള്ള മുതിർന്ന സ്ത്രീയുടെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ വോട്ടിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ഇടപെടലുണ്ടായി എന്നതാണ് ആദ്യം ഉയർന്ന പരാതി. ഇവരുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം വിവാദമായത്. ഇതു ചൂണ്ടിക്കാണിച്ച് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുകയുണ്ടായി. ഏതായാലും ഈ കള്ളത്തരത്തിനു കൂട്ടുനിന്ന അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ക്രമവിരുദ്ധമായി ഇടപെടൽ നടത്തിയ നേതാവിനും ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്ത് നിയമപ്രകാരമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കള്ളവോട്ട് ആരോപണം കോൺഗ്രസ് നേതാവിനെതിരേയും ഉയർന്നിട്ടുണ്ട്. കണ്ണൂരിൽ എൺപത്താറുകാരിയായ കെ. കമലാക്ഷിയുടെ വോട്ട് വി. കമലാക്ഷിയെക്കൊണ്ടു ചെയ്യിച്ചത് കോൺഗ്രസുകാരാണ് എന്നത്രേ സിപിഎം ആരോപണം. തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി വോട്ടു ചെയ്യിപ്പിച്ചു എന്ന എൽഡിഎഫിന്‍റെ പരാതിയിൽ പോളിങ് ഓഫിസറെയും ബിഎൽഒയെയും സസ്പെൻഡ് ചെയ്യുകയുണ്ടായി.

കോഴിക്കോട് പെരുവയലിൽ ആളുമാറി വോട്ടു ചെയ്ത സംഭവവും രാഷ്‌ട്രീയ ആരോപണങ്ങളിൽ മുങ്ങിയിട്ടുണ്ട്. ഒരേ പേരുകാരായ രണ്ടു സ്ത്രീകളിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെക്കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചെന്നാണു പരാതി ഉയർന്നത്. അവിടെ പായമ്പുറത്ത് ജാനകിയമ്മക്കു പകരം കൊടശേരി ജാനകിയമ്മയാണ് വോട്ടുചെയ്തത്. വോട്ടു ചെയ്യുന്നതിനു മുൻപ് ആളുമാറിയെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അതു പരിശോധിച്ചില്ലത്രേ. ഇതിൽ നാലു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണു സസ്പെൻഡ് ചെയ്തത്. കണ്ണൂരിലെ പേരാവൂരില്‍ 106 വയസുകാരിയെ സിപിഎം പ്രാദേശിക നേതാവ് നിര്‍ബന്ധിച്ചു വോട്ടുചെയ്യിച്ചെന്നും യുഡിഎഫ് പരാതിപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതമാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നൽകിയിട്ടുള്ളതെന്ന് അവർ പറയുന്നു. പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്ത സംഭവവും പുറത്തുവന്നിട്ടുണ്ട്. ആറു വർഷം മുൻപ് മരിച്ചയാളുടെ പേര് വോട്ടർപട്ടികയിൽ വന്നതു തന്നെ ഗുരുതര പാളിച്ചയാണ്. ഈ വോട്ട് മരിച്ചയാളുടെ മരുമകൾ ചെയ്തു എന്നാണ് എൽഡിഎഫ് പരാതി നൽകിയത്. ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചതിന് കോൺഗ്രസിന്‍റെ പഞ്ചായത്ത് അംഗവും ബിഎൽഒയുമാണു പ്രതിക്കൂട്ടിലായിട്ടുള്ളത്.

ഇതുവരെ പുറത്തുവന്ന തട്ടിപ്പു പരാതികളിലൊക്കെയും ഉദ്യോഗസ്ഥരുടെ കൂട്ട് ന്യായമായും സംശയിക്കാവുന്നതാണ്. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് വോട്ടെടുപ്പിൽ ക്രമക്കേടു നടത്താൻ രാഷ്‌ട്രീയ നേതാക്കൾ തുനിയുകയും ജീവനക്കാർ അതിനു കൂട്ടുനിൽക്കുകയും ചെയ്താൽ സത്യസന്ധമായ വോട്ടിങ്ങാണ് ഇല്ലാതാവുക. അതിനു തുനിയുന്നവർ ഏതാനും ചില പ്രാദേശിക നേതാക്കൾ മാത്രമാണെങ്കിൽ പോലും അവരെ ഒരു കക്ഷികളും പ്രോത്സാഹിപ്പിക്കരുത്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ അന്തസും അന്തസത്തയും കാത്തുസൂക്ഷിക്കുന്നതിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു ജാഗ്രത കുറഞ്ഞുകൂടാ. തട്ടിപ്പിനു കൂട്ടുനിൽക്കുന്നവർക്കെതിരായ നടപടികൾ തത്കാലം മുഖം രക്ഷിക്കാനുള്ളതു മാത്രമായി മാറ്റാതിരിക്കണം. ഇത്തരം തട്ടിപ്പുകാർ ജനാധിപത്യത്തിന്‍റെ കടയ്ക്കൽ അറിഞ്ഞുകൊണ്ട് കത്തിവയ്ക്കുന്നവരാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com