ഇനിയും ശക്തിപ്പെടുത്തണം, ലഹരിക്കെതിരായ പോരാട്ടം

രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്നു ഗൗരവമായി പരിശോധിച്ച് പാകപ്പിഴകൾക്കു പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
man attacks parents for not paying to buy MDMA drugs malappuram

ഇനിയും ശക്തിപ്പെടുത്തണം, ലഹരിക്കെതിരായ പോരാട്ടം

Updated on

നാളെ അന്താരാഷ്‌​ട്ര മയക്കുമരുന്നു വിരുദ്ധ ദിനമാണ്. ഐക്യരാഷ്‌​ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന വളരെ പ്രസക്തമായ അന്താരാഷ്‌​ട്ര ദിനാചരണം. മയക്കുമരുന്നു വ്യാപാരവും അതിന്‍റെ ഉപയോഗവും സമൂഹത്തെ ഏതു വിധത്തിലൊക്കെയാണു ബാധിക്കുന്നതെന്നു ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. 1989 മുതൽ എല്ലാ വർഷവും ജൂൺ 26ന് മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. ദിനാചരണത്തോടനുബന്ധിച്ച് പലവിധത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ഭാഗമായി നടത്തിവരാറുണ്ട്. എന്നാൽ, മയക്കുമരുന്നിന്‍റെ ദുരുപയോഗത്തിൽ നിന്നു വിമുക്തമായ ഒരു ലോകം എന്ന സ്വപ്നം യാഥാർഥ്യമാവണമെങ്കിൽ ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നതാണു വാസ്തവം. കേരളത്തിൽ അടക്കം മയക്കുമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും വർധിച്ചുവരുകയാണ് എന്നാണു കണക്കുകൾ. മയക്കുമരുന്നിന് അടിമകളാവുന്നവർ തകർത്തുകളഞ്ഞ എത്രയോ കുടുംബങ്ങളുണ്ട്. ബോധവത്കരണം കൊണ്ടു മാത്രം ലഹരിയെ ചെറുക്കാനാവില്ല. പ്രതിരോധവും പുനരധിവാസവും അതിനൊപ്പം ആവശ്യമാണ്. ആരോഗ്യകരമായ ഒരു യുവതലമുറയെ സൃഷ്ടിക്കണമെങ്കിൽ സർക്കാരുകൾ ഇത്തരം പ്രവർത്തനങ്ങൾ ഊർജിതമാക്കിയേ തീരൂ. ലഹരിക്ക് അടിമപ്പെടുന്നവർക്ക് അതിൽ നിന്നു കരകയറാൻ കൈത്താങ് നൽകുക എന്ന ലക്ഷ്യം ഈ വർഷം ലഹരി വിരുദ്ധ ദിനത്തിൽ ഐക്യരാഷ്‌​ട്രസഭ മുന്നോട്ടുവയ്ക്കുന്നുണ്ട്.

രാജ്യത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചാംഘട്ട ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുകയാണ്. "എന്‍റെ കുടുംബം ലഹരിമുക്ത കുടുംബം' ക്യാംപെയ്‌ന് തുടക്കം കുറിക്കുന്നു. റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാംപെയ്‌ൻ വിജയിപ്പിക്കുന്നതിനു കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ, കോളെജ് തലത്തിൽ എൻഎസ്എസ്, എസ്പിസി, ലഹരി വിരുദ്ധ ക്ലബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ സ്കൂൾ പാർലമെന്‍റും സംഘടിപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കു പുറമേ ജൂൺ 26ന് എല്ലാ സർക്കാർ ഓഫിസുകളിലും പൊതുഇടങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാനും സർക്കാർ നിർദേശമുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും രാവിലെ 11ന് ഓഫിസ് മേധാവിയാണു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത്.

കൂട്ടായ പ്രതിരോധം തീർക്കുന്നതിന്‍റെ ഭാഗമായി പലവിധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും ലഹരി മാഫിയകൾ കേരളത്തെ വട്ടം പിടിച്ചിരിക്കുകയാണ് എന്ന യാഥാർഥ്യം ഇതിനെല്ലാം അപ്പുറത്തുണ്ട്. ലഹരി മരുന്ന് വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണു കേരളമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം രാജ്യത്താകെ രജിസ്റ്റർ ചെയ്തത് 89,913 കേസുകളാണ്. ഇതിൽ 27,701 കേസുകളും കേരളത്തിൽ. ലഹരിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന പഞ്ചാബിൽ 9,025 കേസുകളേയുള്ളൂ. പുതിയ കണക്കുകൾ കാണിക്കുന്നത് ലഹരിയുടെ പ്രധാന കേന്ദ്രമാണു കേരളം എന്നതാണ്. നടപടിയെടുക്കാൻ തയാറാവുന്നതുകൊണ്ടാണ് ഇത്രയും കേസുകളുണ്ടാവുന്നത് എന്ന വാദം അംഗീകരിച്ചാൽ പോലും ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാണെന്ന് ഇതു കാണിക്കുന്നുണ്ട്. അതു മാത്രമല്ല രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റവാളികൾക്കു തക്കതായ ശിക്ഷ ഉറപ്പാക്കുന്നില്ല എന്നതും പോരായ്മയായി കാണേണ്ടതുണ്ട്. നിസാര പിഴയടച്ചും മറ്റും രക്ഷപെടാനുള്ള പഴുതുകളുണ്ടാവുമ്പോൾ ലഹരി വിൽപ്പനയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർധിച്ചു വരാനുള്ള സാധ്യതയും കൂടുകയാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്നു ഗൗരവമായി പരിശോധിച്ച് പാകപ്പിഴകൾക്കു പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

പല നഗരങ്ങളിലും ലഹരി മാഫിയകളുടെ വലിയ തോതിലുള്ള സാന്നിധ്യം പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിനെക്കാൾ ‍എത്രയോ മടങ്ങുവരുന്നതാണ് യഥാർഥത്തിലുള്ള വലയമെന്നും ആലോചിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളിൽ നിന്നുൾപ്പെടെ പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിൽ വൻ വർധനയാണു സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. ലഹരിക്കടത്തുകാരുടെയും വിൽപ്പനക്കാരുടെയും വലയിൽ അകപ്പെട്ട് യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവി നശിച്ചുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത തന്നെ ആവശ്യമാണ്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കു കടുത്ത ശിക്ഷ നൽകുന്നതും അതിർത്തികളിൽ പരിശോധന കർശനമാക്കുന്നതും സംസ്ഥാന വ്യാപകമായി പൊലീസിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്നതും അനിവാര്യം. ലഹരിക്ക് അടിമകളായി മാറുന്നവരിൽ ഭൂരിപക്ഷം പേരും അതിന്‍റെ ഉപയോഗം തുടങ്ങുന്നത് 10-15 വയസിലാണെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളിൽ ലഹരിക്കെതിരായ പ്രചാരണം ‍അതിശക്തമായി ഉണ്ടാവണമെന്ന് ഇതു കാണിക്കുന്നു. കോളെജ് അടക്കം ഉയർന്ന വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലും ബോധവത്കരണം നിർബന്ധമാണ്. ലഹരി സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നവരുണ്ടെങ്കിൽ അവരും പിടിക്കപ്പെടണം. കൊലപാതകങ്ങൾ അടക്കം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനു ലഹരിയുടെ ഉപയോഗം പ്രധാന കാരണമാണ്. നാടിനെ നടുക്കിയ പല അതിക്രൂരമായ കൊലപാതകങ്ങൾക്കും പിന്നിൽ ലഹരിയുടെ സ്വാധീനമുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരോടു പോലും യാതൊരു കരുണയും തോന്നാത്ത മാനസിക നില ലഹരി വസ്തുക്കൾ സൃഷ്ടിക്കുകയാണ്. ലഹരി ഉപയോഗത്തിലെ വർധന പ്രധാന പ്രശ്നമായി കണ്ടുകൊണ്ടുള്ള തുടർ പ്രവർത്തനങ്ങളാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com