സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര സഹായം വർധിക്കണം
സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര സഹായം വർധിക്കണം
സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില സംബന്ധിച്ചുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കാണിക്കുന്നതും സർക്കാരിനു മുന്നറിയിപ്പു നൽകുന്നതുമാണ്. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്‍റെ കൂടി സഹായവും സഹകരണവും അത്യാവശ്യമാണെന്നും റിപ്പോർട്ടിലെ കണക്കുകളിൽ നിന്നു വ്യക്തമാവുന്നുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷം കേന്ദ്രത്തിൽ നിന്നുള്ള ധന സഹായം പകുതിയിലധികം കുറഞ്ഞെന്നാണു സിഎജി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര നികുതികളിലെയും തീരുവകളിലെയും സംസ്ഥാനത്തിന്‍റെ വിഹിതം 19.07 ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര ധനസഹായം 2022-23ലെ 27,377.86 കോടിയിൽ നിന്ന് 2023-24ൽ 12,068.26 കോടിയായി എന്നാണു റിപ്പോർട്ടിലുള്ളത്. അതായത് മുൻവർഷത്തേതിന്‍റെ പകുതി പോലുമില്ല. ഈ തരത്തിൽ കേന്ദ്ര സഹായം കുറയുന്നത് സംസ്ഥാനത്തിനു ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ അടങ്ങുന്ന നിവേദനവും അദ്ദേഹം നൽകിയിട്ടുണ്ട്. കടമെടുപ്പു പരിധിയിലെ നിയന്ത്രണം ലഘൂകരിക്കുന്നതടക്കം വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി അഭ്യർഥിക്കുന്നുണ്ട്. കേരളത്തെ സഹായിക്കുന്നതിൽ ഏതൊക്കെ മേഖലയിലാണോ വെട്ടിക്കുറവു വരുത്തിയിട്ടുള്ളത് അവയെല്ലാം കേന്ദ്ര സർക്കാർ വിശദമായി പരിശോധിക്കേണ്ടതും സംസ്ഥാനത്തിന് അനുകൂലമായ നിലപാടു സ്വീകരിക്കേണ്ടതുമാണ്. ഏറ്റവും അവസാനം വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ കാര്യത്തിൽ വരെ പ്രതീക്ഷിച്ച കേന്ദ്ര സഹായം കിട്ടിയിട്ടില്ല. വയനാടിനു വേണ്ടി കേന്ദ്ര സഹായമായി 2,200ൽ ഏറെ കോടി രൂപയാണു കേരളം ചോദിച്ചിരുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണ്. ഇതിനു പുറമേ പുനരധിവാസത്തിനായി 529.50 കോടി രൂപയുടെ തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയും അനുവദിക്കുകയുണ്ടായി. കേന്ദ്ര സഹായം വായ്പയായി കണക്കാക്കാതെ ഗ്രാന്‍റായി പരിഗണിക്കുക എന്നതു ന്യായമായ ആവശ്യമാണ്.
കേന്ദ്ര സർക്കാർ സഹായം വർധിപ്പിക്കണമെന്നതു മാത്രമല്ല ഈ പ്രതിസന്ധി മറികടക്കാൻ ആവശ്യമായിട്ടുള്ളത്. ഈ പോക്ക് എങ്ങോട്ടാണെന്ന് സംസ്ഥാന സർക്കാരിലെ ധനകാര്യ വിദഗ്ധരും പരിശോധിക്കേണ്ടതുണ്ട്. കടമെടുക്കുന്ന പണം കടം വീട്ടാൻ ഉപയോഗിക്കുന്നു എന്നാണു സിഎജി ചൂണ്ടിക്കാണിക്കുന്നത്. ബജറ്റിനു പുറത്തുള്ള കടമെടുപ്പു കൂടി കൂട്ടുമ്പോള്‍ കേരളത്തിന്‍റെ കടം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഎസ്ഡിപി) 37.84 ശതമാനമെന്നാണ് സിഎജി നിയമസഭയിൽ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് അത്ര മെച്ചപ്പെട്ട അവസ്ഥയല്ല. കിഫ്ബിയുടെയും സാമൂഹ്യ സുരക്ഷാ പെന്‍ഷൻ കമ്പനിയുടെയും ബാധ്യതയായ 32,942 കോടി കൂടി ചേര്‍ക്കുമ്പോള്‍ 4,33,657.98 കോടി രൂപയാണു കേരളത്തിന്‍റെ കടമെന്ന് സിഎജി പറയുന്നു. കടമെടുത്തതിൽ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവിന് ഉപയോഗിച്ചത്. ആസ്തിയുണ്ടാക്കുന്നതിനു പകരം കടമെടുക്കുന്ന പണം ഇത്തരത്തിൽ കടം വീട്ടാനും സാധാരണ ചെലവുകള്‍ക്കും വിനിയോഗിക്കുന്നത് എത്രമാത്രം ഗുണകരമാവുമെന്ന് ആലോചിക്കേണ്ടതുണ്ട്.
കിഫ്ബിയുടെ കടമെടുക്കലുകള്‍ ബജറ്റിനു പുറത്തുള്ള സർക്കാരിന്‍റെ കടമെടുപ്പായി കണക്കാക്കുന്നതു ശരിയല്ലെന്ന നിലപാടാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനുള്ളത്. സംസ്ഥാനത്തിന്‍റെ നേരിട്ടുള്ള ബാധ്യതയാകുന്നില്ല ഇതെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. കിഫ്ബി ലാഭകരമായ പദ്ധതികള്‍ക്കു പണം മുടക്കുകയും തനതു വരുമാനം സ്വരൂപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് ആകസ്മികമായ ബാധ്യത മാത്രമാണെന്ന് അദ്ദേഹം പറയുന്നു. കിഫ്ബി നല്ല നിലയിൽ പ്രവർത്തിക്കുന്നിടത്തോളം അതിന്‍റെ ബാധ്യതകൾ ഒരു പ്രശ്നമായി മാറില്ലെന്ന് ഈ പദ്ധതിയെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നുണ്ട്. അപ്പോഴും അതിന്‍റെ ബാധ്യതയും ഇവിടെയുണ്ട് എന്നതു മറക്കാനാവില്ല.
2019-20 മുതൽ 2023- 24 വരെയുള്ള അഞ്ചുവർഷക്കാലത്ത് റവന്യൂ ചെലവ് കുത്തനെ ഉയർന്നുവെന്നാണു സിഎജി ചൂണ്ടിക്കാണിക്കുന്നത്. 2019-20ൽ 1,04,719.92 കോടിയായിരുന്ന റവന്യൂ ചെലവ് 2023-24ൽ 1,42,626.34 കോടിയായിട്ടുണ്ട്. ശമ്പളം, വേതനം, പലിശ, പെൻഷൻ എന്നിവ ഉൾപ്പെടുന്ന ചെലവുകൾ 71,221.27 കോടിയിൽ നിന്ന് 92,728.15 കോടിയായി വർധിച്ചിരിക്കുന്നു. റവന്യൂ വരവിലും 8.38 ശതമാനം ശരാശരി വാർഷിക വളർച്ചാനിരക്കുണ്ട് എന്നതു ശ്രദ്ധേയമാണ്. 90,224.67 കോടിയിൽ നിന്ന് വരവ് 1,24,486.15 കോടിയായി ഉയർന്നു. അപ്പോഴും ശമ്പളം, വേതനം, പെൻഷൻ തുടങ്ങിയ ഇനങ്ങളിലെ ഉയർന്ന ചെലവും കേന്ദ്ര സഹായത്തിലെ കുറവും പ്രശ്നമായി അവശേഷിക്കുകയാണ്. ആഭ്യന്തര ഉത്പാദനത്തിലെ വളർച്ചാനിരക്ക് എന്തായാലും ആശ്വാസകരമാണ്. സിഎജി റിപ്പോർട്ടിലുള്ള 8.97 ശതമാനം ശരാശരി വാർഷിക വളർച്ചാനിരക്ക് എന്നതു പ്രതിസന്ധിക്കിടയിലെ നേട്ടം തന്നെയാണ്.