കാലത്തിനൊത്ത മാറ്റം, നാലുവർഷ ബിരുദ കോഴ്സുകൾ| മുഖപ്രസംഗം

പുതിയ കാലത്തിനാവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുക എന്നതാണു പുതിയ സംവിധാനത്തിലെ ഊന്നൽ
കാലത്തിനൊത്ത മാറ്റം, നാലുവർഷ ബിരുദ കോഴ്സുകൾ| മുഖപ്രസംഗം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയൊരു ചുവടുവയ്പ്പിനു തുടക്കമാവുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിലെ സർവകലാശാലകളിൽ ഈ അധ്യയന വർഷം ആരംഭിക്കുന്നു. നാലു വർഷ ബിരുദ കോഴ്സുകളുടെ ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചിരിക്കുന്നത്. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷമാവുമ്പോൾ ഓണേഴ്സ് ബിരുദവും ലഭിക്കുന്നതാണു പുതിയ സംവിധാനം. കോളെജ് പഠനത്തിൽ അടിമുടി മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതാണ് ഈ സമ്പ്രദായം. ആധുനിക കാലത്തിന് അനുയോജ്യമായ പഠനരീതി എന്ന നിലയിലാണ് ഇതിനെ കാണുന്നത്. വിശദമായ പഠനത്തിനും പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് കേരളം പുതിയ രീതിയിലേക്കു മാറുന്നത്. അതിനാൽ തന്നെ പാകപ്പിഴകളില്ലാതെ പുതിയ കാലത്തെ വരവേൽക്കാൻ നമ്മുടെ കോളെജുകൾക്കും സർവകലാശാലകൾക്കും കഴിയുമെന്നു പ്രതീക്ഷിക്കാം. വിദ്യാർഥികൾക്കു മികച്ച സാധ്യതകൾ പുതിയ സംവിധാനം ഒരുക്കുമെന്നും കരുതാം.

നിലവിലെ മൂന്നുവർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുക എന്നതല്ല നാലുവർഷ ബിരുദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പുതിയ കാലത്തിനാവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുക എന്നതാണു പുതിയ സംവിധാനത്തിലെ ഊന്നൽ. വിദ്യാർഥികൾക്കു സ്വതന്ത്രമായി ഉന്നത പഠനത്തിൽ മുന്നേറാൻ അവസരം ഒരുക്കലാണ് ഇതിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നു. അഭിരുചിക്കൊത്ത പാത തെരഞ്ഞെടുക്കാനാവുമ്പോഴാണ് വിവിധ വിഷയങ്ങളിൽ ഏറ്റവും സർഗാത്മകമായ ഫലങ്ങളുണ്ടാക്കാൻ കഴിവുള്ളവരായി വിദ്യാർഥികൾ മാറുന്നത്. വിദ്യാർഥികൾക്ക് ആ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട്, പുതിയ കാലത്തെ അക്കാഡമിക്- കരിയർ താത്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപ്പന ചെയ്യാനാണ് പുതിയ സംവിധാനം സൗകര്യമൊരുക്കുക.

വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിൽ അതിപ്രധാനമാണ്. കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കണം തുടങ്ങിയ പതിവു രീതികളൊന്നും ഇനിയുണ്ടാവില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പു വിശദീകരിക്കുന്നതു പോലെ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ ഒക്കെ പഠിക്കാനുള്ള അവസരം വിദ്യാർഥികൾക്കു കിട്ടും. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകൽപ്പന ചെയ്യാൻ കലാലയങ്ങളിൽ അക്കാഡമിക് കൗൺസിലർമാരുണ്ടാവും. എൻ മൈനസ് വൺ സംവിധാനത്തിലൂടെ മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരവും ഉണ്ടാവും. പഠനത്തിനിടക്ക് താത്പര്യമുള്ള വിദ്യാർഥികൾക്ക് അന്തർ സർവകലാശാലാ മാറ്റത്തിനും അവസരമുണ്ട്. റെഗുലർ കോളെജ് പഠനത്തോടൊപ്പം ആവശ്യമെങ്കിൽ ഓൺലൈനായി പോലും കോഴ്സുകളെടുക്കാനും, അതിലൂടെ ആർജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ- ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നതും പ്രത്യേകതയാണ്. നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കോഴ്സിന്‍റെ ഭാഗമാകുകയാണ്. അതിനായി സ്വീകരിക്കുന്ന ഇന്‍റേൺഷിപ്പ് അടക്കം ബിരുദം- ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്കു മുതൽക്കൂട്ടാനാവും. ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങാത്ത പഠനമാണു പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത.

അധ്യാപന- പഠന രീതികളിൽ മാത്രമല്ല പരീക്ഷ- മൂല്യനിർണയ രീതികളിലും വലിയ മാറ്റമാണുണ്ടാകുക. കേവലം എഴുത്തു പരീക്ഷയാവില്ല ഇനി എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. വിവിധങ്ങളായ രീതികളിലൂടെ വിദ്യാർഥികളുടെ കഴിവിനെ പരിശോധിക്കുന്ന സംവിധാനമാണു വിഭാവനം ചെയ്തിരിക്കുന്നതത്രേ. പരമാവധി സേവനങ്ങൾ ഓൺലൈനാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ട്. വിദ്യാർഥികളെ സഹായിക്കുന്നതിന് സർവകലാശാലാ- കോളെജ് തലങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവ പുതിയ സംവിധാനത്തിന്‍റെ ഭാഗമാണ്. പ്രൊഫഷണൽ നൈപുണ്യ പരിശീലന ഏജൻസികളുമായി സഹകരിച്ച് നൈപുണ്യ വികസന കോഴ്സുകളും കരിയർ പ്ലാനിങ്ങും നടത്തുന്ന നൈപുണ്യ വികസന കേന്ദ്രങ്ങൾ വിദ്യാർഥികൾക്കു വലിയ ഉപകാരമായി മാറേണ്ടതാണ്.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവു നികത്തുന്നതിന് നൈപുണ്യ വികസന കേന്ദ്രങ്ങൾ സഹായിക്കും. തൊഴിലുമായി ബന്ധപ്പെടുത്തിയുള്ള പഠന രീതി എന്ന നിലയിൽ പുതിയ സംവിധാനം യുവതലമുറയെ ആകർഷിക്കുന്നതുമാവും. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി കുട്ടികളാണ് ഇന്നു കേരളത്തിൽ നിന്ന് ഇതര നാടുകളിലേക്കു പോകുന്നത്. നമ്മുടെ കോളെജുകളിലെ പരമ്പരാഗത ബിരുദ കോഴ്സുകളോടുള്ള താത്പര്യക്കുറവ് വിദ്യാർഥികളിൽ പ്രകടമാണ്. ലോക നിലവാരമുള്ള പഠന രീതിയും സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയാലേ വിദ്യാർഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാവൂ. അതിനുള്ള നല്ല അവസരമായി പുതിയ സംവിധാനത്തെ കാണേണ്ടതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com