
സാമ്പത്തിക വ്യവസ്ഥകളിലെ നാലാം ശക്തി
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ അഭിമാനകരമായ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുകയാണ്. നാലു ട്രില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക വ്യവസ്ഥ എന്ന നേട്ടം രാജ്യം കുറിച്ചുകഴിഞ്ഞു. അതോടെ ജപ്പാനെ മറികടക്കാനും ഇന്ത്യയ്ക്കു സാധിച്ചു. യുഎസ്, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ജർമനിയെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) കണക്കുകൾ ഉദ്ധരിച്ച് നീതി ആയോഗ് സിഇഒ ബി.വി.ആര്‍. സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നുണ്ട്.
2047ഓടെ വികസിത രാജ്യമാവുക എന്നതാണു നമ്മുടെ ലക്ഷ്യം. ഏതാനും ദിവസം മുൻപ് നിതി ആയോഗിന്റെ സമ്പൂർണ യോഗത്തെ അഭിസംബോധന ചെയ്തപ്പോഴും വികസിത ഭാരതം എന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറയുകയുണ്ടായി. ഓരോ സംസ്ഥാനവും ഓരോ നഗരവും ഓരോ ഗ്രാമവും വികസിതമായെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് മോദി മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്യുന്നത്. ഈയൊരു ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുന്നതാണ് സാമ്പത്തിക വ്യവസ്ഥയുടെ പുതിയ നേട്ടം.
സർക്കാരിന്‍റെ വ്യവസായ, സാമ്പത്തിക നയങ്ങളും പ്രോത്സാഹനങ്ങളും വലിയ തോതിലുള്ള നിക്ഷേപം ഒഴുക്കും എല്ലാം ജപ്പാനെ പിന്തള്ളാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. പ്രധാന മേഖലകളില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നാണ് ഐഎംഎഫ് വിലയിരുത്തലുകൾ. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐഎംഎഫ് വിശദീകരിക്കുന്നുണ്ട്. അടുത്ത രണ്ടുവർഷക്കാലം ആറു ശതമാനത്തിലധികം വളർച്ച നേടാൻ കഴിയുന്ന ഏക സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേതാവുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയിട്ടുള്ളത്. 2025ൽ 6.2 ശതമാനവും 2026ൽ 6.3 ശതമാനവും വളർച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥ 2025ൽ 2.8 ശതമാനം വളരുമെന്നാണു നിഗമനം. 2026ൽ മൂന്നു ശതമാനം വളർച്ചയും ആഗോള സാമ്പത്തിക വ്യവസ്ഥയിലുണ്ടാവുമത്രേ. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലിയ നേട്ടമാണ് ഇന്ത്യയ്ക്കുണ്ടാവുക. അതിവേഗ വളർച്ചയ്ക്കുള്ള സാഹചര്യങ്ങൾ ഇന്ത്യയിൽ ഒരുങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളും കരുതുന്നുണ്ട്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.187 ട്രില്യണ്‍ ഡോളറിന്‍റേതെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ട ജപ്പാന്‍റെ സാമ്പത്തിക വ്യവസ്ഥ 4.186 ട്രില്യണ്‍ ഡോളറിന്‍റേതാണ്. മൂന്നാം സ്ഥാനത്തുള്ള ജർമനിയുടെ സാമ്പത്തിക വ്യവസ്ഥ 4.744 ട്രില്യണ്‍ ഡോളറിന്‍റേത്. ഇതു മറികടക്കുക എന്നത് ഇപ്പോഴത്തെ നിലയിൽ സാധ്യമാവുന്ന കാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ പലരും കരുതുന്നുണ്ട്. എന്നാൽ, ഇതിനു വേണ്ടി ഊർജിതമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. സാമ്പത്തിക പരിഷ്കാരങ്ങളും വലിയ തോതിൽ തുടരേണ്ടിവരും. അഞ്ചു ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇന്ത്യ എത്തുന്നതു നിരവധി വിദഗ്ധർ കാത്തിരിക്കുന്നുണ്ട്. എന്നാൽ, ലോകത്തെ ഒന്നാമത്തെ സാമ്പത്തിക വ്യവസ്ഥയായ യുഎസിനെയും രണ്ടാമതുള്ള ചൈനയെയും മറികടക്കാൻ ഇനിയും ഏറെ മുന്നോട്ടുപോകണം. 30.507 ട്രില്യണ്‍ ഡോളറിന്‍റേതാണ് അമെരിക്കയുടെ സാമ്പത്തിക വ്യവസ്ഥ; ചൈനയുടേത് 19.231 ട്രില്യണ്‍ ഡോളറിന്‍റേതും. ഇപ്പോഴുള്ളതിന്‍റെ പലമടങ്ങ് വളർച്ച ഈ രാജ്യങ്ങൾക്കൊപ്പമെത്താൻ ആവശ്യമാണ്.
സാമ്പത്തിക വ്യവസ്ഥയുടെ വളർച്ച ആഹ്ലാദകരവും അഭിമാനകരവുമാണ് എന്നു പറയുമ്പോൾ തന്നെ ഏറെ മെച്ചപ്പെടേണ്ടതായ ചില വസ്തുതകളും ഒപ്പം കാണേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ എന്നതിനാൽ ജിഡിപി വളർച്ച വീതം വയ്ക്കുമ്പോൾ നമ്മുടെ പ്രതിശീർഷ ജിഡിപി വളരെ കുറവാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വലുതാണ് എന്നതു കൊണ്ട് പാവപ്പെട്ടവരുടെ അവസ്ഥയും വളരെ ദയനീയമാണ്. സമ്പന്നർ കൂടുതൽ സമ്പന്നരായതുകൊണ്ടുള്ള വളർച്ചയല്ല എല്ലാവർക്കും പുരോഗതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന വളർച്ചയാണ് ഇന്ത്യയ്ക്ക് ആവശ്യം. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വളർച്ച മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു എന്നു സാരം. ഐഎംഎഫ് കണക്കുകൾ അനുസരിച്ച് ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം 2013-14ലെ 1,438 ഡോളറിൽ നിന്ന് 2,880 ഡോളറായി വർധിച്ചിട്ടുണ്ട്. ഒരു ദശകക്കാലം കൊണ്ട് ആളോഹരി വരുമാനം ഇരട്ടിയായി എന്നതാണ് ഇതു കാണിക്കുന്നത്.
എന്നാൽ, യുഎസിന്‍റെയും ചൈനയുടെയും ജർമനിയുടെയും ജപ്പാന്‍റെയും മാത്രമല്ല മറ്റു നിരവധി രാജ്യങ്ങളുടെ പ്രതീശീർഷ വരുമാനം ഇന്ത്യയുടേതിനെക്കാൾ വളരെ വലുതാണ്. പൗരന്മാരുടെ ശരാശരി വരുമാനത്തിന്‍റെ കാര്യത്തിൽ നൂറിലേറെ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്കു മുന്നിലുണ്ട്. ലോകത്ത് അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് നേരത്തേ ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോർട്ടുണ്ടായിരുന്നു. ആഗോള പട്ടിണി സൂചികയിലും ഇന്ത്യയുടെ സ്ഥാനം മോശമാണ്. വികസനത്തിന്‍റെ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇനിയുമേറെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.