വയനാട്: കേന്ദ്ര സഹായത്തിന് തുടർന്നും സമ്മർദം വേണം

കേന്ദ്ര സഹായമായി 2,200ലേറെ കോടി രൂപയാണു കേരളം ചോദിച്ചിരുന്നത്.
Wayanad: Continued pressure is needed for central assistance

വയനാട്: കേന്ദ്ര സഹായത്തിന് തുടർന്നും സമ്മർദം വേണം

Updated on

വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിൽ കഴിഞ്ഞവർഷം ജൂലൈ 30നു പുലർച്ചെയുണ്ടായ‌ ഉരുൾപൊട്ടൽ കേരളം നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ്. 298 പേർക്കു ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ നിരവധി കുടുംബങ്ങളാണു സർവതും നഷ്ടപ്പെട്ട അവസ്ഥയിലായത്. കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും തകർത്തു കളഞ്ഞത് എത്രയോ പേരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരും തങ്ങളുടേതായ സമ്പാദ്യമൊക്കെയും ഒലിച്ചുപോയവരും ഇനി എങ്ങനെ ജീവിക്കുമെന്നറിയാതെ പകച്ചു നിൽക്കുന്നവരുമായ നിരവധി നിസഹായരെയാണു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരേണ്ടതായി വന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുകയാണ്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു. അഞ്ചു സോണുകളിലായി നാനൂറിലേറെ വീടുകൾ ടൗൺഷിപ്പിന്‍റെ ഭാഗമാണ്. ഏറ്റവും വേഗത്തിൽ ഈ വീടുകളുടെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്.

മാത്രമല്ല ജീവനോപാധി നഷ്ടമായവർക്കുള്ള സഹായം, ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള സഹായം എന്നിങ്ങനെ പല തരത്തിലുള്ള സഹായങ്ങൾ ദുരന്തബാധിതർക്കു ലഭ്യമാവേണ്ടതുണ്ട്. ദുരന്തഭൂമിയുടെ പുനർ നിർമാണം വലിയ പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും എത്രയോ കോടികൾ ആവശ്യമായി വരുന്നതാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ സഹായം ചെറിയ തോതിലൊന്നുമല്ല വയനാട് പ്രതീക്ഷിക്കുന്നത്. പക്ഷേ, ആ നിലയ്ക്കൊരു സഹായത്തിനു കേന്ദ്ര സർക്കാർ തയാറാവുന്നില്ല എന്നാണു കാണുന്നത്. തീർച്ചയായും അതു നിരാശാജനകമാണ്. ദുരന്തത്തിനു ശേഷം ഒരു വർഷക്കാലമത്രയും കേന്ദ്ര സഹായത്തിനു വേണ്ടി കേരളം കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അനുവദിച്ചത് ഒട്ടും തൃപ്തിപ്പെടുത്തുന്ന തുകയല്ല. കേരളത്തെ അവഗണിച്ചുവെന്ന പരാതി സംസ്ഥാന സർക്കാരും നേതാക്കളും ഉന്നയിക്കുന്നുണ്ട്. തുടർന്നും കേന്ദ്രത്തിൽ സമ്മർദം ചെലുത്തി കൂടുതൽ തുക വാങ്ങിയെടുക്കാനാണു ശ്രമിക്കേണ്ടത്. അതിനു നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തുണ്ടാവണം.

കേന്ദ്ര സഹായമായി 2,200ലേറെ കോടി രൂപയാണു കേരളം ചോദിച്ചിരുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ചതോ 260.56 കോടി രൂപ മാത്രം. സംസ്ഥാനത്തിന്‍റെ ആവശ്യത്തിന്‍റെ എട്ടിലൊന്നുപോലും കേന്ദ്രം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ കണക്കും പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങളും എല്ലാം ചേർത്ത് കേന്ദ്രത്തിന് ആവശ്യമായ മുഴുവൻ രേഖകളും സമർപ്പിച്ചതാണെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാരിനു ബോധ്യമാവാത്തതെന്ന ചോദ്യം അവശേഷിക്കുന്നു. ദുരന്തങ്ങളിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കളികൾക്കു പ്രസക്തിയില്ല. ജനങ്ങളുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്നു വലിയ തോതിലുള്ള സഹായമാണ് വയനാടിനു വേണ്ടി ലഭിച്ചിട്ടുള്ളത്. എന്നാൽ, ദുരന്തബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര സർക്കാർ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന പരാതി തുടക്കം മുതലേയുണ്ട്.

ആദ്യം 1,202.12 കോടി രൂപയുടെ അടിയന്തര സഹായം കേരളം അഭ്യർഥിച്ചിരുന്നതാണ്. പ്രാഥമിക വിലയിരുത്തൽ നടത്തിയ ശേഷമായിരുന്നു ഇത്. എന്നാൽ, അടിയന്തര സഹായമൊന്നും അനുവദിച്ചില്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങളുണ്ടായ ത്രിപുരയ്ക്ക് അടിയന്തര സഹായം അനുവദിച്ചപ്പോഴും കേരളത്തെ പരിഗണിച്ചില്ല. വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ഏറെ വൈകിയാണു കേന്ദ്രം അതിനു തയാറായത്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര സഹായം ലഭിക്കാനുള്ള സാധ്യതകൾ ഇല്ലാതായെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നുണ്ട്.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള കേരളത്തിന്‍റെ അഭ്യർഥനയും കേന്ദ്രം പരിഗണിക്കുന്നില്ല. പലതവണ ഈ ആവശ്യം കേരള സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തിരുന്നു.

ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന വിഷയം ഹൈക്കോടതിയിലുമെത്തിയതാണ്. കോടതിയിൽ നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാണിക്കുകയാണു കേന്ദ്ര സർക്കാർ ചെയ്തത്. ഗുരുതരമായ ദുരന്തങ്ങൾക്ക് ഇരയാകുന്ന വ്യക്തികളുടെ വായ്പകൾ എഴുതിത്തള്ളാനോ പുതിയ വായ്പകൾ നൽകാനോ ബാങ്കുകളോടു ശുപാർശ ചെയ്യാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് അധികാരം നൽകുന്ന വകുപ്പ് ദുരന്ത നിവാരണ നിയമത്തിൽ നിന്ന് നീക്കം ചെയ്തുവെന്നാണു കേന്ദ്രം കോടതിയിൽ പറഞ്ഞത്. ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവന്നത് ഈ വർഷം മാർച്ചിലാണ്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല. എന്നിട്ടും ഇതുപറഞ്ഞ് വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള സാധ്യത അടയ്ക്കുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. ദുരന്തബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയ രീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനു വായ്പ എഴുതിത്തള്ളിക്കൂടാ എന്നു കോടതി ആവർത്തിച്ചു ചോദിക്കുകയുണ്ടായി. ഇതിനിടെ, വയനാട് പുനരധിവാസത്തിനായി 529.50 കോടി രൂപയുടെ വായ്പ കേന്ദ്രം അനുവദിക്കുകയുണ്ടായി. 50 വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയാണിത്. ഇത്തരത്തിലുള്ള വായ്പ സംസ്ഥാനത്തിന് ആശ്വാസമാണെങ്കിലും അത് തിരിച്ചടയ്ക്കേണ്ടതില്ലാത്ത സഹായത്തിനു തുല്യമാവുന്നില്ല. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിൽ എല്ലാ ഭാഗത്തുനിന്നും പരമാവധി സഹകരണം ലഭിക്കേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com