
രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് ദിവസം ചെല്ലുന്തോറും ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റിയെന്നുവരെ പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വരെ പറഞ്ഞ ഒരു സാഹചര്യവും ഉണ്ടായി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍ക്കുന്ന ദയനീയ കാഴ്ചയും നമ്മള് കണ്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റിയെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതായിരുന്നു ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളുമെന്നും പറയാതെ വയ്യ. ഈ വിഷയം വലിയ ചര്‍ച്ചയായി സമൂഹത്തില്‍ ഉണ്ടായ സാഹചര്യത്തിലാണു രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി ഇറങ്ങിത്തിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് രാഹുല്‍ ഗാന്ധി നടത്തിയ പദയാത്ര ഒരു വലിയ ചലനം ഉണ്ടാക്കി എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വെന്റിലേറ്ററില്‍ കിടക്കുകയായിരുന്ന കോണ്‍ഗ്രസിന് ചെറിയ ചലനമുണ്ടാക്കി എന്നതില്‍ കവിഞ്ഞ് ഒരു മാറ്റവും ജോഡോ യാത്രയില്‍ ഉണ്ടായില്ല. അപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത് കോണ്‍ഗ്രസ് വെന്റിലേറ്ററില്‍ തന്നെയെന്ന് എന്നാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം എന്ന് ഇപ്പോള്‍ ചര്‍ച്ച നടക്കുന്ന പ്രസംഗം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയെയും നികുതി വെട്ടിപ്പ് നടത്തിയ ഐപിഎല്‍ ചെയര്മാന് ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചു നടത്തിയ പ്രസംഗമാണ് രാഹുലിനെതിരേ മാനനഷ്ടക്കേസിലേക്കു നയിച്ചത്. കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വിവാദ പരാമര്‍ശം. നീരവ് മോദിയിലും ലളിത് മോദിയിലു, നരേന്ദ്രമോദിയിലുമെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ് എന്നും, എല്ലാ കള്ളന്മാരുടെയും പേരിനോടൊപ്പം മോദി എങ്ങനെ വന്നു എന്നും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും എന്നും രാഹുൽ പറഞ്ഞു. ഇതു മോദി സമുദായക്കാരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂററ്റ് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ആയ പൂര്‍ണേഷ് മോദി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. രാഹുലിന്റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കി എന്നും മോദി സമുദായത്തോടുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്.
രാഹുല്‍ പ്രസംഗിച്ചത് കര്‍ണാടകയില്‍ ആണെങ്കിലും കേസ് നടന്നത് ഗുജറാത്തിലാണ് എന്നത് കൗതുകം നിറഞ്ഞ കാര്യമാണ്. രാഹുലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി കേസ് വാദം കേട്ടു. കേസ് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് വാദി കൂടിയായ പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയും വിചാരണ നിര്‍ത്തിവയ്പ്പിക്കുകയും ഉണ്ടായി. വാദി തന്നെ വിചാരണ നിര്‍ത്തിവയ്പ്പിക്കുകയും വാദിയുടെ ആവശ്യപ്രകാരം വിചാരണ തുടരുകയും തുടരുകയും ചെയ്തത് നിയമരംഗത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. ഇതിന്റെ കാരണം അജ്ഞാതമാണെങ്കിലും അതിന്റെ രാഷ്ട്രീയം സമൂഹത്തിന് അറിവുള്ള കാര്യവുമാണ്. അന്തിമവാദം കേട്ടതിനു ശേഷം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് സൂററ്റിലെ ചീഫ് മജിസ്ട്രേറ്റ് എച്ച്.എച്ച്. വര്‍മ വിധി പ്രസ്താവിച്ചു. വിധി പ്രസ്താവിച്ച ഉടനെ തന്നെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്ന ഒരു വിചിത്രമായ നടപടിയും ഉണ്ടായി എന്നുള്ളത് ലോകം കണ്ടതാണ്.
രാഹുലിന് അയോഗ്യത കല്‍പ്പിച്ച വിധിയില്‍ ഒരു പേര് പരാമര്‍ശിക്കുന്നുണ്ട്. മലയാളിയായ അഡ്വക്കെറ്റ് ലില്ലി ഇസബെല്‍ തോമസ്. തെരഞ്ഞെടുപ്പ് നിയമത്തില്‍, 'ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുക്കപ്പെടുന്നത് തടയുന്നതിനുള്ള നിയമം' കൊണ്ടുവന്നത് അവരുടെ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. ലില്ലി തോമസ് കേസ് 2013 ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ വീക്ഷണകോണില്‍ നിന്ന് പ്രാധാന്യമര്‍ഹിക്കുന്നു. ലില്ലി തോമസ് നിലവിലെ നിയമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനുമായി ഇന്ത്യയിലെ പരമോന്നത കോടതിയിലും പ്രവിശ്യാ കോടതികളിലും അപേക്ഷകള്‍ സമര്‍പ്പിച്ച ഒരു ഇന്ത്യന്‍ അഭിഭാഷകയായിരുന്നു. തോമസിന്റെ ഹര്‍ജികള്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ സ്ഥാനാർഥികളാക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമനിർമാണത്തിലെ ഭേദഗതികള്‍ക്കും അതുപോലെ തന്നെ ഒരു പുതിയ വിവാഹ ചട്ടം സ്ഥാപിക്കുന്നതിനും നിയമനിര്മ്മാതാക്കള്ക്കുള്ള സംരക്ഷണത്തിനും കാരണമായി. ജനപ്രാതിനിധ്യ നിയമം പരിഷ്കരിക്കാന്‍ അഭ്യർഥിച്ചതിന് തോമസ് പ്രശംസിക്കപ്പെട്ടു. പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ട ആദ്യ പാര്‍ലമെന്റ് അംഗം റഷീദ് മസൂദാണ്. 2013 ഒക്റ്റോബർ ഒന്നിനു, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ക്ക് നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടപ്പോഴായിരുന്നു റഷീദ് മസൂദിന് സഭാംഗത്വം നഷ്ടമായത്. പിന്നീട് പല കോടതികളിലും ലില്ലി ഇസബെല്‍ തോമസ് എന്ന അഭിഭാഷക നടത്തിയ നിയമ പോരാട്ടം ചര്‍ച്ചയായി. അവര്‍ നേടിയെടുത്ത വിധി പലരുടെയും തെരഞ്ഞെടുപ്പ് അസാധുവാക്കി.
മണിപ്പൂര്‍ കലാപം ശക്തമായി അപലപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് 2019ലെ കര്‍ണാടകയില്‍ നടന്ന ഒരു ഇലക്ഷന് പ്രചരണത്തിലെ പ്രസംഗത്തെ ചൊല്ലി രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതും സുപ്രീം കോടതി ഇടപെട്ട് അയോഗ്യത നീക്കിയതും. ബിജെപിക്ക് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി തന്നെ വേണം ഈ വിധിയെ കണക്കാക്കുവാന്‍. കാരണം വെന്റിലേറ്ററില്‍ മരണാസന്നനായി കിടന്ന കോണ്‍ഗ്രസിനെ ഉണര്‍ത്താൻ ഈ വിധി സഹായിച്ചു. അയോഗ്യനാക്കുന്നതിന് മുപുള്ള രാഹുല്‍ ഗാന്ധിയെക്കാള്‍ ശക്തനായ രാഹുല്‍ ഗാന്ധിയാണ് ഇപ്പോൾ എന്നു നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇരട്ടി ശക്തിയോടു കൂടിയ രാഹുല്‍ഗാന്ധി പാര്‍ലമെന്റിലേക്ക് വരുന്നു എന്നുള്ളത് പ്രതിപക്ഷത്തിന്റെ കൂട്ടായ്മയായ ഇന്ത്യയ്ക്ക് പോലും ആവേശം ഉണ്ടാക്കും. രാഹുലിന്റെ അയോഗ്യത പ്രതിപക്ഷ ഐക്യമായ ഇന്ത്യ വലിയ ചര്‍ച്ചാവിഷയമാക്കിയതിനു പിന്നാലെയാണ് അനുകൂലമായ വിധി ഉണ്ടാകുന്നത് എന്നുള്ളതും നാം ഇവിടെ കാണേണ്ടിയിരിക്കുന്നു.
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തുന്നത് മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് എന്നുള്ളത് അതിന്റെ ഗൗരവം കൂട്ടുന്ന ഒന്നാണ് മണിപ്പുര്‍ സന്ദര്‍ശിച്ച് അവിടെ കലാപത്തില്‍ വേദന അനുഭവിക്കുന്ന ജനസമൂഹത്തിനിടയില്‍ നടന്നതിനുശേഷം ആണ് രാഹുല്‍ പാര്‍ലമെന്റിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞു കേട്ട അറിവുകളല്ല അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോകുന്നത് എന്നതാണ് അതിന്റെ സവിശേഷത. അദ്ദേഹം കണ്ടറിഞ്ഞ നേരനുഭവങ്ങള്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട. ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തീയ സമൂഹം വളരെ ശക്തമായ നിലയിലാണ് എന്നുള്ളത് കൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും. രാഹുല്‍ എന്തുപറഞ്ഞാലും അത് നിലവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായിരിക്കും എന്ന് ഉറപ്പാണ്. ലോകജനത ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ക്ഷതം നരേന്ദ്രമോദിക്കും ബിജെപിക്കും ആയിരിക്കും. ബിജെപി നേതൃത്വത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യയിലാക്കി എന്നുള്ളത്. ഈ യാഥാര്‍ത്ഥ്യം വളരെ വൈകി മാത്രമാണ് ബിജെപി തിരിച്ചറിഞ്ഞത്.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതും വലിയ തിരിച്ചടിയാണെന്നു വളരെ വൈകി മാത്രമാണ് ബിജെപി തിരിച്ചറിഞ്ഞത്. മണിപ്പുരില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാകാന്‍ പോകുന്നത് കേരളത്തിലും, ഗോവയിലും മറ്റുമാണ് എന്നുള്ളത് നാം അറിയണം. കേരളത്തിലെ വ്യത്യസ്ത ക്രൈസ്തവ സഭകള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അവസരത്തിലാണ് മണിപ്പൂര്‍ സംഭവം ഉണ്ടാകുന്നത്. ഇത് കേരളത്തിലെ ക്രൈസ്തവ സഭകളെ ബിജെപിയില്‍ നിന്ന് അകറ്റുവാന്‍ മാത്രമാണ് സഹായിച്ചിട്ടുള്ളത്. കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഗണപതി നിന്ദ വിവാദവും, എന്‍എസ്എസ് ഏറ്റെടുത്ത ഗണപതിനാമജപ ഘോഷയാത്രയും ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. കേരളം ശാസ്ത്ര രംഗത്ത് വളരെ പുരോഗതി നേടിയ പ്രദേശമാണ് എന്നതാണ് അതിന് കാരണം.