ഇതു തീരാനഷ്ടം

മഹാരാഷ്‌ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ.
Ajit Pawar

അജിത് പവാർ

File photo

Updated on

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ ഓർമകൾ മായും മുൻപേയാണ് മറ്റൊരു വിമാന ദുരന്തം ഒരു പ്രമുഖ ഭരണാധികാരിയുടെ, രാഷ്‌ട്രീയ നേതാവിന്‍റെ കൂടി ജീവനെടുക്കുന്നത്. മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിൽ ബാരാമതി വിമാനത്താവളത്തിനു സമീപം ചെറു ബിസിനസ് ജെറ്റ് വിമാനം തകർന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും മറ്റു നാലു പേരും മരിച്ചത് ഇന്നലെ രാവിലെയാണ്.

അജിത്തിനെ കൂടാതെ പെഴ്സണൽ സെക്യൂരിറ്റി ഓഫിസർ, അറ്റൻഡന്‍റ്, രണ്ടു വിമാന ജോലിക്കാർ എന്നിവരും മരിച്ചു. തകർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്നപ്പോൾ ആരും രക്ഷപെട്ടില്ല. ഡൽഹി ആസ്ഥാനമായ വിഎസ്ആർ വെഞ്ച്വേഴ്സ് എന്ന ഏവിയേഷൻ സ്ഥാപനത്തിന്‍റെ ലിയർജെറ്റ് വിമാനമാണ് അജിത് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്.

ഫെബ്രുവരി 5നു നടക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളെ അഭിസംബോധന ചെയ്യാൻ രാവിലെ മുംബൈയിൽ നിന്ന് എൻസിപിയുടെ തട്ടകമായ ബാരാമതിയിലേക്കു യാത്ര തിരിച്ചതാണ് അദ്ദേഹം. യാത്രയുടെ അവസാന നിമിഷങ്ങളിലുണ്ടായ അപ്രതീക്ഷിത ദുരന്തം അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും ഈ ലോകത്തുനിന്നു തന്നെ യാത്രയാക്കി.

ദീർഘകാലമായി മഹാരാഷ്‌ട്രാ രാഷ്‌ട്രീയത്തിൽ പ്രമുഖ സ്ഥാനത്തുള്ള അജിത് പവാറിന്‍റെ വിയോഗം ആ സംസ്ഥാനത്തിനു തീരാനഷ്ടമാണ്. ദേശീയതലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. എന്‍സിപി സ്ഥാപക നേതാവായ ശരദ് പവാറിന്‍റെ സഹോദര പുത്രൻ എന്ന നിലയിൽ രാഷ്‌ട്രീയത്തിൽ തുടക്കം കുറിച്ച് പിന്നീടു സംസ്ഥാന രാഷ്‌ട്രീയത്തിൽ നിറയുകയായിരുന്നു.

മഹാരാഷ്‌ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നു. പൃഥ്വീരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിലായി ആറു തവണ ഉപമുഖ്യമന്ത്രിയായി. കുറച്ചുകാലം നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു. ബാരാമതി മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1991 മുതൽ 8 തവണ ബാരാമതിയിലെ എംഎൽഎയായി. ഇപ്പോഴത്തെ ഫഡ്നാവിസ് സർക്കാരിൽ ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം അടുത്ത മാസം സഭയിൽ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയായിരുന്നു. കരിമ്പു കർഷകർക്കും സഹകരണ മേഖലയ്ക്കും പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. 1982ൽ കോ ഓപ്പറേറ്റിവ് ഷുഗർ ഫാക്റ്ററി ബോർഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടുകൊണ്ട് രാഷ്‌ട്രീയ രംഗത്തു സജീവമായ അജിത് 4 പതിറ്റാണ്ടിലധികം പൊതുരംഗത്തു നിറഞ്ഞു നിന്നു.

ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള രാഷ്‌ട്രീയ തന്ത്രങ്ങൾ ശരദ് പവാറിനെപ്പോലെ അജിത് പവാറിനും സ്വന്തമായിരുന്നു. 2023ൽ എന്‍സിപി പിളർന്ന് രണ്ടുപേരും രണ്ടു പാർട്ടികളെ നയിക്കുന്നവരായി മാറിയ ശേഷവും കുടുംബബന്ധങ്ങൾ മോശമാവാതെ നിലനിർത്താൻ അവർക്കു കഴിഞ്ഞു. അടുത്തിടെ പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരു പവാറുമാരുടെയും എൻസിപികൾ സഖ്യത്തിൽ മത്സരിച്ചിരുന്നു.

ഇരു പാർട്ടികളും ഒന്നിക്കാൻ പോകുന്നു എന്ന ചില റിപ്പോർട്ടുകളും അടുത്തിടെയുണ്ടായിരുന്നു. അജിത്തിന്‍റെ അഭാവത്തിൽ അദ്ദേഹം നയിച്ചിരുന്ന എൻസിപിയുടെ ഭാവിയെന്താവും എന്ന ചോദ്യം ഉയരുന്നുണ്ട്. രണ്ട് എൻസിപികളും തമ്മിലുള്ള ലയനത്തിനുള്ള സാധ്യതകളും പൂർണമായി തള്ളിക്കളയാനാവില്ല. വരുംകാല രാഷ്‌ട്രീയം എന്തു തന്നെയായാലും അജിത് പവാറിന്‍റെ വിയോഗം എൻസിപിയെ വല്ലാതെ ഉലയ്ക്കുന്നതു തന്നെയാണ്.

അപകടകാരണമെന്ത് എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചു. പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ശാംഭവി പഥക് എന്നിവർ ബിസിനസ് ജെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളായിരുന്നു എന്നാണ് അറിയുന്നത്. സഹാറ, ജെറ്റ്‌ലൈൻ, ജെറ്റ് എയർവേയ്സ് എന്നിവയിലും ദീർഘകാല പരിചയമുള്ള ക്യാപ്റ്റനായ സുമത് ജോലി ചെയ്തിട്ടുണ്ട്.

സൈനിക ഉദ്യോഗസ്ഥന്‍റെ മകളാണ് യുവ പൈലറ്റായ ശാംഭവി. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന വിമാനത്തിനു പറന്നുയരും മുൻപ് സാങ്കേതികത്തകരാറുകൾ ഉണ്ടായിരുന്നില്ലെന്ന് വിഎസ്ആർ ഏവിയേഷൻ അവകാശപ്പെടുന്നുണ്ട്. മോശം കാലാവസ്ഥയും കാഴ്ചക്കുറവും പ്രശ്നങ്ങളായിരിക്കാം എന്നാണ് അവർ കരുതുന്നത്. പൈലറ്റിനു റൺവേ വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയുണ്ടായോ എന്നതടക്കം സംശയങ്ങളുണ്ട്. പൈലറ്റിൽനിന്ന് മേയ് ഡേ കോൾ ഉണ്ടായില്ലെന്ന് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറയുന്നു. വിശദമായ അന്വേഷണത്തിലേ എല്ലാ കാര്യങ്ങളും വ്യക്തമാകൂ.

കഴിഞ്ഞ വർഷം ജൂണിലാണ് അഹമ്മദാബാദിൽ രാജ്യം നടുങ്ങിയ വലിയ വിമാന ദുരന്തം ഉണ്ടാവുന്നത്. 230 യാത്രക്കാരും 12 വിമാന ജോലിക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളം പോലെ കത്തിവീഴുകയായിരുന്നു. അതിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. ‌ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ആ അപകടത്തിൽ കൊല്ലപ്പെട്ടു.

പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭ, മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പുത്രൻ സഞ്ജയ് ഗാന്ധി, സീനിയർ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മാധവ റാവു സിന്ധ്യ, തെലുങ്കു ദേശം നേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന ജി.എം.സി. ബാലയോഗി, ഹരിയാന മന്ത്രിമാരായിരുന്ന വ്യവസായി ഓം പ്രകാശ് ജിൻഡാൽ, സുരേന്ദർ സിങ്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡു, സംയുക്ത സേനാ മേധാവി ജനറൽ വിപിൻ റാവത്ത്, ബിജെപി നേതാവും നടിയുമായ സൗന്ദര്യ തുടങ്ങി നിരവധി പ്രമുഖരെ നമുക്കു വിമാന ദുരന്തങ്ങളിൽ നഷ്ടമായിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകളും കർശനമായ സുരക്ഷാ നടപടികളും ആകാശയാത്ര സുരക്ഷിതമാവാൻ സഹായിച്ചിട്ടുണ്ട്. അപ്പോഴും വിലപ്പെട്ട ചില നഷ്ടങ്ങൾ ഉണ്ടാവുന്നു എന്നതു വേദനാജനകമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com